2015, നവംബർ 26, വ്യാഴാഴ്‌ച

"മനസ്സിലേക്കൊരു അതിഥി.."

                                                       
                                                         
                                                             ആളൊഴിഞ്ഞ പന്തലിന്റെ ഇരുള്‍ മുങ്ങിയ കോണില്‍ കൂട്ടിയിട്ടിരിക്കുന്ന കസേരയിലോന്നില്‍ തല ചായ്ച്ചു, കണ്ണുകളടച്ച് എന്തോ ചിന്തയോടെ കൈയ്യിലൊരു നോട്ടു പുസ്തകവുമായ്‌ അയാള്‍.അവിടെ അന്ന്‍ പകലില്‍ ഒരു വിവാഹം നടന്നതിന്റെ ലക്ഷണം.

                "മോനെ കണ്ണാ..." കൈയ്യിലൊരു സ്റ്റീല്‍ ഗ്ലാസുമായി മുന്നില്‍ അമ്മ.

                "ഇത്‌ കുടിക്ക്..ചുക്കാപ്പിയാ..തൊണ്ട വേദന വേഗം മാറും.."  ആമ്മ ആ ചെറുപ്പക്കാരന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി.."ചൂടില്ല..കാലാവസ്ഥ മാറിയതിന്‍റെ.. മേക്കാച്ചലാ.എന്ന്‍ തൊടങ്ങ്യ അലച്ചിലാ.."

                                                             കണ്ണന്‍ നിവര്‍ന്നിരുന്നു ഗ്ലാസ്സിലെ വെള്ളം കുടിക്കാന്‍ തുടങ്ങി..അമ്മ അവനരികില്‍ ഇരുന്ന്‍ ഒരു നെടു വീര്‍പ്പോടെ , അവന്‍റെ തലമുടിയില്‍ കൈകള്‍ ഓടിച്ച് വിഷമം കലര്‍ന്ന വാത്സല്യത്തോടെ..

                 "മോനെ..ഈ പുസ്തകത്തിലെ കണക്കൊന്നും അമ്മക്കറിഞ്ഞൂടാ..എന്നാലും ഒന്നറിയാം..ഉണ്ണീടെ കല്യാണം നടത്താന്‍ മോന്‍ എടുത്താ പൊങ്ങാത്ത ഭാരം തലേല്‍ വെച്ചെന്ന്..ഇത്രേം കടം വരത്തി, ഇതിപ്പോ വേണായിരുന്നോ?"

                                                               കണ്ണന്‍ ഒരു ചിരിയോടെ അമ്മയെ ചേര്‍ത്ത് പിടിച്ചു. അവന്‍ ചേര്‍ത്ത്‌ പിടിച്ചപ്പോള്‍ ആ പുത്രസംരക്ഷണ വലയം ആസ്വദിച്ച് അമ്മ മകന്‍റെ അടുത്തേക്ക്‌ കുറെ കൂടി ചേര്‍ന്നിരുന്നു..

                "അമ്മേ..ഇത്‌ കടമോ..എന്റെ കടമയല്ലേ..അച്ഛനില്ലാത്ത കുട്ടിയാ എന്‍റെ ഉണ്ണീ..എനിക്കറിയാം..അച്ചനുണ്ടായിരുന്നെ ഇതിലും ഭംഗിയാവുമായിരുന്നു ഇന്ന്‍ നടന്ന കല്യാണം.പണ്ട് വൈന്നേരം പണീം കഴിഞ്ഞ് വീട്ടീ വരുമ്പോ കൈയ്യിലൊരു ചെറ്യേ പൊതിണ്ടാകും..അച്ഛന്‍റെ വക ചെലപ്പോ ഒരു കപ്പലണ്ടി മിട്ടായി..ഒരു പരിപ്പ്‌ വട..അതിന്‍റെ നേര്‍ പാതി എന്നും ഉണ്ണിക്കൊള്ളതായിരിക്കും...."

                                                                   കണ്ണന്‍ അത് പറഞ്ഞ് കണ്ണിലുരുണ്ട് കൂടിയ നീര്‍ തുള്ളികള്‍ തുടച്ച് പഴയ കാലത്തിലെ ഏതോ ഓര്‍മ്മകളെ തിരികെ കൊണ്ട് വന്ന്..

            "എനിക്കറിയാം...ഇന്നത്തെ ദെവസം ഏറ്റോം കൂടുതല്‍ സന്തോഷിക്കണ അച്ഛന്‍റെ ആത്മാവ് ആയിരിക്കും..പത്ത് വര്‍ഷം മുന്നേ ഒരു പത്തൊമ്പത് വയസ്സുള്ള ചെക്കനെ വീടിന്‍റെ ഭാരമേപ്പിച്ച് ആരോടും പറയാതെ ചന്തേല്‍ വെച്ച് കുഴഞ്ഞുവീണു ദൈവത്തിന്‍റെ അടുത്തേക്ക്‌ പോയപ്പോ..(ഒന്ന് നിര്‍ത്തി ഇടറുന്ന സ്വരത്തില്‍) അമ്മേ ഇതൊന്നും കടമല്ല..അച്ഛനില്ലാത്ത എന്‍റെ അനിയത്തി കുട്ടിക്ക്‌ ഒരു ചേട്ടന്‍ നല്‍കേണ്ട കടമ..അച്ഛന്‍റെ ആത്മാവിന് നല്‍കണ സുകൃതം.."

                                                                    അമ്മയില്‍ നിന്നും ഒരു തേങ്ങല്‍.കണ്ണന്‍ അമ്മയുടെ കണ്ണുകള്‍ തുടച്ച് മുഖത്ത് സന്തോഷം വരുത്തി ഗ്ലാസ്സിലെ വെള്ളം മുഴുവന്‍ കുടിച്ച് ഗ്ലാസ്സ് തിരികെ നല്‍കി..

        ''അതേ അകത്ത് ഉണ്ണീടെ ചെക്കനുണ്ട്...അവന്‍ കാണണ്ടാ ഈ കണ്ണീരും..സങ്കടോം.കേള്‍ക്കണ്ടാ കടത്തിന്റെ കണക്ക്‌..ഇന്ന്‍ സന്തോഷിക്കാനുള്ള ദെവസാ" അമ്മ അകത്തേക്ക്‌ ചെല്ല്.."

                                                                    അവര്‍ കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ്‌ വീണ്ടും സംശയിച്ച് നിന്നു.ആ കണക്ക്‌ പുസ്തകത്തില്‍ നോക്കുമ്പോള്‍ വീണ്ടും മുഖത്ത്‌ വിഷമം പടര്‍ന്നു..അത് മനസ്സിലാക്കി കണ്ണന്‍ എഴുന്നേറ്റ്‌ അമ്മയുടെ അടുത്തെത്തി ചിരിയോടെ..

       ''എന്റമ്മേ..ഈ പുസ്തകത്തിലെ കണക്കോര്‍ത്ത് തല വേദനിക്കണ്ടാ..കൊറച്ച് നാള്‍ നമുക്ക്‌ മുണ്ട് മുറുക്കിയുടുത്ത് ജീവിച്ചാ വീട്ടാവുന്ന തൊക..എന്തായാലും എന്‍റെ അനിയത്തിയെ മാന്യായി ഒരാളുടെ കൂടെ അയക്കാന്‍ വേണ്ടില്ലേ എല്ലാം..നാളെ മൊതല്‍ വെളുപ്പിന് ഞാന്‍ അജി ചേട്ടന്‍റെ കൂടെ ലക്ഷ്മി മില്ലില്‍ ഗോതമ്പ് നുറുക്കണ പണിക്ക് പോകും...ഏഴ് ഏഴര മണിക്ക് ആ പണി കഴിയും..അതീന്ന്‍ കൊറച്ച് വരുമാനം കൂടുതല്‍ കിട്ടും..പിന്നെ കുളീം കഴിഞ്ഞ് നേരെ ചായേം കുടിച്ച് മരപ്പണിക്ക്..എല്ലാ കടോം വീടും..അമ്മ വാ.."

                                                                    കണ്ണന്‍ അമ്മയുമായി അകത്തേക്ക്.

       " നാളെ  പണിക്ക് പോകുമ്പോ ഒരു പൊതി ചോറ് തന്നേക്കണം.,ഒരച്ചാര്‍ മാത്രം മതി..കറിയൊന്നും വേണോന്നില്ല..ഹോട്ടലീന്ന് കഴിച്ചാ പത്തിരുപതുറുപ്യ കൊടുക്കണം..ഇനിയിപ്പൊ എല്ലാം ഒന്ന്‍ കാര്യായിട്ട് ശ്രദ്ധിക്കണം..കീശേന്നു പോണത്‌ കൈ അറിയണം...ഒരുറുപ്യ ആയാലും."

                                                                     അവര്‍ നടന്ന്‍ പോകുമ്പോള്‍ അവര്‍ക്ക്‌ പുറകിലെ ഇരുട്ടില്‍ ഒരു രൂപം. അവര്‍ വീടിന്‍റെ അകത്തേക്ക്‌ കയറിയതും ആ രൂപം വെളിച്ചത്തില്‍..അയാള്‍ നടന്ന്‍ വീടിന്റെ വരാന്തയില്‍ കയറി  പുറത്തെ മുറിയിലേക്ക്‌..മുറിയില്‍ ഒരു പെണ്‍കുട്ടി..അവള്‍ അയാളെ കണ്ടപ്പോള്‍ ചിരിയോടെ..

   "ഇതെവിടെ പോയി??"

   "ഞാനൊന്ന്‍ പുറത്ത്‌ വരെ.."

                                                                       അയാള്‍ അവളുടെ കൈ പിടിച്ച് എന്തോ ചിന്തയോടെ..

   ''സുമീ..എനിക്കൊരു കാര്യറിയണം, നിനക്ക് നിന്‍റെ ചേട്ടനോടും, ഈ കുടുംബത്തോടും ഉള്ള സ്നേഹം..അതെത്രയാന്നു??"

                                                                       അവള്‍ ഒരു നിമിഷം നിശബ്ദമായി..പിന്നെ അയാളുടെ ചുമലില്‍ തല ചായ്ച്ച്, ആ സുഖം ആസ്വദിച്ച്..

    "ദൈവത്തെ പോലെയാ ഏട്ടന്‍...ഏട്ടന്റെ ഉണ്ണിയായി ജനിക്കാനായതാ എന്‍റെ ഭാഗ്യം.."

    "എന്നാ ഞാന്‍ പറയുന്നത് നീ കേള്‍ക്കണം..നിനക്ക് ആവശ്യമുള്ള ആഭരണം മാത്രം എടുത്ത്‌ ബാക്കിയെല്ലാം എനിക്കിപ്പോ തരണം.കഴുത്തില്‍ ഞാന്‍ കെട്ടിയ ആ താലി പോലെ ഇനിയും അധ്വാനിച്ച് നിനക്ക്‌ വേണ്ടത്‌ ഞാനുണ്ടാക്കി തരും..ഇതൊരു വാക്കാ.."

                                                                         സുമിത്രയെന്ന ഉണ്ണി ഒരല്‍പ നേരം സംശയിച്ച് നിന്ന് പിന്നെ അലമാര തുറന്ന്‍ ആഭരണങ്ങള്‍ എടുത്ത് ഒരു കവറിലാക്കി അയാള്‍ക്ക് നേരെ നീട്ടി.അയാള്‍ അത് വാങ്ങി ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന അവളെ ചേര്‍ത്ത്‌ പിടിച്ച് മുറിയില്‍ നിന്നും പുറത്തേക്ക്.അവിടെ ഒരു ഇരുമ്പ് കസേരയില്‍ കണ്ണന്‍..വീണ്ടും ആലോചനയുടെ ലോകത്ത്‌..അവരെ കണ്ടതും കണ്ണന്‍ എഴുന്നേറ്റ്‌ ഒരു ചിരിയോടെ നോക്കി നില്‍ക്കുന്നു..

   ''കണ്ണാ..അളിയാ..പെങ്ങളെ പൂര്‍ണ്ണമായ ഇഷ്ട പ്രകാരമാണോ എനിക്ക് കെട്ടിച്ച് നല്‍കിയത്‌??"

                                                                          ആ ചോദ്യം കേട്ട് കണ്ണന്‍ മാത്രമല്ല ഉണ്ണിയും, അടുക്കള വാതിലില്‍ നിന്ന അമ്മയുമൊന്നു ഞെട്ടി..കണ്ണന്‍ ഉള്ളില്‍ ഭയത്തോടെ അയാളുടെ അടുത്ത്‌ വന്ന്‍ അളിയന്‍റെ ചുമലില്‍ പിടിച്ച്..

   "എന്താ അളിയാ..ഇപ്പോള്‍ ....ഉണ്ണി വല്ലതും???

                                                                          ഭീതിയോടെ അനുജത്തിയെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ കയ്യിലിരുന്ന ആഭരണത്തിന്റെ കവര്‍ കണ്ണന്‍റെ കയ്യില്‍ കൊടുത്ത്‌..

   "കണ്ണാ..ഞാനും രണ്ടു പെങ്ങന്മാരുടെ കല്യാണം തനിച്ച് നടത്തിയവനാ..വഴിയില്‍ കള്ളും കുടിച്ച് മറിയുന്ന ഒരച്ഛന്‍ കുടുംബം മറന്നപ്പോള്‍ ചോര നീരാക്കി കുടുംബം മുന്നോട്ട് കൊണ്ട് പോയ ഒരുവന്‍..രണ്ട് പെങ്ങന്മാരെ കെട്ടിച്ച് വിടാന്‍ ഞാനോഴുക്കിയ വിയര്‍പ്പ്, അതിനു അനുഭവിച്ച വേദന..അതിന്‍റെ അനുഭവം മുന്നിലുള്ളത് കൊണ്ട് മനസ്സ്‌ തൊറന്ന് പറയാ..എനിക്ക് വേണ്ടത്‌ അമൂല്യമായ ഒരു വസ്തു മാത്രാ..കൊറേ വീടുകള്‍ കയറിയിറങ്ങി പെണ്ണ് കണ്ട് കണ്ടെത്തിയ ആ നിധി ഇന്ന്‍ കാലത്ത് മൊതല്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗായി.. സ്നേഹിക്കാന്‍ മാത്രമറിയുന്ന നിങ്ങളുടെ ഉണ്ണി..ബാക്കി ഒന്നും വേണ്ടാ..ഒരു ലോഹവും അതിന് സമമല്ല.."

                                                                           കണ്ണന്‍റെയും, ഉണ്ണിയുടെയും നിറഞ്ഞ കണ്ണുകള്‍ അയാളിലേക്ക്..വിശ്വസിക്കാന്‍ കഴിയാതെ.അയാള്‍ ഒരു വലിയ കാര്യം സിദ്ധിച്ച സന്തോഷത്തോടെ..

    "മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ മാത്രാ ഞാന്‍ ഈ വീട്ടീന്ന് ചോദിച്ചത്..അതെനിക്ക് കിട്ടി..അവളെ ഞാനിവിടുന്ന്‍ കൊണ്ടോകുമ്പോ അതില്‍ അവളുടെ  സഹോദരന്‍റെ ഇനിയുള്ള ജീവിതം തീരാ കട കയത്തിലാക്കിയിട്ടാകരുത്..ഈ നിമിഷം മുതല്‍ (ഉണ്ണിയെ ചേര്‍ത്ത്‌ പിടിച്ച്) ഇവളുടെ സുഖം, സംതൃപ്തി, സന്തോഷം ഇതെല്ലാം എന്‍റെ കൂടി അവകാശമാണ്,,അതോണ്ട് പൂര്‍ണ്ണ സമ്മതത്തോടെ പറയട്ടെ..ഇത് ഞങ്ങള്‍ക്ക്‌ വേണ്ടാ..."

                                                                             ഒരു നിമിഷം കണ്ണന്‍ പറയാന്‍ കഴിയാത്ത ഒരു വികാരത്തിന്‍റെ ഭാവത്തില്‍ മുന്നില്‍ നില്‍ക്കുന്ന മനുഷ്യനെ നോക്കി..ഒന്നും പറയാന്‍ കഴിയാതെ അഭിമാനത്തോടെ സ്വന്തം ഭര്‍ത്താവിനെ നിറകണ്ണോടെ നോക്കി നില്‍ക്കുന്ന അനുജത്തിയെ നോക്കി..അയാള്‍ പറഞ്ഞ സ്ഥലത്ത്‌ നിന്ന് വീണ്ടും തുടങ്ങിയത് പോലെ..

     ''ആഭരണങ്ങള്‍ വേണം.. ജീവിതം വിവാഹമെന്ന ഒരു ദിവസത്തിനു വേണ്ടി തീറെഴുതി കൊടുത്ത്‌, കടം വാങ്ങി വാങ്ങുന്ന ആഭരണങ്ങള്‍ എനിക്ക് വേണ്ടാ...ഇവള്‍ക്കും വേണ്ടാ..ഒരേട്ടന്റെ ജീവിതം വിയര്‍പ്പില്‍ കുതിര്‍ത്തി വാങ്ങിയ  ഇരുപത്തിയഞ്ച് പവനേക്കാള്‍ മൂല്യം ഭര്‍ത്താവ്‌ പണിയെടുത്ത് വാങ്ങുന്ന ഒരു ഗ്രാമിനാ..അല്ലേ ഉണ്ണീ...??"

                                                                                 അവള്‍ അഭിമാനപൂര്‍വ്വം തലയാട്ടി..കണ്ണന്‍ ഒരു നിമിഷം കയ്യിലിരിക്കുന്ന കവറില്‍ നോക്കി..ഒന്നും പറയാന്‍ കഴിയാതെ നിറ കണ്ണുകളോടെ നോക്കി ..ഒരിറ്റ്‌ സന്തോഷം നിറഞ്ഞ തുള്ളികള്‍ അയാളുടെ കണ്ണിലും പൊടിഞ്ഞു..ഉണ്ണിയെ ചേര്‍ത്ത്‌ പിടിച്ച് മുറിയിലേക്ക്‌ തിരികെ പോകുമ്പോള്‍ അയാള്‍ വീണ്ടും കണ്ണന് നേരെ തിരിഞ്ഞു.ഒരു ചിരിയോടെ.

    ''അതേ...ഇന്ന് മൊതല്‍ കണ്ണനളിയന്റെ ജീവിതത്തിലും,കടത്തിലും, ലാഭത്തിലും, സുഖത്തിലും, ദുഖത്തിലും ഒരാള്‍ കൂടി കൂടെയുണ്ടന്നു കരുതിക്കോ..ഞാനുണ്ടാകും..ഞങ്ങളുണ്ടാകും...കൂടെ.."

                                                                                   കണ്ണനിലേക്ക് ഒരു സന്തോഷം പടര്‍ന്നു..കൂടെ ആരോ ഉണ്ടെന്ന പോലെ ഒരു ബലം.നിഗൂഡമായ ആഹ്ലാദത്തോടെ കണ്ണന്‍ എല്ലാവരേയും നോക്കി ആ അതിഥിയെ സ്വന്തം മനസ്സിന്‍റെ കോണില്‍ ഒരു സ്ഥാനം കൊടുത്ത്‌ പ്രതിഷ്ഠിച്ചു.

    "അളിയാ...കല്യാണം കഴിക്കാത്ത അളിയനോട് എന്‍റെ വക ഒരു ചെറ്യേ ഉപദേശം..സ്ത്രീയാണ് ഏറ്റോം വലിയ ധനം....അല്ലാതെ ചോദിച്ച് വാങ്ങുന്ന സ്ത്രീ ധനമല്ല...അതില്‍ പുരളുന്ന ഒരു കുടുംബത്തിന്‍റെ കണ്ണീരും, വേദനയും മതി ദാമ്പത്യം ആലോസരമാക്കാന്‍...ഓര്‍മ്മയില്‍ വെച്ചോ..."

    ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..                                                                            

                                                                         

   





             



                                                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ