2015, ജൂൺ 18, വ്യാഴാഴ്‌ച

''നാലു ചുവരുകള്‍ക്കുള്ളില്‍''

                                              



                         
                                                       " രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ പടര്‍ന്നു..അങ്ങിനെ ഒരു സ്വപ്നം കണ്ടാണ്‌ ഇന്ദു കിടക്കയില്‍ നിന്നും ചാടി ഉണര്‍ന്നത്..കണ്ട സ്വപ്നം സത്യമാകാതിരിക്കാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും..ഒരു വലിയ ദുഃഖം അവള്‍ക്ക് നല്കാന്‍ യാഥാര്‍ത്ഥ്യം കാത്ത് നില്‍ക്കുകയായിരുന്നു..എഴുന്നേറ്റ് അലമാരയില്‍ നിന്നും ദേഷ്യത്തോടെ അതിലേറെ ദുഖത്തോടെ "അത്" തിരയുമ്പോള്‍ ലൈറ്റ് തെളിഞ്ഞു..ഭര്‍ത്താവ്.അയാളുടെ മുഖത്ത് എല്ലാ മാസവും കാണാറുള്ള അതേ പരിഹാസം.."ഒടുവില്‍ അലമാരയില്‍ നിന്നും "അത്" കണ്ടെടുത്ത് ബാത്ത്‌റൂമിലേക്ക്  പോകുമ്പോള്‍  അയാളുടെ ശബ്ദം പുറകില്‍..
          
                  "അപ്പോള്‍ ആ പൈസയും പോയി കിട്ടി.."re proctive surgery"..മാങ്ങാ
തൊലി..പൊളി സിസ്ടിക് ഓവറി..എന്‍റെ സംശയം ഓവറി  തന്നെ ഉണ്ടോന്നാ..?"

                                                     ദേഷ്യം, അയാളോടുള്ള വെറുപ്പ് എല്ലാം തികട്ടി വന്നിട്ടും ഒന്നും പറയാതെ ബാത്ത് റൂമിലേക്ക്..വാഷ് റൂമില്‍ കയറി ഉറക്കെ കരഞ്ഞു.കാലം കുറേ ആയി ഈ അപമാനം സഹിക്കുന്നു. എല്ലാ മാസവും പിരീയ്ട്സ് ആകുമ്പോള്‍ കേട്ടു തുടങ്ങും കുത്ത് വാക്കുകള്‍..പതിനേഴ്‌ വര്‍ഷം ..അതിലെ ഓരോ മാസവും വേദനയുടെ ഒപ്പം അപമാനത്തിന്റെ ശാപ ദിനങ്ങള്‍..ദൈവം തന്ന ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹമില്ല..അതിനാല്‍ എല്ലാം കേട്ട് സഹിച്ച് ജീവിക്കുന്നു..പല വട്ടം പ്രതികരിച്ചു..അത് നയിച്ചത് മര്‍ദ്ദനത്തിലേക്ക്..അയാള്‍ എന്നും പറയുന്ന   ചില വാചകങ്ങള്‍  അതായിരുന്നു മനസ്സിനെ ഏറെ വേദനിപ്പിച്ചത്..

                    "എരുമ തിന്ന് കൊഴുത്ത് മച്ചിയായി..എന്‍റെ കഴിവ് കേടല്ല..ഞാന്‍ കഴിവ് പല വട്ടം തെളിയിച്ചതാ..കല്യാണത്തിന് മുന്‍പ്.ആ കഥ അറിയാമല്ലോ?
വെറുതെ ഞാനൊന്ന്‍ ഉടുമുണ്ട് ഊരി കുടഞ്ഞാല്‍..അത് മതി ശരിയായ പെണ്ണിന് കുളി  തെറ്റാന്‍.."

                                                     കേട്ട് കേട്ട് സഹനം ഒരു പരിധിയ്ക്ക് അപ്പുറം കടന്നപ്പോള്‍  ഒരിക്കല്‍ തിരിച്ച് പറഞ്ഞു..പറയേണ്ടി വന്നു..

           "സ്വന്തം വീട്ടുകാരുടെ മുന്നില്‍ പെങ്ങന്മാരുടെ മുന്നില്‍  ഉടുമുണ്ട് ഊരി കുടഞ്ഞിട്ടുണ്ടോയെന്ന്??

                                                  മറുപടി കിട്ടിയത് തലയില്‍ ആറു സ്ടിച്ചുകള്‍...മനസ്സ് ഉന്മാദത്തിലേക്ക് വഴുതി വീഴുമെന്നു പല വട്ടം തോന്നി.അത്രക്കും ടോര്‍ച്ചര്‍ ചെയ്യുന്ന ചില ദിനങ്ങള്‍.ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത വാക്കുകള്‍...
 അസഹനീയമായ അപമാനങ്ങള്‍. പ്രസവിക്കാന്‍ കഴിയാതെ പോയത് ഒരപരധമായി,ചതിയായി അയാളും, അയാളുടെ കൂടെയുള്ളവരും..ഒരു ജോലി ഉണ്ടായത് ഏക ആശ്വാസം. "വിശേഷം ചോദിക്കുന്നവരുടെ എണ്ണം പണ്ടത്തേക്കാള്‍ കുറവാണ്.''.ചോദിച്ച് മടുത്ത് കാണും. ഒരിക്കല്‍ നല്ല സ്നേഹത്തില്‍ അയാളോട്  ചോദിച്ച ചോദ്യം, അതിനു കിട്ടിയ ഉത്തരം വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല..

                  "നോക്കൂ..നമുക്കൊരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയാലോ??ഞാന്‍ ബാലഭവനില്‍ പോയപ്പോള്‍ കണ്ടു..അതും കൊച്ചു കുഞ്ഞുങ്ങളെ.."

                 "കണ്ടവന്റെ മക്കളെ വളര്‍ത്തേണ്ട ഗതികേട് എനിക്കില്ല..നിന്റെ കഴിവ് കേട് ..അറിയാമല്ലോ എന്‍റെ കൌണ്ട് ആന്‍ഡ്‌ കാലിബര്‍ എന്താണെന്ന്‍..ദത്ത് വേണ്ടാ..നീയൊന്നു സമ്മതിച്ചാല്‍ മതി..വീണ്ടും ഒരു കല്യാണത്തിന്..പത്ത് മാസം കൊണ്ട് സംഗതി നടത്തി ഞാന്‍ കാണിച്ച് തരാം..എന്തായാലും എന്‍റെ  കൊഴപ്പമല്ല.....

                                                         മുഴുവന്‍ കേള്‍ക്കാന്‍ നിലക്കാതെ കാതുകള്‍ പൊത്തി.ദേഷ്യം വന്ന്‍ പുറത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു വീണ്ടും വിഷം പുരണ്ട വാക്കുകള്‍..

                 " ഇനിയൊരു ഓവറി ട്രാന്‍സ്പ്ലാന്റ് പ്ലാന്‍ ചെയ്യുന്നോ...അതും കാണും നിന്റെ കൊടുങ്ങല്ലൂര്‍ കുട്ടികള്‍ നിര്‍മ്മിച്ച് കൊടുക്കും കേന്ദ്രത്തില്‍..ഇല്ലാത്ത സാധനം വെച്ച് പിടിപ്പിക്കാന്‍ പോലീസ് ഏമാത്തി ശ്രമിച്ച് നോക്ക്...മച്ചി പന്നി"

                                                        ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്ന് യൂണിഫോം ധരിക്കുമ്പോള്‍ അയാള്‍ യോഗാസനം ചെയ്യുന്നു..കണ്ണുമടച്ച് മുനിയെ പോലെ ഇരിക്കുന്നു..സര്‍വീസ്സ്  റിവോള്‍വര്‍ കൊണ്ട് ആ തല തകര്‍ക്കാന്‍ തോന്നി.സ്ത്രീ വെറുമൊരു ഉപകരണം മാത്രമായി കാണുന്ന അതി സമര്‍ത്ഥനായ, തിരക്കുള്ള എഞ്ചിനിയര്‍.പ്രസവിച്ച ഉദരത്തോട് പോലും നീതി കാട്ടാതെ സമൂഹത്തിന് മുന്നില്‍ "ലയന്‍സ് ക്ലബ് ചെയര്‍മാനായി" അഭിനയിക്കുന്ന  വെറുമൊരു പകല്‍ മാന്യന്‍.കണ്ണുകള്‍ അടച്ചിട്ടും അയാളുടെ വായ നിശബ്ദമായില്ല..ഇന്ദുവിന്റെ മനസ്സിനെ വീണ്ടും മുറിവുകള്‍ നല്കി  ചില വാക്കുകള്‍..

                "ഒരു മ്യൂച്ചല്‍ പെറ്റീഷന്‍ കൊടുക്കാന്‍ പോലീസ് എരുമ വേഗം  തയ്യാറായിക്കോ...കുടംബകോടതിയില്‍....എന്‍റെ തലമുറ അന്യം നിന്ന് പോകുന്നത് നിന്റെ കഴിവ് കേട് കൊണ്ടാകരുത്.."

                                                       ഒന്നും പറയാതെ വാതില്‍ വലിച്ച് അടച്ച് പുറത്തേക്ക്...ചിന്തിക്കുമ്പോള്‍ ഇയാളുടെ കൂടെ ഇനിയും ജീവിക്കുന്നത് ജീവിതത്തോട് ചെയ്യുന്ന കടുത്ത അനീതി...അത്രയ്ക്കും മടുത്തു.. പുറത്ത് ജീപ്പുമായി  ഡ്രൈവര്‍ മുറ്റത്ത്..കണ്ട വഴി സലൂട്ട്..ജീപ്പില്‍ മുന്‍ സീറ്റില്‍ കയറി ഇരിക്കുമ്പോള്‍ ഇന്ദുവിന് തോന്നി..വീടിനുള്ളില്‍ കിട്ടാത്ത ബഹുമാനം തനിക്ക് ലഭിക്കുന്നത് ജോലിയില്‍ നിന്നാണ്..വനിത ജയിലിന്‍റെ മേധാവി.ജോലി സമയം മാത്രമാണ് ജീവിതത്തില്‍ സുഖം നല്‍കുന്നത്..പല സ്വഭാവക്കാര്‍, പിടിച്ച് പറിക്കാര്‍, കള്ളികള്‍, കൊലപാതകികള്‍, തട്ടിപ്പ് നടത്തിയവര്‍, വ്യഭി ചാരികള്‍..അങ്ങിനെ എത്രെയത്രെ സ്തീ ജന്മങ്ങള്‍. തന്റെ ഒരു നോട്ടത്തില്‍ തല താഴ്ത്തുന്ന കൊടും കുറ്റവാളികള്‍..കാടു കയറിയ ചിന്തയില്‍ നിന്നും വിളിച്ചുണര്‍ത്തിയത് ഡ്രൈവറുടെ വാക്കുകള്‍ ആയിരുന്നു..
          
                 മാഡം..ആ  കൊച്ചിങ്ങളെ കൊന്ന ടെക്നോപാര്‍ക്ക് ജോലിക്കാരി പെണ്ണിനെ റിലീസ് ചെയ്യാന്‍ ഓര്‍ഡര്‍  വന്നൂന്ന് കേട്ട്..?"

                                                 അത് വരെ ചിന്തിച്ചത് എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് ആ വാക്കുകള്‍ കേട്ടത്..നിയമത്തോട് മുഴുവന്‍ ഒരു നിമിഷം കൊണ്ട് വെറുപ്പും, വിദ്വേഷവും മനസ്സില്‍ ജനിച്ചു..ഒരു ക്രൂരയായ സ്ത്രീയെ വെറുതെ വിടുന്ന വികലമായ നിയമം..തെളിവുകള്‍ അതാണ് പ്രധാനം..ചില സമയം നിയമം നല്‍കുന്ന പരിഗണന ...വെറുതെ കൈയും വീശി കുറ്റവാളിക്ക് പുറത്തേക്ക് പോകാനുള്ള വിധി ന്യായങ്ങള്‍..

             മന പൂര്‍വമല്ലാത്ത നരഹത്യ... സാഹചര്യ തെളിവുകള്‍ , അതിന്റെ സ്വാധീനം..അവള്‍ മിടുക്കി..കാമുകന്റെ കൂടെ പോകാന്‍ രണ്ട്‌ മക്കളെ ഒഴിവാക്കാന്‍ കണ്ട മാര്‍ഗ്ഗം..??സ്വന്തം കാറിന്റെ പിന്നില്‍ അതി രാവിലെ കാര്‍  തുടക്കാനെന്ന വ്യാജേന ആ കുഞ്ഞുങ്ങളെ കൊണ്ട് നിര്‍ത്തി കാറില്‍ കയറി റിവേര്‍സ് എടുത്ത്..കാറിനിടയിലും, ചുവരിലും പെട്ട് കുറേ മാംസം മാത്രം..എന്നിട്ട് ഒരു കൂസലുമില്ലാതെ കൈ അബദ്ധം...ഇന്നലെ കോടതിയില്‍ അവളുടെ കാമുകനും വന്നിരുന്നു..വിധി വന്നപ്പോള്‍ എന്തായിരുന്നു ആ രാക്ഷസിയുടെ മുഖത്തെ  ഭാവം....ദുഷ്ടത്തി...കാമം...ഒരു ശരീരത്തില്‍ നിന്നും കിട്ടിയത് മതിയാകാതെ ....എന്തിനു ആ കുരുന്നുകളെ ബലി കൊടുത്തു??കുട്ടികള്‍  ഇല്ലാത്തവര്‍ക്ക് കൊടുക്കാമായിരുന്നു..?

                                                അയാള്‍ വീണ്ടും എന്തോ പറഞ്ഞു..മനസ്സ് എവിടെയോ ആയിരുന്നു..രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ മൊത്തം വ്യാപിച്ചു..ആ ചുവപ്പില്‍ കുട്ടികള്‍ മറഞ്ഞു..
ജയില്‍ കവാടത്തില്‍ എത്തിയപ്പോള്‍ വനിത ജയിലിലെ ഡ്യൂട്ടി ലേഡി ഡോക്ടര്‍..അവര്‍ അടുത്ത് വന്ന്പല്ലിറുക്കി പറഞ്ഞു..

          ''ഇന്ദു സാറേ ആ നശിച്ചവള്‍ എന്നോട് ചോദിക്കുന്നു..മൂന്നാമത് ഒരു പ്ര്ഗ്നന്‍സി ഉടനെ ആകുന്നതില്‍ കുഴപ്പം ഉണ്ടോന്ന്..രണ്ട്‌ കുട്ടികളെ കൊന്നിട്ടും അവള്‍ക്ക് മാറിയിട്ടില്ല..ഇന്ന് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാ..കാമുകന്‍ തെണ്ടിയും..ഇവളെയൊക്കെ വെടി വെച്ച് കൊല്ലണം..രണ്ട്‌ ജീവനുകള്‍ ഇല്ലാതക്കീട്ടു മൂന്നാമത്തെ ഉണ്ടാക്കാനുള്ള വ്യഗ്രത...." A real bitch with cruel mind"

                                                ഇന്ദു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..മുറിയില്‍ കയറി ഇരുന്നു..ചിന്തകള്‍ പിടി വിടുന്നു..ഉന്മാദ ചായ നിറയുന്നു...പല്ലുകള്‍ മുളച്ച് രാക്ഷസനെ പോലെ ഭര്‍ത്താവ്, രാക്ഷസിയെ പോലെ കുട്ടികളെ കൊന്ന അവള്‍...അവര്‍ ചിരിക്കുന്നു...പൊട്ടി ചിരിക്കുന്നു...അവര്‍ക്കിടയില്‍ കുട്ടികള്‍...പിറന്നവരും,പിറക്കാന്‍ ഇരിക്കുന്നവരും....വനിത വാര്‍ഡന്‍ വന്ന്മുന്നില്‍ വന്ന് സലൂട്ട്‌ ചൈയ്തപ്പോള്‍ ചിന്തയില്‍ അലഞ്ഞ ഭ്രാന്തമായ്  മനസ്സിനെ തിരികെ കൊണ്ട് വന്നു..

           "മാഡം..ആ 13-ലെ പെണ്ണ്..കാര്‍ ഇടിച്ച കേസിലെ പെണ്ണ് പോകാന്‍ തിരക്ക് കൂട്ടുന്നു..അണിഞ്ഞൊരുങ്ങികാത്തിരിപ്പ്കാലത്ത്  മൊതല് തൊടങ്ങീതാ...."

             "പറഞ്ഞയക്കാം..പറഞ്ഞയക്കണം..ഞാന്‍ പോയി ഒന്ന്‍ കണ്ടിട്ട് വരാം..നിങ്ങള്‍ ആരും വരണ്ടാ..

                                                ഒരു ഉറച്ച തീരുമാനം ഇന്ദു വിന്‍റെ ഭ്രാന്ത് പടര്‍ന്ന മുഖത്ത്..സെല്ലിനുള്ളില്‍ കയറുമ്പോള്‍ അവള്‍ ഒരുങ്ങിയിരിക്കുന്നു..നിയമത്തെ മറി കടന്ന സന്തോഷം മുഖത്ത്..ഒപ്പം എല്ലാം പ്ലാന്‍ ചെയ്ത പോലെ, എല്ലാം ഭംഗി  ആയി തീര്‍ന്നതിന്റെ വിശ്വാസവും, സന്തോഷവും...ഇന്ദുവിനെ കണ്ടതും അവളുടെ മുഖത്ത് പുച്ഛരസം..
                    
               "ഓ..നീ രക്ഷപെട്ടു അല്ലെ??സത്യത്തില്‍ നിനയ്ക്ക് ഒരി തരി വിഷമം പോലുമില്ലേ..മാലാഖമാരെ പോലെ രണ്ട്‌ ഓമന പിഞ്ചു മക്കളെ ഇല്ലാതാക്കീട്ടു..നഷ്ടപ്പെടുതീട്ടു..ചതരച്ചില്ലേ...കുട്ടികളില്ലാത്ത ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ??ഇന്ന് നീ പുറത്ത് പോയാല്‍ എല്ലാം പ്ലാന്‍ ചെയ്ത പോലെ കാമുകനുമായി സാധിക്കും അല്ലെ? പിന്നെ സുഖ ജീവിതം..വല്ലപ്പോഴും കിട്ടുന്ന സുഖം...പച്ചയായ കാമം അതിന്റെ സുഖം.....വീണ്ടും കുട്ടികള്‍..കുറേ കഴിയുമ്പോള്‍ കാമുകന്റെ സ്ഥാനത്ത് മറ്റാരെങ്കിലും...അപ്പോള്‍ കുട്ടികള്‍  വീണ്ടും ഭാരം..വീണ്ടും കാര്‍ റിവേഴ്സ്..മനപ്പൂര്‍വം അല്ലാത്ത നരഹത്യ..നിയമത്തിന്‍റെ അദൃശ്യമായ ആനുകൂല്യം..പിന്നെയും സുഖങ്ങള്‍..

                                                ഇന്ദു മാറുകയായിരുന്നു. ഒരു കാളി ബിംബത്തിന്റെ വേഷ പകര്‍ച്ച..അവള്‍ക്ക് മുന്നില്‍ ചോരയുടെ നിറം...ഭര്‍ത്താവിന്‍റെ വിഷം നിറച്ച വാക്കുകള്‍..ചുവരില്‍ പറ്റി പിടിച്ച മംസ കഷ്ണങ്ങള്‍..കരയുന്ന പിഞ്ചു കുഞ്ഞ്..ഇന്ദുവിന്റെ നോട്ടം തീ ജ്വാല പോലെ..മനസ്സ് പിടി വിട്ട് എവിടെയോ ...എവിടെയോ.....ഉന്മാദം...ക്രോധം...പക....അത് കണ്ട് ആ സ്ത്രീ ഭയന്നു..അവര്‍ പേടിയോടെ പറഞ്ഞു.. "എനിക്ക് പോണം". ഇന്ദു ചിരിച്ചു.ക്രൂരമായ  ഒരു ചിരി..അരക്ഷിതമായ ജീവിതം...അതില്‍ നിന്നും മോചനം...

               "പോണം ...പോകണം...ആത്മാവ് മാത്രം പുറത്ത് പോട്ടെ..നശിച്ച ശരീരം പോകാന്‍ ഞാന്‍ അനുവദിക്കില്ല..നിയമം ഏതോ ഒരു വക്കീലിന്‍റെ വാക്കുകള്‍ കേട്ട് നിന്നെ നിരപരാധിയാക്കി.അത് വലിയ അപരാദം..നീ പോകണം, പോയെ തീരു...കാമം തേടി ആത്മാവ് മാത്രം അലയട്ടെ..നീ  അവന് കരുതി വെച്ച ദേഹം മണ്ണില്‍ ചേര്‍ന്ന്‍ പുഴുവരിക്കട്ടെ...

                                               പോക്കറ്റില്‍ നിന്നും സര്‍വീസ് റിവോള്‍വര്‍ എടുത്ത് കണ്ണുകള്‍ അടച്ച് പിടിച്ച്..ചോരയും, തലച്ചോറും ചുമരില്‍ പതിച്ച് ഒരു ഭീകര ചിത്രം തീര്‍ത്തു..ഇന്ദു ആരോടെന്നില്ലാതെ ഉന്മാദം കലര്‍ന്ന ചിരിയോടെ സ്വയം പറഞ്ഞു...
          
               "ഇനിയെനിക്ക് ഈ നാലു ചുവരുകള്‍ ധാരാളം..അയാളുടെ വീടിന്റെ ചുമരിനേക്കാള്‍ സുഖവും, സംതൃപ്തിയും ഇവിടെ ലഭ്യം.."

                                            ഇന്ദു ചിരിച്ചു.....സന്തോഷം കൊണ്ട് ഒരു പൊട്ടി ചിരി...മനസ്സ് പിടി വിട്ടു പോയ ഒരു ഉന്മാദ ചിരി...അത് നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും ഒരു വേദനയായ്..വിലാപമായ്...പുറത്തേക്ക്...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...












            ‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ