2016, ഫെബ്രുവരി 28, ഞായറാഴ്‌ച

നാരായണന്‍ മാഷ്‌...




                                                                 ട്രഷറിയിലേക്ക്  വടക്കേ നടയിലെ തിരക്കിലൂടെ റോഡ്‌ മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിന്നില്‍ നിന്നും വിളി കേട്ടത്..

                            "മാഷേ..."

                                                                വിളിച്ച വ്യക്തി മുന്നില്‍ വന്നു നില്‍ക്കുന്നു..നിറഞ്ഞ ചിരിയോടെ ഒരാള്‍..താന്‍ കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂളില്‍ പഠിപ്പിച്ച് വിട്ട ആരെങ്കിലുമായിരിക്കും..

                           "നാരായണന്‍ മാഷെ..സൂക്ഷിച്ച്..കണ്ണും, കാലുമില്ലാതെ പായുന്ന വണ്ടികളുടെ  കാലമാ.."

                                                                   കൈകളില്‍ പിടിച്ച് എതിരെ വരുന്ന വണ്ടികളെ തടഞ്ഞുനിര്‍‍ത്തി റോഡ്‌ മുറിച്ച് കടന്ന്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയപ്പോള്‍ വീണ്ടും അയാളെ നോക്കി.."മാഷേ എന്ന വിളി കേള്‍ക്കുമ്പോള്‍ അറിയാം..പഴയ ശിഷ്യന്‍ ആണെന്ന്‍..പക്ഷെ ആര്..ഓര്‍മ്മയില്‍ വരുന്നില്ല പരിചയമുള്ള ഒരു മുഖവും, ശബ്ദവും..

                            "എനിക്കങ്ങട് മനസ്സിലായില്ലാ.."

                            "മാഷേ..അങ്ങിനെ മനസ്സില്‍ വെക്കാന്‍ മാത്രം...(അയാള്‍ ഒന്ന്‍ നിര്‍ത്തി ഇടറിയ സ്വരത്തില്‍) മാഷ്ടെ ചീത്ത ശിഷ്യന്മാരില്‍ ഒരാള്‍..ഒരു പക്ഷെ ഏറ്റവും ചീത്തയായ ...

                                                                  അത് പറഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ ചില മുഖങ്ങള്‍..അതില്‍ മറക്കാന്‍ കഴിയാത്ത ഒരു മുഖം..തന്‍റെ നെറ്റിയിലെ പാടില്‍ വെറുതെ കൈ ഓടിച്ച് കാണിച്ചപ്പോള്‍ എതിരെ നിന്ന മനുഷ്യന്‍റെ മുഖത്ത് കണ്ണ്‍ നീര്‍ ചാലുകള്‍..ചിരിയോടെ അയാളെ നോക്കി പറഞ്ഞു..

                       "സി.എസ്. രാജീവന്‍. അല്ലേ.?

                       "അതെ മാഷേ..രാജീവനാ..മാഷ് ഒരിക്കലും ഓര്‍ക്കില്ലെന്നാ ഞാന്‍ കരുതിയേ..ഓര്‍മ്മയില്‍ വെക്കാന്‍ മാത്രം ഒരു പുണ്യവും ഞാന്‍ ചൈയ്തിട്ടില്ലല്ലോ"

                                                                  എമ്പതുകളിലെ സ്കൂള്‍ കലാഘട്ടത്തിലെ ഒരു പ്രധാന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവ്..പഠിപ്പ് മുടക്കലിനും, വിദ്യാര്‍ഥി രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും,സമരത്തിനുമെല്ലാം മുന്‍ നിരയില്‍..തിരഞ്ഞെടുപ്പിലൂടെ സ്കൂള്‍ നേതൃ സ്ഥാനം..അതിനേക്കാള്‍ ഉപരി തന്‍റെ മുപ്പത്തിയൊന്നു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരടയാളം നല്‍കിയ ഏക ശിഷ്യന്‍..സ്കൂള്‍ ബെല്ലില്‍ തൂങ്ങി രാവിലെ തന്നെ ഭരണ കക്ഷിയായ പാര്‍ട്ടിയുടെ പുതിയ നയങ്ങള്‍ക്കെതിരെ പഠിപ്പ് മുടക്കല്‍ സമരം ചെയ്യുമ്പോള്‍ പിടിച്ച് മാറ്റി സ്കൂള്‍ ബെല്ലടിക്കാന്‍ ചെന്ന ഹെഡ് മാസ്ററെ ബെല്ലടിക്കുന്ന ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചവന്‍...

                        "അന്ന്‍ താന്‍ അടിച്ച അടിയുടെ വേദന ഇന്നും ഇടയ്ക്കിടെ  തലവേദനയായി കൂടെയുണ്ട്.."

                                                                     ചിരിച്ച് തമാശയായി പറഞ്ഞ കാര്യങ്ങള്‍ ആണെങ്കിലും അതയാളുടെ കണ്ണുകളില്‍ നനവ് പടര്‍ത്തി..ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കൗമാരത്തിലെ ചീത്ത നിമിഷങ്ങള്‍..

                     "ഞാന്‍ വിചാരിച്ചത് താന്‍ വല്ല, എം.എല്‍.എ യോ, മന്ത്രിയോ മറ്റോ ആയി തീരൂന്നാ."

                                                                     അത് പറഞ്ഞതിന് മറുപടി പോലെ രാജീവന്‍  കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ നടയിലേക്ക് കണ്ണോടിച്ച് പറഞ്ഞു..

                     "മാഷേ..ചെറുപ്പത്തില്‍ വഴി തെറ്റി വിദ്യാര്‍ഥി രാഷ്രീയത്തിലെത്തി ജീവിതം ഹോമിച്ച ആയിരങ്ങളില്‍ ഒരുവനാ മാഷേ ഞാന്‍..ആരുടെയെല്ലാം സ്വാര്‍ത്ഥത, അവര്‍ കുട്ടി കുരങ്ങുകളെ പോലെ പലതും ചെയ്യിപ്പിച്ച് അതിന്‍റെ ഫലം അനുഭവിച്ചു..അന്ന്‍ മാഷിനെ തല്ലിയപ്പോള്‍ എനിക്ക് നഷ്ടമായത് എന്‍റെ പഠിക്കാനുള്ള മോഹമായിരുന്നു..അത് പോലെ പലതും...തല്ല് കൊണ്ടും, ജീവിതം പണയം വെച്ചും തെരുവില്‍ ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ത്യാഗം നടത്തിയപ്പോള്‍  ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ വലിയ വലിയ യൂണിവേഴ്സിറ്റിയില്‍ സമരമില്ലാതെ, പാര്‍ട്ടിയില്ലാതെ, സമ്പന്നതയില്‍  രാഷ്ട്രീയം പഠിക്കുന്നുവെന്ന സത്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.."

                  "പിന്നെ എല്ലാത്തിലും മേലെ ഒന്നുണ്ട് മാഷേ..എല്ലാരും എഞ്ചിനിയറും, ഡോക്ടറും, അധ്യാപകരും ആയി തീര്‍ന്നാല്‍  കൃഷി ചെയ്യാന്‍ ആരുണ്ടാകും ഈ ഭൂമിയില്‍??..അത് കൊണ്ട് തിരിച്ചറിവായപ്പോള്‍ പാര്‍ട്ടിയെ പടിയടച്ച് പിണ്ഡം വെച്ചു കൈകോട്ട് എടുത്ത് പറമ്പിലേക്ക് ഇറങ്ങി..അന്ന്‍ മുതല്‍ സ്വപ്നം വിളയിക്കാന്‍ തുടങ്ങീതാ..ഭൂമിയിലും, ജീവിതത്തിലും..''

                                                                           ആ വാക്കുകള്‍ മനസ്സില്‍ കൊണ്ടു..പണ്ട് പഠിപ്പിക്കുമ്പോള്‍ അവരോട് ഉപദേശമായി നല്കിയിരുന്നതും ഇതൊക്കെ തന്നെ.."എന്ത് ജോലിയായാലും അതില്‍ സന്തോഷം കണ്ടെത്തുക..സത്യാ സന്ധമായി ചെയ്യുക, കര്‍മ്മ ഫലം അനുഭവിക്കുക..."

               "രാജീവേ ..തന്‍റെ കുടുംബമെല്ലാം...?"

               "സുഖം മാഷേ..പണ്ട് എന്‍റെ അച്ഛനും, അമ്മയും ഞാന്‍ പഠിക്കാന്‍ പോകുമ്പോള്‍  സ്വപ്നം കണ്ടിരുന്നില്ല മാഷേ..ആരായി തീരണമെന്ന് അവര്‍ ആഗ്രഹിച്ചതുമില്ല..അതിനുള്ള ശേഷിയുമില്ല.. അന്നതായിരുന്നു കാലം..പക്ഷെ മാഷേ..ഞാന്‍ പറമ്പില്‍ കിളക്കുമ്പോഴും, കൃഷി ചെയ്യുമ്പോഴും സ്വപ്നം കണ്ടത് എന്‍റെ മക്കളെ കുറിച്ചാണ്..എനിക്ക് ജീവിതത്തില്‍ എന്നോ നഷ്ടമായത് തിരികെ പിടിക്കാനുള്ള വാശി.....സാധിച്ചു മാഷേ..എനിക്ക് രണ്ട്‌  പെണ്‍ മക്കളാ..രണ്ടാളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു...എന്നെ നശിപ്പിച്ചത് ലഹരി മരുന്നിനേക്കാള്‍ വീര്യമുള്ള വിദ്യാര്‍ഥി രാഷ്ട്രീയമാണ്..അതിലേക്ക് എത്തി നോക്കാന്‍ പോലും ഞാന്‍ അവരെ സമ്മതിച്ചില്ല..പഠിക്കുന്നവര്‍ക്ക് എന്തിനാ മാഷേ രാഷ്ട്രീയം..പഠിച്ചതിനു ശേഷം ജനസേവനത്തിന് ഇറങ്ങട്ടെ..??"

                                                                   സന്തോഷത്തോടെ അയാളെ ചേര്‍ത്ത് പിടിച്ചു..മനസ്സിന് അഭിമാനം തോന്നി..ഇവരെ പോലുള്ള പതിനായിരങ്ങള്‍ ശിഷ്യന്മാരായി സമൂഹത്തില്‍ ജീവിക്കുന്നു..എല്ലാവരും മക്കളാണ്..മക്കളെ പോലെ തന്നെയാണ്..അതില്‍ ചെറിയ വികൃതി കാട്ടിയവരും, കുറുമ്പന്മാരും ഉണ്ട്..എന്നാലും എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു..ഭൂമിയില്‍ ദൈവത്തിന്‍റെ പ്രതി രൂപം പോലെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന്‌ നല്‍ക്കുന്ന ജോലിയെ സ്നേഹിക്കുന്നു..ബഹുമാനിക്കുന്നു...

            "വീട്ടിലേക്ക് ഒരു ദിവസം പിള്ളാരെ കൂട്ടി വാ...അവിടെ ടീച്ചര്‍ക്കും, എനിക്കും വല്ലപ്പോഴും തേടി വരുന്ന നിങ്ങളെ പോലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അകെ ബന്ധുക്കള്‍..മക്കള്‍ ഇല്ലാതെ പോയതില്‍ വിഷമമില്ല. ഞങ്ങള്‍ക്ക്...തന്നെ പോലെ പതിനായിരം പേരുണ്ട് സ്വന്തം മക്കളെ പോലെ..

                                                                      കണ്ണ്‍ നിറയാതിരിക്കാന്‍ ഒന്ന്‍ ശ്രമിച്ചു..സാധിക്കുന്നില്ല..ഒരു തുള്ളി ഉരുണ്ട് കൂടി താഴെക്ക്..അത് കണ്ടിട്ടാകണം രാജീവന്‍ കൈകളില്‍ മുറുകെ പിടിച്ചത്..ഒരു മകന്‍റെ സാമീപ്യം  പോലെ തോന്നിച്ച നിമിഷം..

         "മാഷേ..ഞാന്‍ വരും മാഷേ...എനിക്കും തേടി പോകാനും, അനുഗ്രഹം വാങ്ങാനും അച്ഛനും, അമ്മയുമില്ല...രണ്ട്‌ പേരും നേരത്തെയങ്ങ് വിട്ടു പോയി...കാലങ്ങളായ് ഞാന്‍ മനസ്സില്‍  നീറല്‍ പോലെ കൊണ്ട് നടക്കുന്ന ഒരു സംഗതീണ്ട്.. എന്നും എന്നെ അലട്ടുന്ന ഒന്ന്‍.."

                                                                       മനസ്സിലായത്  പോലെ രാജീവനെ നോക്കി..ആ മുഖത്തെ ഭാവം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നു..എന്താണ് പറയാന്‍ തുടങ്ങുന്നതെന്ന്..അലട്ടുന്നതെന്ന്..

          "ബുദ്ധിയില്ലാത്ത ഒരു പ്രായത്തില്‍ ഞാന്‍ ചെയ്യ്ത തെറ്റിന് മാഷ്‌ എന്നോട് പൊറുക്കണം..ഞാന്‍ അറിയാതെ ഒരു രാഷ്ട്രീയ ഭ്രാന്തിന്‍റെ മൂര്‍ച്ചയില്‍..വെറുക്കുന്നു മാഷേ ആ നിമിഷത്തേയും, അതിലേക്ക് എന്നെ നയിച്ച ആ പ്രസ്ഥാനത്തേയും..മാഷ് എന്നോട് പൊറുക്കണം...

                                                                       നിറയുന്ന കണ്ണുകളുമായി അയാള്‍ കാലില്‍ വീഴാന്‍ തുടങ്ങിയപ്പോഴേക്കും പിടിച്ചുയര്‍ത്തി..പിന്നെ നെഞ്ചോട്ചേ ര്‍ത്ത് പിടിച്ചു..പരിസരം മറന്നുള്ള നിമിഷങ്ങള്‍...

           "ടോ താന്‍ ജീവിതത്തില്‍ വിജയിച്ചവനാ...ജീവിതം കൊണ്ട് വിജയം നേടിയവന്‍...അഭിമാനം തോന്നുന്നു..തന്നെ പഠിപ്പിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യമുള്ളവനാ..മാഷ് ഒരിക്കലും ഒന്നും മനസ്സില്‍ വെച്ചിട്ടില്ല..കുട്ടികള്‍  ചെയ്യുന്ന ചെറിയ തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തര്‍ത്ഥമാണ് അധ്യാപകനെന്ന വാക്കിനുള്ളത്.."

                                                                        അയാളുടെ കണ്ണുകളില്‍ നിറയുന്ന സന്തോഷം കണ്ടപ്പോള്‍ അന്നത്തെ ദിവസം വിലപ്പെട്ടതായി തോന്നി..ഒടുവില്‍ അടുത്ത ദിവസം വീട്ടിലേക്ക് വരാമെന്ന് ഉറപ്പ് തന്ന് രാജീവന്‍ നടന്ന്‍ പോകുന്നത് വരെ നോക്കി നിന്നു..വീട്ടില്‍ ചെന്നാല്‍ ടീച്ചറോട് പറയാന്‍ ഒരു നല്ല വിശേഷം..അവര്‍ക്കും സന്തോഷം..ഇങ്ങിനെ വഴിയില്‍ നിന്നും വീണ് കിട്ടുന്ന ചില കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ഈ വാര്‍ദ്ധക്യ ഏകാന്ത കാലത്തെ നീക്കിയിരുപ്പുകള്‍..മുന്നോട്ട് നടന്ന്‍ നീങ്ങുമ്പോള്‍ പല മുഖങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍...പല തരത്തിലുള്ള സഹായ ഹസ്തങ്ങള്‍..അതാണ് ഏറ്റവും വലിയ സമ്പാദ്യം....

            "മാഷേ വെയില് കൊള്ളണ്ടാ? ..ഈ കുടയിലേക്ക് കയറിക്കോ?...എന്താ വേണ്ടത്?...മാഷ് അവിടെ ഇരുന്നോ.?..ആ പേപ്പറുകള്‍ തന്നേ?..ഞാന്‍ ശരിയാക്കി കൊണ്ട് തരാം.?..മാഷിന് കുടിക്കാന്‍ എന്താ??മാഷേ ഓട്ടോയില്‍ കയറിക്കോ ഞാന്‍ കൊണ്ട് വിടാം..? മാഷ് ബസ്സിലെ ടിക്കറ്റ് ഞാന്‍ കൊടുക്കാം.."
 
                                                                            ആ വെയില്‍ വിരിച്ച ചൂടിലൂടെ രാജീവനെ കണ്ട മനസ്സിന്‍റെ കുളിരും പേറി നടക്കുമ്പോള്‍ ഗവര്‍മെന്റ് ഗേള്‍സ്‌ സ്കൂളിന്റെ മതിലില്‍ എഴുതി വെച്ച വാചകം കണ്ടു..നിറഞ്ഞ തുളുമ്പുന്ന സന്തോഷത്തോടെ മനസ്സില്‍ വീണ്ടും വീണ്ടും വായിച്ചു....

                "മാതാപിതാ ഗുരു ദൈവം.."
                                                                       

     ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....                                                                    

                                                                     

         

                                 


















2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഒരു സന്തോഷ കരച്ചില്‍..

                                           


                                               പുറത്ത് നിന്നും ഒരു നീണ്ട ചുമയുടെ പിന്നാലെ ശ്വാസം മുട്ടുന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോള് അവര്‍ ആകാംക്ഷയോടെ വീടിന് പുറത്തേക്ക് വന്നു..ഇറയത്ത്‌ വിയര്‍ത്ത് കുളിച്ച് തൂണും ചാരി അദ്ദേഹം..

                 "പെണ്ണേ ..കുടിക്കാന്‍ ഇച്ചിരി വെള്ളം"

                                               അയാളുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു..ശ്വാസത്തില്‍ കുറച്ച് നേരം മുമ്പേ ചുമച്ച ചുമയുടെ പ്രതിഫലനങ്ങള്‍..തേച്ച് മിനുക്കാത്ത കൊച്ച് വീടും, മോന്തായം ജീര്‍ണിച്ച മേല്‍കൂരയും ..ഇതൊന്നുമല്ല അയാളുടെ അന്നത്തെ പ്രശ്നം.."രണ്ടായിരത്തി ഇരുനൂറ് രൂപ വേണം..നാളെ സൂര്യനസ്തമിക്കുന്നതിന് മുമ്പേ...

               "ഇചാച്ചാ..എന്നതായി പോയ കാര്യം..രൂപ കിട്ടിയാര്‍ന്നോ??"

                                                മുന്നില്‍ സ്റ്റീല്‍ ലോട്ടയില്‍ വെള്ളവുമായി വന്നു നില്‍ക്കുന്ന ഭാര്യക്ക് എങ്ങിനെയാ മറുപടി കൊടുക്കുക..അയാളുടെ മനസ്സ് വീണ്ടും നീറാന്‍ തുടങ്ങി.അവര്‍ ഉടുത്തിരിക്കുന്ന നിറം മങ്ങിയ ചട്ടയില്‍ പോലും സാമ്പത്തിക ഞെരുക്കത്തിന്റെ, നിറം മങ്ങിയ ദാരിദ്ര്യ ചിത്രങ്ങള്‍ തെളിഞ്ഞിരിക്കുന്നു.

             "ഇചാച്ചാ...കിട്ടീല്ലാല്ലേ..തോട്ടത്തിലെ അപ്പപ്പനോട് ഒന്ന്‍ ചോദിയ്ക്കാന്‍ മേലാരുന്നോ??"

              "ഓ..ചോദിച്ചാര്‍ന്നു..അത് കേട്ടതും അങ്ങേര്‍ ചത്ത് കുഴീ പോയ അപ്പനിട്ടാ തെറി വിളിച്ചത്...റവറു വെട്ടുന്ന കൂലീന്ന് കൊറച്ചീച്ചേ പിടിച്ചോളാന്‍ പറഞ്ഞതാ..എന്നിട്ടും തന്നില്ലാന്നെ.."

                                                 അവര്‍ അയാളുടെ അടുത്ത് ഇറയത്ത്‌ ചേര്‍ന്നിരുന്നു. പ്രതീക്ഷ നഷ്‌ടമായ അയാളുടെ മനസ്സിനെ ഒന്ന്‍ ആശ്വസിപ്പിക്കുന്നത് പോലെ ആ സാമീപ്യം. ജീവിതത്തില്‍ തെറ്റും, കുറ്റവുമറ്റ് ഒന്നിച്ചു യാത്ര തുടങ്ങിയിട്ട് വര്ഷം പലതാകുന്നു.

              "ഇതിപ്പോ എന്നാ ചെയ്യോന്നാ നാളെ..കോച്ചിന്‍റെ ഫീസ്‌ അടച്ചില്ലേല്‍ പരീക്ഷ എഴുതാന്‍ പറ്റുകേല...ഇങ്ങിനെ ഒരു ഗതി കേട്ട അപ്പന്‍റെ മക്കളായിട്ടാണല്ലോ കര്‍ത്താവേ എന്‍റെ രണ്ടു മക്കളും ജനിച്ചേ.."

                                                 അവസാനത്തെ വാക്കുകള്‍ ഇടറിയിരുന്നു..അയാള്‍ തേങ്ങി കരയാന്‍ തുടങ്ങി..അവര്‍ക്കും കരച്ചില്‍ വന്നു..ഇത്രയും സ്നേഹമുള്ള ഭര്‍ത്താവ്,ഇത്രയും സ്നേഹമുള്ള ഒരച്ചന്‍..പണം മാത്രം ഇതിനിടയില്‍ ഒരു വലിയ തടസ്സം..നിലം പതിക്കാറായ ഒരു കൂരയുടെ അടിയിലെ ജീവിതങ്ങളുടെ മുകളിലേക്കുള്ള ഒരു ചവിട്ട് പടിയാണ് കോട്ടയത്ത് നേഴ്സിങ്ങിനു അവസാന വര്ഷം പഠിക്കുന്ന മൂത്ത മകള്‍..അവളുടെ പരീക്ഷയാണ്‌ ഫീസില്ലാതെ മുടങ്ങാന്‍ പോകുന്നത്..

                 "ഒരു നുള്ള് പൊന്ന് പോലുല്ലാ വിക്കാനും, പണയം വെക്കാനും..മക്കള് ഓരോ ദിവസോം കൂടുമ്പോ വലുതായി വരേണ്..ഒരു നീക്കി ബാക്കീം കയ്യേലില്ലാ...എന്നാത്തിനാ ഞാന്‍ ഇങ്ങിനെ അപ്പനായി ജീവിക്കുന്നേ.."

                                               ഇത്തവണ അവര്‍ക്ക് സഹിച്ചില്ല..അയാളുടെ വായ പൊത്തി പിന്നെ പറഞ്ഞ വാക്കുകള്‍ മൂടി കെട്ടി..നിറഞ്ഞ കണ്ണുകള്‍ തുടച്ച് ആശ്വസിപ്പിച്ച്

                    "വിഷമിക്കണ്ടാന്നെ..എന്തേലും ഒരു വഴി കര്‍ത്താവ് കാണിച്ച് തരും."

                                               ആ വാക്കുകള്‍ക്ക് പുറകെ ഒരു മണി കുലുക്കം കേട്ടു..പിന്നില്‍ നിന്നും വെളുത്ത പഞ്ഞി നിറവും, കാണാന്‍ ചന്തവുമുള്ള  അമ്മിണി ആടിനെയും കൊണ്ട് ഇളയ മകള്‍ മുറ്റത്തേക്ക്.


                                         അയാളുടെ കണ്ണുകള്‍, ഒപ്പം ഭാര്യയായ അവരുടെ കണ്ണുകള്‍ ആദ്യം ആടിനെ നോക്കി, പിന്നെയവര്‍ പരസ്പരം നോക്കി..മനസ്സുകള്‍ തമ്മിലുള്ള ആശയ വിനിമയം...

                                               ആട് അയാളെ കണ്ടതും അയാളുടെ അടുത്തേക്ക് ഓടി വന്നു..കരഞ്ഞു കൊണ്ട് ആ കാലുകളില്‍ നക്കിയും, വാലാട്ടിയുമുള്ള സ്നേഹ പ്രകടനങ്ങള്‍...പുറകെ ചിരിയോടെ മകളും, ആടിനെ പിടിച്ച് വലിച്ച് കൊണ്ട് പോകുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അതയാള്‍ക്ക് കൊണ്ടു..

                      "ഞങ്ങള്‍ മക്കള്‍ക്കുള്ളതിനെക്കാള്‍ ഈ ചാച്ചനോട് സ്നേഹം അമ്മിണിക്കാ..ചാച്ചന്റെ എളേ മോള് ഞാനല്ല കേട്ടോ..ഈ അമ്മിണിയാ"

                                            അയാള്‍ വിഷമത്തോടെ ഭാര്യയെ വീണ്ടും നോക്കി..വേണോ എന്ന ചോദ്യം ആ കണ്ണുകളില്‍..മനസ്സില്‍ വന്ന വിഷമം മറച്ച് പിടിച്ച് ശരി എന്നാ അര്‍ത്ഥത്തില്‍ അവര്‍ അയാളെ നോക്കി..പിന്നെ എഴുന്നേറ്റ് അയാള്‍ അറിയാതെ കണ്ണുകള്‍ തുടച്ച് അകത്തേക്ക്..

                    "പെണ്ണേ..ആ തോര്‍ത്ത് എടുത്തേ..ഞാനൊന്ന്‍ ബാലന്പിള്ള സിറ്റിലെ വെട്ട് വര്‍ക്കീടെ അടുത്ത് വരെ പോയെച്ച് വരാം.."

                                              അയാള്‍ പറഞ്ഞതും, പോകുന്നതും എന്തിനെന്ന് പറയാതെ തന്നെ ഭാര്യക്ക് മനസ്സിലായി..അത് പോലെ അമ്മിണിയാടിനും..ഒരു ദയനീയമായ നോട്ടം അയാളെ നോക്കി ആട് നീട്ടി ഒന്ന്‍ കരഞ്ഞ് ഒന്നുമറിയാത്ത അയാളുടെ ഇളയ മകളോടൊപ്പം അടുത്ത പറമ്പിലെ പ്ലാവിന്‍ ചുവട്ടിലേക്ക്.

                     "രണ്ടായിരത്തി അഞ്ഞൂറിന് ഉറപ്പിച്ചാര്‍ന്നു....വര്‍ക്കിക്ക്..."

                                              പുറത്ത് പോയി തിരികെ വന്ന അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു..ഇളയ മകള്‍ താഴത്ത് ഇരുന്ന്‍ പഠിക്കുന്നുണ്ട്..അവളും നന്നായി പഠിക്കുന്ന കുട്ടിയാണ്..സ്കൂളില്‍ ഒന്നാം സ്ഥാനക്കാരി....അയാള്‍ ഒന്ന്‍ നെടുവീര്‍പ്പിട്ട് മടികുത്തില്‍ നിന്നും പൈസയെടുത്ത് ഭാര്യയെ ഏല്പിച്ചു..

                    "രാവിലത്തെ ബസ്സിന് തന്നെ കോട്ടയത്തിനു പോയേക്കാം.."

                    "അമ്മിണിയെ  ഇറച്ചിയാക്കനാണോ വര്‍ക്കി വാങ്ങിയത്."

                                                 അവരുടെ സങ്കടം നിറഞ്ഞ ചോദ്യത്തിന് മുന്നില്‍ അയാള്‍ ഒന്ന് മൂളി..വിഷമം കലര്‍ന്ന ഒരു മൂളല്‍.അത് വരെ ഒന്നും മനസ്സിലാകാതെ പോയ  ഇളയ മകള്‍ അമ്മിണിയെ വില്‍ക്കാനുള്ള തീരുമാനം കേട്ട് ഒരു പതിഞ്ഞ കരച്ചിലോടെ എഴുന്നേറ്റ് ഇരുട്ടില്‍ മറഞ്ഞു..അടുത്ത മുറിയില്‍ നിന്നും  ഏങ്ങലടികള്‍..അയാള്‍ക്ക് നെഞ്ചിന്‍റെ ഭാരം കൂടി വരുന്നത് പോലെ തോന്നി. വീടിനു പുറത്തിറങ്ങിയപ്പോള്‍ മൂലയില്‍ കെട്ടിയിട്ടിരിക്കുന്ന അമ്മിണിയാട് അയാളെ നോക്കി പതുക്കെ കരഞ്ഞു..ഒരു യാചന പോലെ..

                                                  പായില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആ വീട്ടില്‍ ആര്‍ക്കും ഉറക്കം വന്നില്ല..മരണവീട് പോലെ മൂകത പൊതിഞ്ഞ ഇരുട്ടില്‍ ഈറന്‍ നിറഞ്ഞ ആറു കണ്ണുകള്‍.ഇരുട്ടില്‍ അടുത്ത മുറിയില്‍ നിന്നും ചെറിയ തേങ്ങലുകള്‍ക്ക് ബലം വെച്ചു തുടങ്ങിയപ്പോള്‍ അയാള്‍ ഇരുട്ടില്‍ തലയുയര്‍ത്തി അവളെ വിളിച്ചു..

                  "കുഞ്ഞു മോളെ..ഇങ്ങ് വന്നെ ചാച്ചന്റെ അടുത്തേക്ക്..."

                                                  ഇരുളില്‍ ഒരു രൂപം അയാള്‍ കിടക്കുന്ന പായയില്‍ വന്നു കിടന്നു..അയാള്‍ മകളെ ചേര്‍ത്ത് പിടിച്ചു..ആ കണ്ണുകള്‍ പതുക്കെ തുടച്ചു.മുടികളില്‍ വാത്സല്യത്തോടെ തലോടി ഇടറുന്ന സ്വരത്തില്‍

                 "മോളെ ചാച്ചനു വേറെ വഴി ഇല്ലാത്തോണ്ടാടാ അമ്മിണിയെ വിറ്റത്.. ഇചേച്ചിയുടെ അവസാന വര്‍ഷത്തെ പരീക്ഷയാ....ഫീസടച്ചില്ലേല്‍ തോറ്റ് പോകത്തില്ലായോ.?"

                 "ചാച്ചന്‍ വിറ്റോളൂ...അവളെനിക്ക് ഒരു കൂടപിറപ്പ് പോലെയാ ചാച്ചാ..അതോണ്ടാ ഇത്രേം സങ്കടം..."

                                                   ആ നെഞ്ചില്‍ തല ചായ്ച്ച് എപ്പോഴോ അവളുറങ്ങി. എന്നിട്ടും അയാള്‍ക്ക് ഉറക്കം വന്നില്ല. ജീവിതത്തിലെ ഗതികേടുകള്‍ ഓര്‍ത്ത് ആ പിതൃ ഹൃദയം തേങ്ങി..രാവിലെ ഉണര്‍ന്നപ്പോള്‍ കുഞ്ഞുമോളെ കണ്ടില്ല..അന്വേക്ഷിച്ചു നടന്നപ്പോള്‍ അമ്മിണിയുടെ അടുത്ത്..നിറഞ്ഞ കണ്ണുകളോടെ..തലേന്ന്‍ സങ്കടം കൊണ്ട്കുഞ്ഞുമോള്‍ കുടിക്കാതെ ബാക്കി വെച്ച കഞ്ഞി അമ്മിണിക്ക് വാരി കൊടുക്കുന്നു....അയാളെ കണ്ടപ്പോള്‍ അവള്‍ അവിടെ നിന്നും എഴുന്നേറ്റ് കണ്ണ്‍ തുടച്ച് ഒരു സന്തോഷ ചിരി മുഖത്ത് വരുത്തി അകത്തേക്ക് പോയി..അമ്മിണി അയാളെ നോക്കി ..പിന്നെ ശബ്ദമില്ലാതെ അമ്മിണിയില്‍ നിന്നും  ഒരു നിലവിളി..അയാള്‍ അമ്മിണിയുടെ അടുത്ത് ചെന്നിരുന്നു..കഞ്ഞിയില്‍ നിന്നും ഒരു പിടി വാരി കൊടുത്തപ്പോള്‍ അവള്‍ തിന്നാന്‍ തുടങ്ങി..ഒപ്പം തൊണ്ടയില്‍ കുടുങ്ങിയ ഒരു കരച്ചിലും ആ മിണ്ടാപ്രാണിയില്‍ നിന്നും...എല്ലാ വറ്റും തീരും വരെ അയാള്‍ നിറഞ്ഞ കണ്ണോടെ അമ്മിണിക്ക് വാരി നല്‍കി..എല്ലാം കഴിച്ച് കഴിഞ്ഞപ്പോള്‍ അവസാനത്തെ അന്നം നല്‍കിയ അയാളെ ആ പാവം തലയുയര്‍ത്തി നോക്കി..പിന്നെ നീട്ടി കരഞ്ഞു..അത് കേട്ടതും അയാള്‍  അതിനെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ വെച്ച് ഉറച്ച തീരുമാനം പോലെ എഴുന്നേറ്റു..

            "പെണ്ണേ..ആ തോര്‍ത്തും, ഇന്നലെ തന്ന പൈസായും തന്നേ.."

                                                അവര്‍ക്ക് അയാള്‍ പറയാതെ തന്നെ എല്ലാം മനസ്സിലായി..എങ്കിലും മകളുടെ ഫീസ്‌..അതിന് ഒരു വഴി..അതായിരുന്നു അവരുടെ മനസ്സില്‍..

           "വര്‍ക്കിക്ക് പൈസ തിരികെ കൊടുത്തേച്ച് വരാം..അമ്മിണിയെ വില്‍കുന്നില്ല..കുഞ്ഞുമോളോട് പറഞ്ഞേച്ചാല്‍ മതി.."

           "അല്ല ഇചാച്ചാ...കൊച്ചിന്റെ ഫീസ്‌..??"
           
            അവരുടെ ആ ചോദ്യത്തിന് മുന്നില്‍ ഒരുത്തരം നല്കാന്‍ കഴിയാതെ അയാളൊന്നു പതറി.ദൂരെ നോക്കി നെടുവീര്‍പ്പില്‍ കലര്‍ന്ന ഒരൊറ്റ വാക്ക്..

          "അതിനെ ഇറച്ചിക്ക് കൊടുക്കാന്‍ മനസ്സ് വരണില്ല..നമ്മുടെ കുഞ്ഞു മക്കളെ പോലെ തന്നയാണ് അവളും.."

                                                  അത് കേട്ടതും അമ്മിണിയാട് സന്തോഷത്തോടെ ഒന്ന് കരഞ്ഞു..അയാള്‍ തോര്‍ത്ത്‌ കൊണ്ട് കണ്ണ്‍ നീര്‍ തുടച്ച് മുന്നോട്ട് പോകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ചെറിയ മകളുടെ നിഴല്‍.അകത്തെ ഇരുട്ടില്‍ നിന്നും സന്തോഷത്തോടെ ..കയ്യില്‍ കുറേ നോട്ടുകള്‍.

         "ചാച്ചാ..ഇത്ഞാ നും ഇചേച്ചീം കൂടി കൂട്ടി രണ്ടു കൊല്ലായിട്ട് കൂട്ടി വെച്ചതാ...നിങ്ങളറിയാതെ...ഞങ്ങള്‍ക്ക്സ മ്മാനം കിട്ടീതും, സ്കൊലോര്ഷിപ്പ് കിട്ടീതും, അച്ചന്മാര് തന്നതും, പള്ളീന്ന് കിട്ടീതും എല്ലാം ചേര്‍ത്ത് കൂട്ടി വെച്ചതാ...വരുന്ന  ക്രിസ്തുമസിന് അമ്മച്ചിക്ക്  ഒരു കുരിശ് മാല വാങ്ങാനായിട്ടു..ഇത് ചാച്ചന്‍ കൊണ്ട് പൊയ്ക്കോ.. ഇചേച്ചിയുടെ ഫീസടക്കാന്‍..

                                                    അയാള്‍ തിരികെ വന്നു അവളെ  സന്തോഷത്തോടെ കെട്ടി പിടിച്ചു.ആ നെറുകയില്‍ കണ്ണ്‍ നീര്‍ കലര്‍ന്ന ഒരുമ്മ നല്‍കി വിറക്കുന്ന വിരലുകള്‍ കൊണ്ട് അടുത്ത് നില്‍ക്കുന്ന ഭാര്യയെ ചേര്‍ത്ത് മകള്‍ക്ക് ചുറ്റും  ഒരു വലയമായി...വളര്‍ന്ന്‍ വലുതായി ജോലിക്കാരായ മക്കളിലൂടെ എല്ലാ ദുരിതവും തീരുന്ന ഒരു ദിവസം മുന്നില്‍ കാണുന്നത് പോലെ അയാള്‍ക്ക് തോന്നി...നിലം പതിക്കാറായ കൊച്ചു വീടിന്‍റെ സ്ഥാനത്ത് ഭംഗിയുള്ള ഒരു കൊച്ചു വീട്, സന്തോഷം കലര്‍ന്ന ദാരിദ്ര്യമില്ലാത്ത ഒരു കൊച്ചു ജീവിതം.....

                                                     ആ ഒരു നിമിഷത്തില്‍ നിന്നും കിട്ടിയ സ്നേഹത്തില്‍ നിറഞ്ഞ  സന്തോഷത്തിന്റെ ആവേശവുമായി  അയാള്‍  മകളില്‍ നിന്നും ആ പണം വാങ്ങാതെ വേഗം നടന്നു..കുറച്ച് മുന്നിലെത്തി തിരികെ ആത്മവിശ്വാസം കലര്‍ന്ന ഒരച്ഛന്റെ ഭാവത്തില്‍ ഉറക്കെ പറഞ്ഞു..

          "കുഞ്ഞു മോളെ...വര്‍ക്കീടെ കയ്യീന്ന് വാങ്ങിയ പണം ചാച്ചന്‍ തിരികെ കൊടുത്തെച്ച് വരാം...മോള്‍ടെ കയ്യിലുള്ളത് തിരകെ സമ്പാദ്യ പെട്ടിയില്‍ വെച്ചേക്ക്...ഈ ക്രിസ്തുമസ്സിന് എന്നതായാലും  അമ്മച്ചിക്ക് ഒരു കുരിശ് മാല വാങ്ങിയേക്കാം.."

                                                        മകളുടെ മുഖത്തെ സന്തോഷം മിന്നി കണ്ടപ്പോള്‍ അയാള്‍ ഭാര്യയുടെ നേര്‍ക്ക് തിരിഞ്ഞു..അതൊരു  ഒരു ഉറച്ച ശബ്ദമായിരുന്നു. ഒരു കുടുംബ നാഥന്റെ ഉത്തരവാദിത്തം നിറഞ്ഞ വാക്കുകള്‍

         ''പെണ്ണേ..ആ ഷര്‍ട്ടും, മുണ്ടും എടുത്ത് വെച്ചേര്..ആരുടെ കാല് പിടിച്ചിട്ടായാലും ഫീസ്‌ അടക്കാനുള്ള പണോം കൊണ്ടേ ഞാന്‍ വരൂ..നമുക്ക് തിരിച്ച് കൊടുക്കാം..അതിനൊള്ള കൈബലം കര്‍ത്താവ് ഇനീം തരും.."

                                                       അയാള്‍ നടന്ന്‍ പോകുന്നത്  ആ അമ്മയും, മകളും സന്തോഷത്തോടെ നോക്കി നിന്ന്..ആ ചെറിയ സന്തോഷം സൃഷ്ടിച്ച അലകള്‍ ഒരു ചെറിയ കുടുംബത്തെ സ്വര്‍ഗ്ഗമാക്കിയത് പോലെ..എന്നും ആ സന്തോഷം നിലനില്‍ക്കുമെന്ന പോലെ ചെത്തി തേക്കാത്ത ചുമരിലെ കര്‍ത്താവിന്റെ ഫോട്ടോയിലും ഒരു  തിളക്കം.

                                                    ഇതെല്ലാം  കണ്ട് അമ്മിണിയും മുറ്റത്ത് നിന്ന് ഒന്ന്‍ നീട്ടി കരഞ്ഞു....അവരുടെ കുടുംബത്തിലെ ഭാഗമായതിലുള്ള ഒരു സന്തോഷ കരച്ചില്‍

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                                           









                                               

                                                

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

"അമതം."

                                                   


   
                                                                 സര്‍ ഐസക്ക് ന്വൂട്ടന്‍ ഉദ്യാനത്തിലെ അപ്പിള്‍ മര ചുവട്ടില്‍ വിശ്രമിക്കനിരിക്കുമ്പോള്‍ അപ്പിള്‍ തലയില്‍ വീണു 'ഗുരുത്വാകര്‍ഷണം" കണ്ട് പിടിച്ച കഥ പോലെയല്ല ബേബിയുടെ തലയില്‍ കല്ല്‌ വീണ കഥ...ഇത് വേറെ ലെവല്‍..ബിവറേജസ് കോര്‍പ്പറേഷന്‍ പരിസരത്ത്  ആരെങ്കിലുമായി ഷയര്‍ ഇട്ട് ഒരു ഭവാനി (നിലവില്‍ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ ബ്രാണ്ടി) വാങ്ങാന്‍ നില്ക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ വടക്കേ നടയെ പ്രകമ്പനം കൊള്ളിച്ച് അതാ പോകുന്നു ഒരു പണിയുമില്ലാത്ത കുറേ "അസഹിഷ്ണുത ഖണ്ഡഭാരത " വാദികളുടെ ദേശസ്നേഹം നിറഞ്ഞ ജാഥ..തല ഉയര്‍ത്തി ഒന്ന്‍ നോക്കിയതേ ബേബിക്കും, കൂടെ നിന്ന ശശിക്കും ഓര്‍മ്മ യുള്ളൂ...ഒരു വലിയ കല്ല്‌ ബേബിയുടെ മെടുല്ലാ ഒബ്ലാം കട്ടയുടെ പുറകില്‍..ഒരു കൊച്ച് കല്ല്‌ ശശിയുടെ പുരുഷ കേസരിയുടെ ആവരണ വലയത്തിലെ ഒരു ഉപഗ്രഹത്തില്‍..

                                                             കല്ല്‌ പതിച്ചപ്പോള്‍  ഒരു കിളി പറന്നു പോകുന്നതിന് പകരം ഒരു കൂട്ടം കിളികള്‍  തലയില്‍ വന്ന് കൂട് കൂട്ടിയത്പോ ലെ ശ്രീമാന്‍ ബേബിക്ക് അനുഭവം തോന്നി...തല തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ അകപ്പെട്ടത് പോലെ..ശശിയുടെ  കാര്യത്തില്‍  കല്ല്‌ പതിച്ച ഭാഗത്ത് നിന്നും ഒരു ഗോളാന്തര സന്ദേശം നെറുകയിലൂടെ  കയറി കണ്ണിലൂടെ മിഴിച്ച് പുറത്തേക്ക് നിന്നു..അന്ന്‍  കല്ലില്‍ നിന്നും കിട്ടിയ അറിയാത്ത ജ്ഞാനവുമായി ബേബി ജീവിതത്തില്‍ ആദ്യമായി ഒരു  തുള്ളി കുടിക്കാതെ അധികം ഇരുളും മുന്‍പേ വീടിനുള്ളില്‍ കയറി.."അന്നായിരുന്നു ബേബിയുടെ ബോധി മണ്ഡലത്തില്‍ ജ്ഞാനോദയമുണ്ടായത്..ആ ജ്ഞാന സ്നാനം ലഭിച്ച അവസ്ഥയെ  ഏതോ ഒരു വിവരമുള്ളവന്‍ നിഷ്പ്രയാസം "അമേദ്യ ലഭ്യസി" എന്ന വാക്കാക്കി മാറ്റി..

             "നിങ്ങ അറിഞ്ഞാ..നമ്മടെ പുറമ്പോക്ക് ബേബിക്ക് എന്തോ സാധനം  കിട്ടിന്ന്‍.."അമേദ്യലഭ്യസി"ന്നാണ് അതിന്‍റെ പേര്..നമ്മടെ പഴേ കാലത്തെ മുനിമാര്‍ക്ക് ഉണ്ടായിരുന്ന പോലെ ഒരു ശക്തി.."

                                                           ശശിയില്‍ നിന്നും വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു..ഇന്നലെ വരെ വാര്‍ക്കപ്പണി ചെയ്യാന്‍ പോയിരുന്ന വരുത്തന്‍ ബേബിക്ക് ജ്ഞാനോദയം??മലയാളം  പഠിപ്പിക്കുന്ന കുമാരന്‍ മാഷ്‌ അത് കേട്ട് പൊട്ടി ചിരിച്ചു..ഒപ്പം അര്‍ഥം മനസ്സിലാക്കിയവരില്‍ ചിലരായ  യൂത്തന്മാരും, ഫ്രീക്കന്മാരും...സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഭൂരിഭാഗം ചിലര്‍ക്കും ശശി പറഞ്ഞ അമേദ്യലഭ്യസി മനസ്സിലായില്ല..പറഞ്ഞു നടന്ന ശശിക്കും....

                                                            എന്തായാലും ഒരൊറ്റ ദിവസം കൊണ്ട് ഒരു സാധാരണക്കാരന്‍ ബേബി നാട്ടിലെ അസാധാരണമായ ഒരു ജീവിയായി രൂപാന്തരം പ്രാപിച്ചു."..നാട്ടിലെ ചാത്തന്‍ ദൈവത്തെക്കാളും, പൂക്കോയ തങ്ങള്‍ ജാറത്തേക്കാളും വലിയ പ്രസിദ്ധി..കല്ല്‌ തലയില്‍ വീണ് കിട്ടിയ "അമേദ്യലഭ്യസി" കാണാന്‍ നാട്ടിലെ പൗര പ്രമുഖര്‍ ബേബിയുടെ വീടിനു മുന്നില്‍ വട്ടം കൂടി നിന്നു..അതില്‍ പൂജാരിയും, പേര്‍ഷ്യക്കാരന്‍ ഹനീഫയും, സുവിശേഷം വിളമ്പുന്ന  പീലിയും, പിന്നെ അസംഘ്യം ബാല, കൗമാര, യുവ, വൃദ്ധ ജനങ്ങളും..പിന്നെ കണ്ണ് മിഴിച്ചു കുറേ പെണ്ണുങ്ങളും..

            "അല്ല കിട്ടിയത് അവന്‍ കാണിക്കുമോ?..ഒരു ചെറ്യേ പങ്ക് എനിക്കും തരുല്ലേ അവന്‍..ഒന്നില്ലെങ്കിലും  ഞാനീ വാര്‍ഡിലെ എം.പി യല്ലേ....?"

                                                                ബേബിക്ക് കിട്ടിയതിന്‍റെ പങ്ക് ലഭിക്കാന്‍  കാത്ത് നിന്ന മഹാനായ മെമ്പര്‍ ഓഫ് പഞ്ചായത്തിനെ  നോക്കി കുമാരന്‍ മാഷ് തന്‍റെ ഭാഗം പറഞ്ഞു..

           "കിട്ട്യാ മുഴുത്ത കഷ്ണം നോക്കി വാങ്ങിക്കോ..അവന്‍ കഴുകി കഴിഞ്ഞിട്ടില്ലെങ്കില്‍..വെറുതെ കിട്ട്യാ ....തിന്നണ നായ്ക്കള്.."

                                                                  ഒടുവില്‍ അവര്‍ കാത്തിരുന്ന പോലെ വീടിനു മുന്നില്‍ ബേബിയുടെ പുതിയ രൂപം പ്രത്യക്ഷമായി..തലയിലെ മുടി, മീശ, താടി, പുരികം എന്നീ രോമ കൂപങ്ങള്‍ വടിച്ച് മൊത്തം വെളുപ്പിച്ച മുഖം..മുലകച്ച പോലെ ഉയര്‍ത്തി കെട്ടിയ ഉടുമുണ്ട്.തലക്ക് പിന്നിലെ  കല്ല്‌ പതിച്ച ഭാഗം കെട്ടി പൊതിഞ്ഞ് വെച്ചിരിക്കുന്നു..

        "കൂട പിറപ്പുകളെ..സ്നേഹജനകരെ..ഇന്ന്‍ മുതല്‍ ഞാന്‍ പഴയ വാര്‍ക്ക ബേബിയല്ല..നിങ്ങള്‍ക്ക്  എന്നെ "ബി" എന്ന് വിളിക്കാം..."മതമില്ലായ്മ അതാണ് ഇന്ന്‍ മുതല്‍ എന്‍റെ മതം.."..പ്രകൃതിയാണ് എന്‍റെ ആരാധനാലയം, നന്മയാണ് എന്‍റെ ജീവ ലക്‌ഷ്യം.."

                                                                     അന്ന്‍ തലേന്ന്‍ വരെ "ഞങ്ങ, നിങ്ങ,നമ്മ " അങ്ങിനെ മലയാള ഭാഷ പോഷിണിയില്‍ നിന്നും കടമെടുത്ത വാക്കുകള്‍ സംസാരിച്ചിരുന്ന ബേബി എന്ന "ബി" തനി അച്ചടി ഭാഷ സംസാരിക്കുന്നത് കണ്ടപ്പോള്‍ തന്നെ തെങ്ങ് കയറാന്‍ പോയിരുന്ന, ഇപ്പോള്‍ ലോട്ടറി വില്‍ക്കാന്‍ നടക്കുന്ന സുകുമാരന്‍ ഉറപ്പിച്ചു പറഞ്ഞു..

      "അവനു അമേദ്യ ലഭ്യസി" കിട്ടീത് സത്യാ..കൊടുങ്ങല്ലൂരമ്മ തന്നാണ സത്യം.."

         "കൂട പിറപ്പുകളെ..നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ ഒരു മുറിയില്‍  വലിയ ഒരു ആള്‍ കണ്ണാടി ഘടിപ്പിക്കുക..രാവിലെ ഉണരുമ്പോള്‍ ആ കണ്ണാടിയില്‍ നോക്കി നിങ്ങളുടെ അന്നന്നത്തെ തെറ്റുകള്‍ ഏറ്റ് പറയുക, നല്ല പ്രവൃത്തികള്‍ ആലോചിക്കുക..നല്ലതിനെ തെറ്റുകളില്‍ നിന്നും വേര്‍പ്പെടുത്തി ആ തെറ്റുകള്‍  പിന്നീട് ചെയ്യാതിരിക്കുക..പിന്നെ നിങ്ങളുടെ കണ്ണുകളില്‍ നോക്കി നിങ്ങള്‍ക്ക് നേടേണ്ട ഏതൊരു നല്ല കാര്യത്തേയും കുറിച്ച്  സ്വന്തം മനസ്സിനെ തന്നെ എന്നും ഓര്‍മ്മ പ്പെടുത്തുക..ബലപ്പെടുത്തുക..അങ്ങിനെ രണ്ട്‌ നേരം സ്വയം നിങ്ങളോട്തന്നെ പ്രാര്‍ത്ഥിക്കുക...നിങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ ശരീരം ഏറ്റെടുത്ത് നിറവേറ്റും  വരെ..തുടരുക..ഇവിടേ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ നാഥന്‍.."

      "കല്ല്‌ കൊണ്ടത് ഒബ്ലാം കട്ടയിലാ മോനെ..അതോണ്ട് ചെയ്ത്താന്‍മോറന്‍  പലതും പറയും.."

                                                            അത് പറഞ്ഞ കൂട്ടുക്കാരനെ ചിരിയോടെ ബി ഒന്ന്‍ നോക്കി.. പിന്നെ എല്ലാവര്‍ക്കും മുന്നിലൂടെ പുറത്തേക്ക് ഇറങ്ങി ഇറയില്‍ നിന്നും വെട്ടുകത്തി, ചുമരില്‍ ചാരി വെച്ചിരുന്ന ചൂല്‍, കൈക്കോട്ട് ഇത്യാദി സാമഗ്രികള്‍ എടുത്ത് പുറത്തേക്ക്.."ബി" യുടെ പുറകെ കൂട്ടം കൂടി നിന്നവര്‍ ..ആ ജനമുന്നേറ്റ യാത്ര അവസാനിച്ചത് നഗരത്തിലെ ബസ്സ്‌  സ്റ്റാന്‍ഡില്‍ ആയിരുന്നു..വാനരപ്പട നോക്കി നില്‍ക്കെ "ബി" ചപ്പും, ചവറും, മാലിന്യങ്ങളും  വൃത്തിയാക്കാന്‍ തുടങ്ങി..ഒരു മണിക്കൂര്‍ കൊണ്ട് എല്ലാ മാലിന്യവും ഒറ്റക്ക് വൃത്തിയാക്കി "ബി" കാഴ്ചക്കാരായ എല്ലാവരെയും നോക്കി പറഞ്ഞു..

      "അമത വിശ്വാസത്തില്‍ പ്രകൃതിയാണ് ദേവാലയം..ഓരോ ദിനത്തിലും പ്രകൃതിയെ വൃത്തിയാക്കി സൂക്ഷിക്കണം..വൃത്തിയായി ദേവാലയം സൂക്ഷിക്കേണ്ടത് ഓരോ അമതന്റെയും  കടമയാണ്..ഇതില്‍ വിശ്വസിക്കുന്ന ഓരോരുത്തരും നാഥന്മാരാ...എല്ലാരും സമന്മാര്‍..ചെയ്യുന്ന നന്മകള്‍ കണ്ണാടിയിലെ പ്രതിരൂപത്തോട് ഏറ്റ് പറയുമ്പോള്‍ കര്‍മ്മം ഫലം കാണുന്നു..കണ്ണാടിയിലെ പ്രതിരൂപമായ നാഥന്‍ ആണ്ശരിയും, തെറ്റും വേര്‍തിരിക്കേണ്ടത്..നേര്‍ വഴിക്ക് നടത്തേണ്ടത്..സ്വന്തം  മനസ്സാണ് മാറേണ്ടത്..മനസ്സാക്ഷിയാണ് മാറേണ്ടത്.."

                                                            മിസ്റര്‍.ബി പോകുന്നത് നോക്കി വാ പൊളിച്ച് പല അഭിപ്രായവും മൊഴിഞ്ഞു..ഭൂരിഭാഗവും അയാള്‍ പ്രാന്തനെന്നു മുദ്ര കുത്തി..ചിലര്‍ മാത്രം അയാള്‍ പറഞ്ഞത് സത്യമായി കരുതി, തിരികെ പോകുമ്പോള്‍ വലിയ ആള്‍ കണ്ണാടി വാങ്ങി ആരുമറിയാതെ വീടുകളിലേക്ക് കൊണ്ട് പോയി ഘടിപ്പിച്ചു...അങ്ങിനെ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ "ബി"യുടെ ചെയ്തികള്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി....അമേദ്യലഭ്യസി കിട്ടാന്‍ വേണ്ടി ഒരു വലിയ കല്ല്‌ ആകാശത്തിലേക്ക് എറിഞ്ഞ് തല കാണിച്ച് നിന്ന ശശി തലയില്‍ പന്ത്രണ്ട് സ്ടിച്ചുമായി  നാട്ടിലൂടെ അലയാന്‍ തുടങ്ങി..ശശിയും കൂട്ടുക്കാരും  കുടിച്ച് വലിച്ചെറിഞ്ഞ കുപ്പികളും,അവശിഷ്ടങ്ങളും "ബി"യും കൂടെ ചേര്‍ന്ന ചില പിന്‍ തുടര്‍ച്ചക്കാരായ പ്രവാചകരും ചേര്‍ന്ന്‍ വൃത്തിയാക്കി..ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരം വൃത്തിയായി തുടങ്ങി..മാലിന്യമില്ലാത്ത നഗരം..രോഗമില്ലാത്ത നഗരം..അത് വരെ നിലനിന്നിരുന്ന വലിച്ചെറിയല്‍  സംസ്ക്കാരം അന്യമായി തുടങ്ങി.."

        "ഇതര മതസ്ഥരെ..നിങ്ങളെ ഞങ്ങള്‍ നിര്‍ബന്ധം പിടിച്ച് "അമത" വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നില്ല..ഒപ്പം നിങ്ങളെ നിങ്ങളുടെ വിശ്വാസത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു.."

        "ഇവന്‍ നമ്മുടെ മതങ്ങളെ ഇകഴ്ത്തുന്നവനാണ്..ഇവനെ നിയന്തിക്കണം.."

                                                              അസഹിഷ്ണുത വളരെ വേഗത്തില്‍ നാവില്‍നിന്നും കാതുകളിലേക്ക്. എല്ലാ നാവും ഒന്നായി തന്നെ "ബിയുടെ നേര്‍ക്ക്..എല്ലാ വിഭാഗവും ആ ഒരു കാര്യത്തില്‍ ഐക്യത്തോടെ ഒരുമിച്ച്

        "എടാ മയ്ത്താണ്ടി...നീ നിര്‍ത്തിക്കോ..അല്ലെങ്കില്‍ നിന്‍റെ കഴുത്ത് അറക്കും..നിന്‍റെ കൂടെ നടക്കണ എല്ലാ പ്രാന്തന്മാര്‍ക്കും ഘര്‍ വാപ്പാസി നോട്ടീസ് കൊടുത്ത് കഴിഞ്ഞ്..നീയും ഈ ചവറു വാരലും, കക്കൂസ് വൃത്തിയാക്കലും നിര്‍ത്തി മടങ്ങിക്കോ..സ്വന്തം മതത്തിലേക്ക്.."

        "അതിനെനിക്ക് മതമില്ലല്ലോ.."

        "അപ്പാ നിന്‍റെ ബേബിന്നോള്ള പേര്.."

        "പേര്...നിങ്ങള്‍ പറയൂ..ഞാന്‍ ബേബി രാമനാണോ, ബേബി ജോസ്സഫാണോ, ബേബി അലിയാണോ...എനിക്കറിയില്ല..??

                                                             നഗരത്തിലെ പാവപ്പെട്ട യാചകര്‍ക്ക് ഭക്ഷണം നല്‍കി തിരികെ പോകുന്ന സമയത്താണ് അവര്‍ എല്ലാവരും ചേര്‍ന്ന്‍ "ബി"യെ വളഞ്ഞത്..ബേബിയെന്ന "ബി" എല്ലാവരെയും നോക്കി ചിരിച്ചു..എന്തിനും തയ്യാറായി നില്‍ക്കുന്ന സഹജീവികള്‍..

     "എനിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്..അതിനുത്തരം നിങ്ങള്‍ എന്നെ കൊല്ലുന്നതിന് മുന്‍പ് തരണം.. നിങ്ങളില്‍ എത്ര പേരുണ്ട് സ്വന്തം മതത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍??"

                                                               കൂട്ടത്തില്‍ എല്ലാവരും കൈ ഉയര്‍ത്തി..ബി എല്ലാവരെയും മാറി മാറി നോക്കി..എല്ലാ മതസ്ഥരെയും കണ്ട് ഉയര്‍ത്തിയ കൈകളുമായി....കൂട്ടത്തില്‍ പഴയ കൂട്ടുക്കാരന്‍ ശശിയും, ഹനീഫയും, പീലിയുമുണ്ട്..

     "നിങ്ങളില് എത്ര പേര്‍ സ്വന്തം മത വിശ്വാസമാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കുന്നവര്‍??"

                                                                 അടുത്ത ചോദ്യത്തിനും എല്ലാവരും കൈ പൊക്കി.

     "നിങ്ങളില്‍ എത്ര പേര് സ്വന്തം മതത്തിലെ മറ്റുള്ളവരെ ഒരു ഉപാധിയും കൂടാതെ  സ്നേഹിക്കുന്നുണ്ട്??"

                                                                  അടുത്ത ചോദ്യത്തിനും മുന്നില്‍ നിന്ന ബഹുജന പല വിഭാഗങ്ങള്‍ കൈ പൊക്കി..

      'ശരി ഞാന്‍ സമ്മതിക്കുന്നു..നിങ്ങള്‍ നിങ്ങളുടെ മതത്തിലെ മറ്റുള്ളവരെ സ്നേഹിക്കുന്നുവെന്ന്..അവര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്ന്....ഇനി ഞാന്‍ ചോദിക്കുന്ന ഉത്തരത്തിന് നിങ്ങളോരു  യദാര്‍ത്ഥ ഉത്തരം തന്നില്ലെങ്കില്‍ എന്നെ വെറുതെ വിടണം..

                                                                    എല്ലാവരും സമതത്തോടെ തലയാട്ടി..മിസ്റര്‍ ബി തന്‍റെ മൊട്ടത്തല ഒന്നമര്‍ത്തി തടവി എല്ലാവരേയും വീണ്ടും ഒരു വട്ടം മാറി മാറി നോക്കി...

        "കൂട പിറപ്പേ..ശശീ..നീ നിന്‍റെ ഇളയ പെങ്ങളെ നിന്‍റെ അതേ മതത്തില്‍ പ്പെട്ട ഈ നില്‍ക്കുന്ന തെങ്ങ് കയറാന്‍ പോയിരുന്ന സുകുമാരന്‍റെ മകന് കല്യാണം കഴിച്ച് കൊടുക്കുമോ??"

                                                                      ശശി ഒന്ന്‍ പതറി..ഉത്തരം പറയാന്‍ കഴിയാതെ അയാള്‍ ചുറ്റും നോക്കി..അവസാനം ആ കണ്ണുകള്‍ തന്നെ "ബി"യെ നോക്കി പറഞ്ഞു.. "കഴിയില്ലെന്ന്'

        " നേരത്തെ ഞാന്‍ ചോദിച്ച ചോദ്യത്തിന്  നമ്മുടെ ശശി നല്‍കിയ ഉത്തരം 'സ്വന്തം മതത്തിലെ മറ്റുള്ളവരെ ഒരു ഉപാധിയും മുന്നോട്ട് വെക്കാതെ   സ്നേഹിക്കുന്നുവെന്നാണ്..ഇപ്പോള്‍ പറയുന്ന അതേ വിശ്വാസം ഉള്‍കൊള്ളുന്ന സുകുമാരന്‍റെ കുടുംബത്തെ സ്വീകരിക്കാന്‍ കഴിയില്ലെന്ന്..ഇനി അടുത്ത ചോദ്യം നിങ്ങളോടാണ്‌..ഹനീഫ തന്‍റെ മകളെ മീന്‍ക്കാരന്‍ മോയ്തുന്റെ മോന് കല്യാണം കഴിച്ച് കൊടുക്കാന്‍ തയ്യാറാ?? അത് പോലെ തന്നെ വിശ്വാസിയായ പീലി..നിങ്ങളുടെ അനുജനെ കൊണ്ട് കടപ്പുറത്തെ അവശ വിഭാഗത്തില്‍ പെടുന്ന  മീന്‍ പിടിക്കാന്‍ പോകുന്ന സുരേഷ് തോമസിനെ  കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തയ്യാറാണോ???"

                                                                          ആ ചോദ്യത്തിന് മുന്നില്‍ എല്ലാവരും പതറി..ആര്‍ക്കും ഉത്തരമില്ല..എല്ലാവരെയും നോക്കി മുന്നോട്ട് നടക്കവെ "ബി "തിരിഞ്ഞ് നോക്കി പറഞ്ഞു..

         "അപ്പോള്‍ എല്ലാവര്‍ക്കും സ്വന്തം സാമ്പത്തികം കഴിഞ്ഞേ മതം എന്ന വികാരം  വരൂ..എങ്കില്‍  പിന്നെ നിങ്ങളുടെ വിശ്വാസം വ്യാജമല്ലേ.ഇങ്ങിനെ ഓരോ കാര്യത്തിലും കാണാം വൈരുദ്ധ്യങ്ങള്‍... നിങ്ങള്‍ വാദിക്കുന്ന സമത്വം തെറ്റാണ്..സാഹോദര്യം തെറ്റാണ്.എന്തൊക്കെ ആണെങ്കിലും  നിങ്ങള്‍ എന്നും നിങ്ങളുടെ ആരാധനയെ പിന്തുടരുക..വിശ്വാസിക്കുക.ന.ഒപ്പം മറ്റുള്ളവരേയും  സ്നേഹിക്കുക..മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുക...


                                                                         ഇതല്ലാം കേട്ട് പ്രതികരിക്കാന്‍ കഴിയാതെ നിന്ന അവര്‍ക്കിടയിലൂടെ  സി.ബി.ഐ ഡയറികുറിപ്പിലെ സേതുരാമയ്യര്‍ പോലെ നടന്ന് പോകുന്ന "ബി"യെ നോക്കി ശശിയാണ് പറഞ്ഞതാ..

        ഇവന് "അമേദ്യ ലഭ്യസി" കിട്ടിയത് സത്യാ"...ഇന്ന്‍ മൊതല് ഞാനും ഇവന്‍റെ പിന്നാലെ കൂടാന്‍ പോകേണ്..ടൗണില്‍ പോയിട്ട് ഒരു വലിയ കണ്ണാടി   വാങ്ങണം..എനിക്കും പറയാനുണ്ട് കണ്ണാടിയിലെ രൂപത്തോട് കൊറേ കാര്യങ്ങള്‍...

                                                                             
       
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
   

   












ആല്‍കെമിസ്റ്റില്‍ നിന്നും....

                                         
                         
                                             
                                           ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായിരുന്ന  ജ്ഞാനിയുടെ അടുത്തേക്ക് അയച്ചു.

           "സന്തോഷത്തിന്‍റെ രഹസ്യമെന്തന്നറിയാന്‍??"
                                                         
                                                             കുറേ നാളുകള്‍ അലഞ്ഞു തിരിഞ്ഞ്, ഏതാണ്ട് നാല്പത് ദിവസത്തിനു ശേഷം മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ അവന്‍ ആ ജ്ഞാനിയുടെ അടുത്തെത്തി..കുന്നിന്‍ മുകളിലുള്ള ഒരു മനോഹരമായ വലിയ കൊട്ടാരത്തിലായിരുന്നു ജ്ഞാനി ജീവിച്ചിരുന്നത്..

                                                             അകത്ത് ചെന്നപ്പോള്‍ അവന് വിസ്മയമായി..അവന്‍റെ സങ്കല്പത്തിലുണ്ടയിരുന്നത് അതി ദിവ്യനായ ഒരു സന്യാസി വര്യന്‍ ആയിരുന്നു..പക്ഷെ ഇവിടെ നല്ല തിരക്കും..പല തരത്തിലുള്ള ആളുകള്‍ വന്നു പോകുന്നു..ചിലര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..ഒരിടത്ത് ഒരു ഗാനമേള..അതിനപ്പുറം വിഭവ സമൃദ്ധമായ തീന്‍മേശ.ഓരോരുത്തരെയും വിളിച്ച് ജ്ഞാനി വിവരങ്ങള്‍ അന്വേക്ഷിക്കുന്നു.രണ്ട്‌ മണിക്കൂര്‍ കാത്ത് നിന്നപ്പോള്‍ അവന്‍റെ സമയം മുന്നില്‍ വന്നു.അദ്ദേഹത്തോട് അവന്‍ തന്‍റെ വരവിന്‍റെ ഉദ്ധേശം പറഞ്ഞു....

           "സന്തോഷത്തിന്റെ രഹസ്യം അറിയണമല്ലേ??പക്ഷേ തല്‍ക്കാലം എനിക്കിപ്പോള്‍ അല്പം തിരക്കുണ്ട്..പോയി ഈ കൊട്ടാരമോന്നു ചുറ്റി കറങ്ങി കണ്ടിട്ട് ഒരു രണ്ടര മണിക്കൂര്‍ കഴിഞ്ഞ് വരൂ..

                                                                  ഒരു ചെറിയ സ്പൂണ്‍ എടുത്ത് ജ്ഞാനി അവന്‍റെ കയ്യില്‍ കൊടുത്തു..അതില്‍ രണ്ട്‌ തുള്ളി എണ്ണയും ഉണ്ടായിരുന്നു..

         "വെറുതെ നടക്കണ്ടാ.ഇത് കൂടി കയ്യിലിരിക്കട്ടെ...നടക്കുമ്പോള്‍ എണ്ണ തുളുമ്പി പോകാതെ നോക്കണം.." അദ്ദേഹം പറഞ്ഞു..

                                                                 കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയിറങ്ങി അവന്‍ നടന്നു. പക്ഷെ ശ്രദ്ധ മുഴുവന്‍ സ്പൂണിലും, അതിലെ രണ്ടു തുള്ളി എണ്ണയിലുമായിരുന്നു..എണ്ണ തുളുമ്പി പോകരുതല്ലോ..രണ്ടര മണിക്കൂര്‍ കഴിഞ്ഞ് അവന്‍ ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി..

          'ഓ നീ വന്നോ..എല്ലാം നടന്ന്‍ കണ്ടില്ലേ??ഊണ് മുറിയിലെ തിരശീലകള്‍ പേര്‍ഷ്യയില്‍ നിന്നും പ്രത്യേകമായി നെയ്യിച്ച് കൊണ്ട് വന്നതാണ്‌..നമ്മുടെ ഉദ്യാനം എങ്ങിനെ?? പത്ത് വര്‍ഷമെടുത്ത് അതീ മട്ടില്‍ മനോഹരമാക്കാന്‍..ഗ്രന്ഥപുരയില്‍ പോയില്ലേ??എത്ര മൃദലവും, മനോഹരവുമാണ് ഓരോ തുകല്‍ താളുകളും...???

                                                                      എന്ത് പറയണമെന്ന് അറിയാതെ അവന്‍ പരുങ്ങി നിന്നൂ..വാസ്തവത്തില്‍ അവന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല..കൊട്ടാരം ചുറ്റി കറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍ സ്പൂണിലും, അതിലെ രണ്ട്‌ തുള്ളി എണ്ണയിലുമായിരുന്നു.അതെങ്ങാന്‍ തുളുമ്പി പോയാലോ?? അവന്‍ ജ്ഞാനിയോട് സത്യം തുറന്ന്‍ സമ്മതിച്ചു..

        ''ശരി ഒന്ന്‍ കൂടി എല്ലാം വിസ്തരിച്ച് കണ്ട് വാ..ഇതാണ് എന്‍റെ ലോകം.." തിരികെ നടക്കാന്‍ ശ്രമിച്ച അവനെ അദ്ദേഹം പിന്നില്‍ നിന്നും ഓര്‍മ്മപ്പെടുത്തി.

        'ഒരാളെ വിശ്വസിക്കുന്നതിന് മുന്‍പ് അവന്‍റെ ചുറ്റ് പാടുകള്‍ ഭംഗിയായി മനസ്സിലാക്കിയിരിക്കണം.."

                                                                             അവനു സമാധാനായി..വീണ്ടും ഒരിക്കല്‍ കൂടി അവന്‍ ജ്ഞാനിയുടെ കൊട്ടാരം ചുറ്റി കണ്ടു..അപ്പോഴും ആ സ്പൂണും, രണ്ട്‌ തുള്ളി എണ്ണയും അവന്‍റെ കയ്യിലുണ്ടായിരുന്നു..എല്ലാം വിസ്തരിച്ച് അവന്‍ കണ്ടു..തട്ടിലും, ചുമരിലുമുള്ള അലങ്കാര പണികള്‍, അതി സുന്ദരമായ ഉദ്യാനം, അതിനു ചുറ്റുമുള്ള മലനിരകള്‍, എല്ലാ തരത്തിലും, നിറത്തിലുമുള്ള പൂക്കള്‍, എന്ത് മാത്രം സൗന്ദര്യബോധത്തോടെയാണ് ആ തോട്ടം ഒരുക്കിയിരിക്കുന്നത്..എല്ലാം കഴിഞ്ഞ് ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി കണ്ടതെല്ലാം വിശദമായി അവന്‍ പറഞ്ഞു കേള്‍പ്പിച്ചു..

        "പക്ഷെ നിന്‍റെ കയ്യില്‍ ഞാന്‍ ഏല്‍പിച്ച രണ്ട്‌ തുള്ളി എണ്ണയെവിടെ?? ജ്ഞാനിയുടെ ചോദ്യം.

                                                                                 അപ്പോളാണ് അവന്‍ കയ്യിലിരിക്കുന്ന സ്പൂണിലേക്ക് നോക്കിയത്..അത് ശൂന്യം..

          "നീ പഠിച്ചിരിക്കേണ്ട ഒരു പാഠം മാത്രമേയുള്ളൂ..ജ്ഞാനിയായ ആ വൃദ്ധന്‍റെ പ്രൌഡ ഗംഭീരമായ ശബ്ദം..

            "ഈ ലോകത്തെ സുഖങ്ങളും, സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ..അപ്പോഴും കൈവശമുള്ള സ്പൂണും, അതിലെ രണ്ട്‌ തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം..അത് തന്നെയാണ് സന്തോഷത്തിന്‍റെ ഏറ്റവും വലിയ രഹസ്യം..



ആല്‍കെമിസ്റ്റ് എന്ന നോവലില്‍ പൌലോ കൊയ്ലോ എഴുതി വെച്ച കഥ ശകലം ...സലെഹിലെ രാജാവായ മേല്‍ഷിടെക്ക് സാന്റിയാഗോ എന്നാ ഇടയ ബാലനോട് പറഞ്ഞ കഥയില്‍ ഭൂമിയാണ്‌ സ്വര്‍ഗ്ഗം..അതില്‍ മനോഹരമായി ജീവിക്കാന്‍ ഹൃദയത്തില്‍ സ്നേഹം, സഹാനുഭൂതി ..കാത്ത് സൂക്ഷിക്കുക..





2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

'''പതിനൊന്നാമത്തെ പൊരുത്തം.'''

                                       


               
                                                " മന്വോ..ഡാ നീയിത് നെന്‍റെ സംമമത്തോടെയാണോ ഇതിന് തയ്യാറായിത്"

                     റിസപ്ഷന്‍ നടക്കുന്ന സമയത്ത് അടുത്ത സ്നേഹിതന്‍ ചെവിയില്‍ ചോദിച്ച ചോദ്യം കേട്ട് മനു ആദ്യമൊന്ന് അമ്പരന്നു. വിവാഹ സല്‍ക്കാരത്തിനിടയിലെ കള്ള് പാര്‍ട്ടിയില്‍ നിന്നും കുടിച്ച കള്ളിന്‍റെ മൂര്‍ദ്ധന്യത്തില്‍ ചോദിച്ച ചോദ്യത്തിന് മനു ഒരു ചിരി മാത്രം ഉത്തരം നല്‍കി.
അവന്‍ പോയപ്പോള്‍ അടുത്ത് ഒരുങ്ങി നില്‍ക്കുന്ന പെണ്ണിനെ മനു ഒന്ന്‍ കൂടി പാളി നോക്കി. ഒരല്പം ഇരുണ്ട് മുഖ ഭംഗിയുള്ള, അല്പം ഉയരം കുറഞ്ഞ പെണ്ണ്..എന്നാലും തെറ്റ് പറയാന്‍ കഴിയില്ല...വിവാഹം ഉറപ്പിച്ചതിനു ശേഷം തുടങ്ങിയതാ അടുത്ത സ്നേഹിതരുടെ ചില ഒളിഞ്ഞും, മറഞ്ഞും, ലഹരി മൂക്കുമ്പോള്‍ നേരിലുമുള്ള ചില ഒളിയമ്പുകള്‍..കല്യാണം ഉറപ്പിച്ച് വന്ന രാത്രി റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയിലും കേട്ടതാണ് ചില വിമര്‍ശനങ്ങള്‍..

                                               "ഡാ ഘടീ..ഇതിപ്പോ കെട്ടി കഴിഞ്ഞാ പെണ്ണിനേം കൊണ്ട് മിനിമം ഒരു ഫസ്റ്റ് ഷോ കാണാന്‍ പോകനെങ്കിലും പറ്റണം..ഇതിപ്പോ നെന്‍റെ കാര്യത്തി സെക്കന്‍ഡ് ഷോ കാണാന്‍ പോകാനേ പറ്റൂ.."

                                                "ഒരിച്ചിരി നെറം, ഒരിച്ചിരി പൊക്കോം കൊറവേയുള്ളൂ..പിന്നെ കാണാന്‍ അത്രക്ക് പോരാ.."

                 പിന്നെയും അവര്‍ എന്തോ പറഞ്ഞു..ഒന്നും മനസ്സില്‍ നിന്നില്ല..കുറേ ജാതകം നോക്കി ഒടുവില്‍ വന്ന ബന്ധമാണ്..കാണാന്‍ പോയപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല..എല്ലാവര്‍ക്കും ഇഷ്ടമായതാണ്..ഇന്നിപ്പോള്‍?? മനു ഒന്ന്‍ വീണ്ടും അവളെ നോക്കി..അവളുടെ അടുത്ത കൂട്ടുക്കാരിയാണ് ഇപ്പോള്‍ സ്റ്റേജില്‍ വന്നിരിക്കുന്നത്..മിട്ടായി കൊടുക്കുന്നതിനിടയില്‍ അവളുടെ വക അടുത്ത കമന്റ്..

                                           "മനു ചേട്ടാ...പഠിക്കണ സമയത്ത്  ഇവളുടെ ഏറ്റവും വല്യേ ആഗ്രഹായിരുന്നു..ഔ വെളുത്ത ചെക്കനെ ഭര്‍ത്താവായി കിട്ട യെന്നത്...നീ ഭാഗ്യവതിയാ മോളെ..ഒരു ഹിന്ദി സിനിമ നടനെ പോലെ സുന്ദരനെ തന്നെ നെനക്ക് കിട്ടീല്ലോ"

                 വിവാഹ സല്‍ക്കാരം കഴിഞ്ഞ് കുളിച്ച് വൃത്തിയായി മനു മുറിയിലേക്ക് വന്നു..കല്യാണ ദിവസമായതിനാല്‍ ഒത്തിരി പേര് കയറിയിറങ്ങി അലങ്കോലമായ മുറി, എല്ലാം താളം തെറ്റി കിടക്കുന്നു..ചുളിഞ്ഞ കിടക്ക വിരികള്‍, മാറി കിടക്കുന്ന കര്‍ട്ടന്‍, അലമാരയിലെ പുസ്തകങ്ങള്‍, ഒന്നും താന്‍ വെച്ച പോലെയല്ല..ജീവിതത്തില്‍ പഠിച്ച അച്ചടക്കം മനു എന്നും പാലിച്ചത് വീട്ടിലും, ഓഫീസിലുമാണ്..അത് തെറ്റി കാണുമ്പോള്‍ മനസ്സ് ആലോസരപ്പെടും..

                  കല്യാണം കഴിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം ചിന്തിച്ചത് ഇതെല്ലാമാണ്..സങ്കല്പത്തിലെ ഒരു ഭാര്യ..ആ സങ്കല്‍പത്തിലെ  ആദ്യഭാഗം  തന്നെ പാളിയിരിക്കുന്നു..

         'നല്ല സുന്ദരിയിരിക്കണം.."

                  അതാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്..വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വൈകീട്ട് ഇരുട്ട് വീണപ്പോള്‍ വീഡിയോക്കാര്‍ക്ക് പൈസ നല്കാന്‍ പുറത്തേക്ക് പോയപ്പോള്‍ കസേരയുടെ മറവില്‍ നിന്നും ഏതോ ഒരുത്തന്‍ ആരോടോ പറയുന്നത് കേട്ടപ്പോഴും മനസ്സൊന്നു വിങ്ങി..

         "ചെക്കന്‍ കാശ് കണ്ട് കേട്ടീതാ..ദെന്തൂട്ടാ..കള്ള് ഷാപ്പിന്റെ ബോര്‍ഡ് പോലെ കറുത്ത പെണ്ണും, വെളുത്ത ചെക്കനും..ഛെ.."

                 മുറിയില്‍ പിന്നില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ തിരികെ നോക്കി..അവള്‍..ചമയങ്ങള്‍ ഇല്ലാതെ, ആഭരണങ്ങളില്ലാതെ..ഇപ്പോള്‍ കുറേ കൂടി കറുപ്പ് തോന്നുന്നു..ഒപ്പം മുഖത്ത് ചില കുരുക്കള്‍..അവള്‍ ചിരിച്ച് കാണിച്ചപ്പോള്‍ മനുവും തിരിച്ച് ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ അതും പരാജയപ്പെട്ടു..പിന്നീട് മുഴിഞ്ഞ കിടക്കയില്‍ ഗത്യന്തരമില്ലാതെ നിശബ്ദമായ് കിടക്കുമ്പോള്‍ മനസ്സില്‍ മാത്രമല്ല ശരീരം തമ്മിലും ഒരകലം..അടുത്ത് ഒരു പെണ്ണ്‍ കിടക്കുന്നുണ്ട്..പക്ഷെ ..

                             "എന്ത് പറ്റീ മനുവേട്ടാ.."

                               "ഏയ്‌ ഒരു ചെറ്യേ തലവേദന.."

              പിന്നീട് മനു ഉറക്കത്തിലേക്ക് വീഴുന്നത് വരെ അവളുടെ ബാം പുരട്ടിയ കൈകള്‍ നെറ്റിയില്‍ ഉഴിയുന്നുണ്ടായിരുന്നു..എപ്പോഴോ മനു ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു..മനുവിന്റെ മുഖം അവളുടെ മുഖത്തിനടുത്ത്..ഒരു ചുംബനം നല്കാന്‍ മനുവിന്‍റെ ചുവന്ന ചുണ്ടുകള്‍ അവളുടെ ഇരുണ്ട നിറമുള്ള ചുണ്ടിനടുത്ത്..മനു ചുംബിക്കാന്‍ പോയതും കറുത്ത ചുണ്ടുകള്‍ കണ്ട് മുഖം പിന്‍വലിച്ചു...ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മനു കട്ടിലില്‍ നോക്കി..ക്ഷീണം കൊണ്ട് അവള്‍ ഉറങ്ങി പോയിരിക്കുന്നു..കയ്യില്‍ മുറുകെ പിടിച്ച വിക്സ് കുപ്പി..മഹത്തായ ആദ്യ രാത്രി..

              പിറ്റേന്ന് രാവിലെ മനു ഉണര്‍ന്നത് പതിവിലും വൈകിയാണ്..മുറിയില്‍ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു നില്‍ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി..വൃത്തിയായി വിരിച്ചിട്ട കര്‍ട്ടനുകള്‍, താന്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി അടുക്കി വെച്ച പുസ്തകങ്ങള്‍..ഒപ്പം ടീപ്പോയിയില്‍ ചൂടന്‍ ചായ, പിന്നെ രാവിലത്തെ പാത്രം...അവളെ നോക്കി..കണ്ടില്ല..അവളാണോ ഇതെല്ലാം .അമ്മയാകില്ല.ആരോഗ്യം മോശമായതിന് ശേഷം അമ്മ ഒരിക്കലും തന്‍റെ കാര്യങ്ങള്‍ ചെയ്യ്ത് തന്നിട്ടില്ല..വായ കഴുകാന്‍ ടോയ്‌ലറ്റില്‍ ചെന്നപ്പോള്‍ അവിടേയും മാറ്റങ്ങള്‍..എല്ലാം ചിട്ടയായി, ഭംഗിയായി...ഭാര്യ സങ്കല്പത്തിലെ രണ്ടാം പാദം, അതാണോ അടുക്കും ചിട്ടയും, വൃത്തിയായും മുന്നില്‍..

                                       "നല്ല വൃത്തിയും, ചിട്ടയും, ഉള്ളവള്‍ ആകണം..എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവള്‍.."

                 രണ്ടാം പാദത്തിനു കൌണ്ടര്‍ പോലെ പണ്ട് കൂട്ടുക്കാരന്‍ പറഞ്ഞ വാചകം ഓര്‍മ്മ വന്നു.എന്ത് പോസറ്റീവ് സംഗതിയും നെഗറ്റീവ് ആക്കി തീര്‍ക്കുന്ന ചിന്ത..അവന്‍റെ വാചകം..

                                        ''പുത്തനച്ചി പൊര പ്പുറം വരെ തൂക്കും..ന്‍റെ കെട്ട്യോളും ആദ്യ ദെവസം ചായ ഞാന്‍ എണീക്കും മുന്നേ കൊണ്ടൊന്നു തന്നു..മൂന്നാം ദെവസം മൊതല്‍ അവള്‍ക്ക് ഞാന്‍ തിരിച്ച് കൊടുക്കാന്‍ തൊടങ്ങി..."

                  കുളിയും, പ്രാഥമിക കര്‍മ്മങ്ങളും നടക്കുമ്പോള്‍ മുറിയില്‍ കാല്‍ പെരുമാറ്റം കേട്ടു..എല്ലാം കഴിഞ്ഞ് തിരികെ മുറിയിലെത്തിയപ്പോള്‍ ഭംഗിയായി വിരിച്ച കട്ടിലില്‍ തേച്ച് വെച്ച ഷര്‍ട്ടും, പാന്റും..മനസ്സിലേക്ക് സന്തോഷം പകരുന്ന കാഴ്ചകള്‍...മനു സന്തോഷത്തോടെ വസ്ത്രം ധരിച്ച് ഒരുങ്ങി താഴേക്ക് ചെന്നു.."അവള്‍ എവിടെ'' അടുക്കള വാതിലില്‍ എത്തിയപ്പോള്‍ അവളുടെ സംസാരം, അമ്മയോട്.ചിരിച്ച് കൊണ്ട്.മനു അകത്തേക്ക് കയറാതെ അവിടെ നിന്ന് ശ്രദ്ധിച്ചു..

                                           "അതേ വീട്ടില് മൂത്ത ചേട്ടനും, ചേച്ചീം, പിന്നെ അച്ഛനും വെളുത്തിട്ടാ..ഞാനും അമ്മേം മാത്രം കറുത്തിട്ട്..അതിന് അച്ഛന്‍ തമാശ പോലെ പറയണ കാര്യം എന്താന്ന്‍ മനുവേട്ടന്റെ അമ്മക്ക് അറിയോ?"

                                           "ഇല്ല എന്താ..?"

                                            "ന്‍റെ അമ്മ വിമലക്ക് ആദ്യം ഉണ്ടാക്കാണ എന്തും നന്നായി ഉണ്ടാക്കാനറിയൂള്ളൂന്ന്‍ ..അവസാനം ഉണ്ടാക്കണ ദോശയായാലും, മീന്‍ വറുത്തതായാലും, കൊച്ചായാലും കരിച്ചേ ഉണ്ടാക്കൂള്ളൂന്ന്‍.."

                അതിന് മറുപടി അമ്മയുടെ പൊട്ടി ചിരി ആയിരുന്നു..ചിരിച്ച് ചിരിച്ച് ചുമ വന്നപ്പോള്‍ അയാള്‍ അടുക്കളയിലേക്ക് കയറി ചെന്നു..അയാളെ കണ്ടതും അവള്‍ക്ക് പരിഭ്രമം..അമ്മ ചിരിച്ച് കൊണ്ട്..

                                              "നിന്‍റെ പെണ്ണിന്‍റെ ഒരു കാര്യം.."

                 അവള്‍ വേഗം ഒരു പാത്രമെടുത്ത് ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ വെച്ച് പരിഭ്രമം പൂണ്ട്..

                                              "മനുവേട്ടന്‍ വാ..എല്ലാം റെഡിയാണ്.."

                   കുറേ നാളുകള്‍ക്ക് ശേഷം നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചത് പോലെ അയാള്‍ക്ക് തോന്നി..അത് പോലെ ഉച്ച ഭക്ഷണവും..അയാള്‍ക്ക് ഇഷ്ടമുള്ള കറികളും, വിഭവങ്ങളും..എല്ലാം കൊണ്ടും മനസ്സിനു തൃപ്തി നല്‍കിയ ദിവസം പോലെ..എങ്കിലും പുറത്ത് ബന്ധു വീടുകളില്‍ പോകാനുള്ള അമ്മയുടെ നിര്‍ദേശം മനു കേട്ടില്ല..മുറിയില്‍ അയാളും, അവളും തനിച്ചാകുന്ന സമയത്ത് മനപ്പൂര്‍വം അവര്‍ക്കിടയില്‍ മനു ഒരു മൗനം നിറഞ്ഞ ശൂന്യത സൃഷ്ടിച്ചു..പുസ്തകങ്ങള്‍ വായിച്ചും, സുഖമില്ലെന്നു പറഞ്ഞും ഒരു ശരീരംകൊണ്ട് ഒരകലം..മൂന്ന്‍ ദിവസങ്ങള്‍ കടന്ന്‍ പോയിട്ടും അവള്‍ക്ക് അയാളോട് യാതൊരു വിധ നീരസവും തോന്നിയില്ല..വീട് ഒരുക്കുന്നതിലും, ഭര്‍ത്താവിനു ഇഷ്ടമുള്ള ഭക്ഷണം നല്‍കുന്നതിലും, ഭര്‍ത്താവിന്‍റെ ഇഷ്ടം നോക്കി പരിചരിക്കുന്നതിലും, ..

                                                 "മോനെ നീയോ അവളെ പുറത്ത് കൊണ്ട് പോണില്ല..ആ കൊച്ച് ഇന്നുച്ചക്ക് അതിന്‍റെ വീട് വരെ ഒന്ന്‍ പോയി വരട്ടെ..നാളെ ഉച്ചക്ക് നീ പോയി തിരികെ കൊണ്ട് വന്നോ"

               ഒരു മൂളല്‍ സമ്മതം നല്‍കി..ഉച്ചക്ക് മനസ്സില്ലാമനസ്സോടെയാണ് അവള്‍ പോയത്..മുറിയിലും, വീടിനുള്ളിലും ഒരു ഇരുട്ട് ബാധിച്ച പോലെ അയാള്‍ക്ക് തോന്നി..തോന്നല്‍ അമ്മ തന്നെയാണ് വിളിച്ച് പറഞ്ഞത്..

                                            "ആ കൊച്ച് പോയതോടെ വീടുറങ്ങി..ദൈവാ അതിനെ നമുക്ക് നല്‍കീത്.."

               അമ്മയുടെ വാക്കില്‍ നിന്നും ഭാര്യ സങ്കല്പത്തിലെ മൂന്നാം നിബന്ധന മനു ഓര്‍ത്തുപോയി..മൂന്ന്‍ മാത്രമല്ല, നാലും അതിനെ അനുകൂലിക്കുന്ന മറ്റുള്ളവരുടെ വാക്കുകളും

                                           "സ്നേഹമുള്ള കുട്ടി ആയിരിക്കണം..എല്ലാവരേയും കെയര്‍ ചെയ്യുന്നവള്‍ ആകണം.."

             വീട് പകല്‍ മായുന്നതിനു മുന്‍പേ ഇരുണ്ടത് പോലെ മനുവിന് തോന്നി.മനസ്സ് അവള്‍ പോയതിന് ശേഷം വല്ലാതെ വിഷമിക്കുന്നു..അവളുടെ കൂടെ പോകണമായിരുന്നു..മനസ്സില്‍ കാണാന്‍ തോന്നുന്നത് പോലെ..ആ കറുപ്പിനും ഒരു വശ്യവും, അഴകുമുണ്ട്...ഒരു ഓമനത്വം..മൂന്ന്‍ ദിവസമായി കാണാതെ പോയത്..രണ്ട്‌ ദിവസം മുന്‍പ് അടുത്ത സ്നേഹിതരില്‍ ഒരുവന്‍  പറഞ്ഞ കാര്യം കൊണ്ടാണ് അവളുടെ കൂടെ പോകാതിരുന്നത്..

                                              'എടാ ഇതെല്ലാം ബുദ്ധിയോടെ കൈ കാര്യം ചെയ്താല്‍ ഒരു വര്‍ഷം കൊണ്ട് ഡിവോഴ്സ് നടത്താം..ഒരു കാര്യത്തിനും അവളുടെ വീട്ടിലേക്ക് പോകരുത്, വീട്ടുക്കാരോട് സംസാരിക്കരുത്..അവളോടും അടുപ്പം കാണിക്കരുത്..എന്തിന് പേര് പോലും വിളിക്കരുത്..എന്തിനും ഒരു വലിയ അകലം..കുറേ  കഴിയുമ്പോള്‍ അവര്‍ തന്നെ ഒഴിഞ്ഞു പോകും..നിനക്ക് വേറെ ആറ്റന്‍ പെണ്ണിനേം കെട്ടാം.."

                                              " ചെറ്റേ..ഒരുത്തന്‍റെ കുടുംബം കലക്കാന്‍ നോക്കുന്നോടാ??കൊറച്ച് നെറം കൊറഞ്ഞൂന്നു വെച്ച്..എടാ പത്ത് പൊരുത്തം കൂടാതെ പതിനൊന്നാമത്തെ ഒരു പൊരുത്തമുണ്ട്.."ഭാഗ്യം"..മനു നീ വെറുതെ ഈ കഴുതകള്‍ പറയണ കേട്ട്.."

            വൈകീട്ട് അമ്മയുടെ കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ രുചി തോന്നിയില്ല..കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് മുറിയിലേക്ക്..എല്ലാം താളം തെറ്റിയ പോലെ..ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനു തീരുമാനിച്ചു..

                                               ''നാളെ രാവിലെ ഉറക്കമുണര്‍ന്നാല്‍ അവളെ പോയി കൊണ്ട് വരണം..എനിക്ക് ദൈവം  പതിനൊന്നാമത്തെ പൊരുത്തം ചേര്‍ത്ത് നല്‍കിയ നിധിയാണ്‌ അവള്‍..അത് മനസ്സിലാക്കാന്‍ കഴിയാതെ കറുപ്പിന്റെ പേരില്‍..."

          രാവിലെ ഉണര്‍ന്നപ്പോള്‍ മുന്നില്‍ കണ്ടത് ടീപ്പോയില്‍ ചൂടന്‍ ചായയും,പിന്നെ ന്യൂസ് പേപ്പറും,മുറിയില്‍ ഒരു സുഗന്ധ പൂരിതമായ വെളിച്ചം..മനസ്സില്‍ പുതിയ ഒരു ഉണര്‍വ്..

                                             "അവളായിരിക്കുമോ?? അല്ലെങ്കില്‍ അമ്മ..??

         താഴെ നിന്നും ഒരു ഒരു ചിരി..അതിന്റെ തുടര്‍ച്ച പോലെ അമ്മയുടെ ചിരി..അയാള്‍ രണ്ടും കല്പിച്ച് കല്യാണം കഴിഞ്ഞ് ആദ്യമായി ഉറക്കെ, സ്നേഹത്തോടെ വിളിച്ചു..

                                            "നിഷാ...."
       
           ആ വിളിയുടെ തുടര്‍ പ്രതിധ്വനി പോലെ കോണി പ്പടികള്‍ ആരോ ചാടി കയറി വരുന്നു..ഒരു വലിയ കിതപ്പോടെ മുന്നില്‍ അവള്‍..പകച്ച് വലിയ കണ്ണുകള്‍ പുറത്തേക്ക് തള്ളി

                                          ''എന്താ മനുവേട്ടാ..ചായക്ക് ചൂട് പോരെ??"

            അവന്‍ അവളെ പ്രണയത്തോടെ അടി മുടി നോക്കി..ആദ്യമായി കാണുന്നത് പോലെ..അവളുടെ കിതപ്പ് സാവധാനം നെഞ്ചിടിപ്പായി മാറി അവനില്‍ നിന്നും ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയോടെ..

                                            "എപ്പോഴോ വന്നത്??"

            ആ കണ്ണുകള്‍ വീണ്ടും താമര പോലെ വിടര്‍ന്നു..സന്തോഷം, സങ്കടം, കണ്ണ് നീര്‍ എല്ലാം സമം ചേര്‍ത്ത ഭാവം..

                                             "പോയിട്ട് രാത്രി ഉറങ്ങാന്‍ പോലും പറ്റിയില്ല..മനുവേട്ടനെ  കാണാന്‍ പറ്റാതെ കൊറേ കരഞ്ഞു..വെളുപ്പിന് അഞ്ചു മണിക്ക് ചേട്ടന്‍ കൊണ്ടോന്നാക്കി. ഇവിടെ വന്ന് മനുവേട്ടനെ കണ്ടപ്പോ സമാധാനായി...ഏട്ടനില്ലാതെ എനിക്ക്.....

             അവളുടെ വാക്കുകള്‍ മുഴുവനാക്കാന്‍ സമ്മതിക്കാതെ മനുവിന്‍റെ ചുണ്ടുകള്‍ ആ വാക്കുകളെ വിഴുങ്ങി..തരിച്ച് നിന്ന നിഷയെ കുറേ സമയം ആ ചുണ്ടുകള്‍ കീഴടക്കി..ഒരു വാക്ക് പോലും പറയാന്‍ സമ്മതിക്കാതെ..പിന്നെ അവന്‍റെ കൈകള്‍ ടേബിളിലെ കുങ്കുമ ചെപ്പിലേക്ക്..അതില്‍ നിന്നും ഒരു നുള്ള് എടുത്ത് നിഷയുടെ സീമന്ത രേഖയിലേക്ക്..

             നെഞ്ചില്‍ ചാഞ്ഞു കിടക്കുന്ന നിഷയെ പതുക്കെ തള്ളി മാറ്റി മനു ചിരിയോടെ അവളുടെ ചെവിയില്‍ പറഞ്ഞു..

                                                 "ഞാന്‍ പല്ല് തെച്ചിട്ടില്ലാ..വായ നാറുന്നുണ്ടാകും.."

             നിഷ അവനെ ഒന്ന്‍ കൂടി മുറുകെ പുണര്‍ന്ന്‍ ആനന്ദ നിര്‍വൃതിയോടെ പറഞ്ഞു..

                                                 "സാരല്ല്യ..ഈ താലി കഴുത്തില്‍ വീണേല്‍ പിന്നെ ഈ  നിശ്വാസമാണ് എന്‍റെ ശ്വാസം.."
   
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                       

           

                         




                 

       





     










2016, ഫെബ്രുവരി 17, ബുധനാഴ്‌ച

ഗങ്ങാരന്‍ പാര്‍ക്ക്.."

                                           


                                       
                                   ആരാണ് ഇങ്ങിനെയൊരു പേര് നല്‍കിയതെന്ന് അറിയില്ല..ഒരു പക്ഷെ ഞങ്ങളുടെ നാട്ടിലെ ആര്‍ക്കും അറിയില്ല..കാലം പതിച്ച് നല്‍കിയ ഒരു പേരായിരിക്കാം...എങ്കിലും ഇന്നും മനസ്സിലെ ഭൂതക്കാലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരോര്‍മ്മ..അതാണ് ഗങ്ങാരന്‍ പാര്‍ക്ക്..അടുത്ത സ്നേഹിതന്‍ ശ്രീജുവിന്റെ അച്ഛന്‍ ഗംഗാധരന്‍ ചേട്ടന്‍ ആയിരുന്നു മൂന്ന്‍ വശത്തും പ്രവേശനമുള്ള റോഡിനരികില്‍ നിന്നിരുന്ന ആ സ്ഥലത്തിന്‍റെ ഉടമ..ആ സ്ഥലമായിരുന്നു ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ അംഗീകൃത കളിസ്ഥലം..അതായിരുന്നു ഞങ്ങളുടെ പാര്‍ക്ക്..അത് തന്നെ ആയിരുന്നു ഞങ്ങളുടെ നാഷണല്‍ സ്റ്റേഡിയവും...

          "അമ്മേ ഗങ്ങാരന്‍ പാര്‍ക്കില്‍ കളിക്കാന്‍ പൊയ്ക്കോട്ടേ?"

                                           ക്രിക്കറ്റ് എന്ന വിനോദം കടന്ന്‍ വന്നിട്ടില്ലാത്ത ഒരു ബാല്യ ക്കാലം..അന്ന്‍ സ്ക്കൂള്‍ വിട്ട് വന്നാല്‍ ചായ കുടി കഴിഞ്ഞാല്‍ ആദ്യം പോകാന്‍ കൊതിക്കുന്നത് ഗങ്ങാരന്‍ പാര്‍ക്കിലേക്ക് ആണ്...പ്രദേശത്തെ ഒരു വിധം ബാല്യ കൌമാരങ്ങളും അവിടെ ആ സമയത്ത് ഉണ്ടാകും..എന്നോ അന്യം നിന്ന് പോയ കലാരൂപങ്ങളും, വിനോദങ്ങളുമായി..മനസ്സില്‍ ജാതിയും, മതവും, പാര്‍ട്ടിയും, വേര്‍തിരിവുമില്ലാതെ...

                                              അമ്മയുടെ സമ്മതം വാങ്ങി പോകുന്നതിനു മുന്‍പ് വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടിക്കുന്ന കറുത്ത പൂഴിമണ്ണ്‍ തേടി പോകും..അവിടെ കുഴിയാനകള്‍ കൂട്ടി വെച്ച മണ്‍കുഴികളിലെവിടെയോ തലേന്ന്‍ ഞാന്‍ ഒളിപ്പിച്ച് വെച്ച അരിയാ സുണ്ട (ഗോലി) എടുത്ത് തുടച്ച് പൊക്കറ്റില്‍ ഇടും..പോക്കറ്റില്‍ ഇടുന്നതിനു മുന്‍പ് പോക്കറ്റ് പരിശോധിക്കണം..ഒരു ചെറിയ തുള മതി വൈരം പോലെ സൂക്ഷിക്കുന്ന ഗോലികള്‍ നഷ്ടപ്പെടാന്‍..കുഞ്ഞി മോഷ്ടാക്കളെ പേടിച്ചാണ് വൈകുന്നേരം ആരും കാണാതെ കുഴിച്ചിടുന്നതും.അത്രയും വിലപ്പെട്ട നിധിയായിരുന്നു ആ പളുങ്ക് ഗോളങ്ങള്‍..പിന്നെ വേണ്ടത് തീപ്പെട്ടി പടമാണ്..അത് ഒളിച്ചു വെച്ചിരിക്കുന്നത് ഉപയോഗിക്കാത്ത പുതിയ അടുക്കളയിലെ പഴയ ഒരു കിണ്ടിയില്‍..എത്രയോ ദിവസങ്ങള്‍ പലയിടത്തും അലഞ്ഞു അവിടെ നിന്നും കിട്ടുന്ന തീപ്പെട്ടി സംഘടിപ്പിച്ച് അതില്‍ നിന്നും കീറിയെടുത്ത വിലപ്പെട്ട മറ്റൊരു വസ്തു..അതും അടുത്ത പോക്കറ്റില്‍ നിക്ഷേപിക്കും..അടുത്തത് കൊത്ത് കൊണ്ട് ചേട്ടന്‍ ഉപേക്ഷിച്ച ഒരു മര പമ്പരവും, അതിന്‍റെ നൂലും..എല്ലാം പോക്കറ്റില്‍ തിരുകി പോകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ വാത്സല്യം കലര്‍ന്ന ഒരു മുന്നറിയിപ്പ്...

       "വെളക്ക് കത്തിക്കണേ മുന്ന് പോന്നൊ...അല്ലെങ്കി ഞാന്‍ വടീം കൊണ്ട് വരും.."

                                       ഉരിഞ്ഞു താഴെ പോകുന്ന ട്രൗസര്‍ ഒന്ന്‍ കൂടി ഉറപ്പിച്ച് മുറ്റത്തെ തെങ്ങില്‍ ചാരി വെച്ചിരിക്കുന്ന പഴയ സൈക്കിള്‍ ടയര്‍ എടുത്ത്, അതിനുള്ളില്‍ തിരുകി വെച്ച വടിയെടുത്ത് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും...വായ കൊണ്ട്...

             "ടറും..ട്രും..ട്രൂം.."

                                     വായ കൊണ്ട് തന്നെ ആക്സിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വടി കൊണ്ട് ടയര്‍ പതുക്കെ ഉരുട്ടി പാര്‍ക്കിലേക്ക്..കട്ടപ്പുള്ളി വളവില്‍ നീട്ടി ഹോണ്‍ അടിക്കണം...അപ്പുറത്ത് നിന്ന് ഒരു ടയര്‍ വണ്ടി വന്നോലോ..വായില്‍ തന്നെ ഘടിപ്പിച്ച എയര്‍ ഹോണ്‍ നീട്ടിയടിക്കും...

           "പീ..പീ..പീ..."

                                   അടുത്ത വളപ്പ് ചക്കി, അമ്മിണി,വിലാസു എന്നീ മൂന്ന്‍ ചേച്ചി അനുജത്തിന്മാരുടെതാണ്..വീടിനു മുന്നില്‍ വൈകുന്നേരങ്ങളില്‍ പരസ്പരം തലയില്‍ നിന്നും പേനെടുത്ത് തീരാത്ത വര്‍ത്തമാനം പറഞ്ഞിരിക്കുന്ന അവര്‍ എന്നെ കാണുമ്പോള്‍ എന്നും ചോദിക്കുന്ന ചോദ്യം ആവര്‍ത്തിക്കും...

         "തക്കുടു മോന്‍ കളിക്കാന്‍ പോവാ??"

                                  ഏതാനും അടി മുന്നോട്ട് വെച്ചാല്‍ ചരിത്ര പ്രധാനമായ ഗങ്ങാരന്‍ പാര്‍ക്ക്.മുന്നില്‍  ആവേശമായി..കരിങ്കോട്ട മരവും, ചീമ പത്തലും അതിരിടുന്ന പാപ്പു ചേട്ടന്‍റെ പറമ്പില്‍ നിന്നോ, ചെങ്കല്ലു വിരിച്ച അനാറ്റ് റോഡില്‍ നിന്നോ പാര്‍ക്കിലേക്ക് പ്രവേശിക്കാം..അവിടെ നിന്നും കയറുന്നത് അന്താരാഷ്ട്ര നിലവാരമുള്ള കാര്‍ റേസിങ്ങ് ട്രാക്കിലേക്ക്..വളഞ്ഞു പുളഞ്ഞു സൃഷ്ടിച്ച ഒരു ഉഗ്രന്‍ ട്രാക്ക് എന്നും വളര്‍ന്ന്‍ വരുന്ന മുത്തങ്ങ, കൊട്ടങ്ങ,മുക്കൂറ്റി, തുമ്പ എന്നീ കൊച്ചു ചെടികളും, പെരു, ഊരാന്‍ കായ ചെടി, കുറുന്തോട്ടി എന്നീ കുറ്റി ചെടികളും പറിച്ച് വൃത്തിയാക്കി നിര്‍മ്മിച്ച ട്രാക്കില്‍ "മേക്ക് ഇന്‍ ഇന്ത്യ" വാഹനങ്ങള്‍ ചീറി പായുന്നുണ്ടാകും..എന്നേക്കാള്‍ കുറച്ചു മുതിര്‍ന്നവര്‍, എന്‍റെ ചേട്ടന്‍റെ പ്രായത്തിലുള്ള സംഘമാണ് അവിടുത്തെ പ്രമാണികള്‍ ..അത്തരം വാഹനം ഉണ്ടാക്കുന്നതിലും വൈദഗ്ദ്യം വേണം..നല്ല ക്ഷമയും, സാങ്കേതിക തികവും ആവശ്യമാണ്.പിന്നെ അധികം തേയാത്ത ചെരിപ്പും വേണം..

                               അവിടെ ചീറി പായുന്ന വണ്ടികളില്‍ ഏറ്റവും മികച്ചത് "മുല്ലേഴത്ത് മുരളി''യുടെതാണ്...നല്ല പഴയ ലൂണാര്‍ ചെരിപ്പില്‍  ചക്രങ്ങള്‍ തുല്യമായി കോമ്പസ് ഉപയോഗിച്ച് സമ അളവില്‍ വെട്ടിയെടുത്ത്, കുട കമ്പിയുടെ ഇരു വശത്തും കോര്‍ത്ത് നടുവില്‍ ഒരു പ്ലാസ്ടിക്ക് പൈപ്പ് പിടിപ്പിച്ച് അതിന്‍റെ  നടുവില്‍ നിന്നും മുള കഷ്ണം കൊണ്ട് നീളത്തിലുള്ള ഒരു കമ്പ് വെച്ച് അതിനറ്റത്ത് വഴുത പന്തന്‍ വളച്ച് നല്ലൊരു സ്ടീയരിങ്ങു വീല്‍ പിടിപ്പിച്ച അതി മനോഹരമായ അലങ്കരിച്ച ഒരു വണ്ടി...അതായിരുന്നു റേസിങ്ങ് ട്രാക്കിലെ ഹീറോ..ഞങ്ങള്‍ കുട്ടികള്‍ ആ വണ്ടിയും നോക്കി ഇരിക്കുമ്പോള്‍ അതി വിദഗ്ദനെ പോലെ മുരളി ട്രാക്കില്‍ വണ്ടിയോടിക്കും..എതിരെ വരുന്ന അതേ രൂപമുള്ള ചെരിപ്പ് ചക്ര വണ്ടികള്‍ക്ക് ഒരു അമ്മായി  പീപ്പി(അമ്പല പറമ്പില്‍ നിന്നും വാങ്ങുന്ന) കൊണ്ട് മുന്നറിയിപ്പ് നല്‍കും..മുരളിയുടെ ചെരിപ്പ് വണ്ടിയുടെ പിന്നില്‍ ചില സമയത്ത് പഴയ ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ട് ഉണ്ടാക്കിയ എട്ടു ചക്രമുള്ള ട്രെയിലറും കാണാം..രണ്ടു പിടി മണ്ണുമായി ട്രാക്കില്‍ ഓടി നടക്കുന്നത് കണ്ടിട്ട് അത് പോലെ ഒരെണ്ണം സ്വന്തമാക്കാന്‍ മനസ്സ് കൊതിച്ചതിന്റെ അളവ് എത്ര പറഞ്ഞാലും തീരില്ല..

                            ട്രാക്കില്‍ നിന്നും കുറച്ച് മുന്നോട്ട് നടന്നാല്‍ ഒരു മൂവാണ്ടന്‍ മാവാണ്..എന്നും പൂക്കുന്ന, കായ്ക്കുന്ന ഒരു മാവ്..അതിന് ചുവട്ടില്‍ എന്‍റെ ചില സമപ്രയ വീരന്മാര്‍ ചുറ്റി നടക്കുന്നുണ്ടാകും..പൊഴിയുന്ന കണ്ണി മാങ്ങകള്‍ തേടി..പലരുടേയും മുഖവും, ചുണ്ടും മാങ്ങ കറ കൊണ്ടോ, കശുമാങ്ങ കറ കൊണ്ടോ പൊള്ളിയ അടയാളങ്ങള്‍..ബട്ടന്‍സ് പോയ നിക്കര്‍ ഇരുവശത്തും മടക്കി കുത്തി മാവിലേക്ക് നോക്കി നടക്കുന്ന ജൂനിയേഴ്സ്‌...

                         "നാട്ടിലെ രാജാവിന്‍റെ മൂട്ടിലൊരു ഓട്ട.."

                        "പോസ്ടാപ്പീസ് തുറന്ന്‍ കെടക്ക്ണു..ഒന്നടച്ച് വെക്കടാ പിത്ത കാടീ.."

                         ഏതെങ്കിലും വിരുദന്മാരുടെ ട്രൌസറിന്‍റെ പിന്‍ ഭാഗത്തോ, മുന്‍ ഭാഗത്തോ കാണുന്ന തുളയെ കളിയാക്കുന്ന വരികള്‍.. പാര്‍ക്കില്‍ കുഞ്ഞന്മാരായ ഞങ്ങള്‍ പലപ്പോഴും കാണികള്‍ തന്നെ..എല്ലാം കണ്ട് നടന്ന്‍ ആസ്വദിക്കുന്ന കാണികള്‍..മാവിന്‍ ചുവട്ടില്‍ നിന്നും മുന്നോട്ട് പോയാല്‍ അരിയസുണ്ട യുടെ ലോകമാണ്.."ആമ കളി, കുഴി കളി, രാശി കളി.." ആമ കളിയാണ്‌ പ്രധാനം..ഒരാളുടെ കയ്യില്‍ നിന്നും ഉണ്ടകള്‍ കയ്യില്ലാക്കാന്‍ നടക്കുന്ന ഉന്നം വേണ്ട കളി..കീശ നിറയെ ഉണ്ടകളും കിലുക്കി  വരച്ച കളത്തില്‍ നേരെ ഉണ്ടയെറിഞ്ഞു, പുറത്ത് പോയത് എതിരാളി കളത്തിലേക്ക്‌ നടു വിരലും,തള്ള വിരലും കൊണ്ട് കളത്തിലേക്ക് തിരിച്ച് തള്ളി, ചൂണ്ടി കാണിക്കുന്ന ഉണ്ടയെ മറ്റുള്ള ഉണ്ടകളില്‍ തട്ടാതെ അടിച്ചു തെറിപ്പിച്ചാല്‍ കളത്തിലെ മുഴുവന്‍ ഉണ്ടകളും സ്വന്തമാക്കുന്ന കളി..പ്രധാന കളിക്കാരന്‍ ഷാജിയാണ്..ഷാജിയുടെ ആമ കളിയിലെ ഉന്നവും പ്രസിദ്ധമാണ്..ഇരു കീശകളിലും കളിച്ചു കിട്ടിയ ഉണ്ടകള്‍, അതിനു പുറകെ അസോസിയേറ്റ് പോലെ  കൂട നടക്കുന്നവന്റെ കയ്യിലെ പ്ലാസ്ടിക്ക് കുപ്പിയില്‍ നീലയും, പച്ചയും, ചുവപ്പും, വെള്ളയും നിറമാര്‍ന്ന ഉണ്ടകള്‍..ഷാജിയുടെ കയ്യിലെ "വക്കന്‍" എന്ന് പറയുന്ന അരിയസുണ്ട നാട്ടില്‍ പ്രസിദ്ധമാണ്..അത് കൊണ്ടാണ് ഷാജി എന്നും കളത്തിലെ കായകളെ അടിച്ചു തെറിപ്പിക്കുന്നത്..ആ വക്കനോടും , നെല്ലിപ്പറമ്പത്ത് ഷാ ജിയോടും  കുഞ്ഞന്മാരായ ഞങ്ങള്‍ക്ക് ആരാധനയിരുന്നു..

                                                  പാര്‍ക്കില്‍ പിന്നെ  മുന്നോട്ട് നടന്നാല്‍ വേദനയുടെ ലോകമാണ്..രാശി കളിയുടെ അവസാന ഘട്ടം..മൂന്ന്‍ കുഴികളില്‍ "പച്ച" ചപ്പി ഒന്ന്‍, രണ്ട്‌ ..എന്നിങ്ങനെ രാശി വരെ നീളുന്ന വിവിധ കുഴികള്‍ താണ്ടി, അതിനിടയില്‍ അടുത്ത് കാണുന്ന എതിരാളിയുടെ അരിയാസുണ്ടയെ "ആരു തടുത്താലും വലിച്ചെറിയും" എന്ന നിയമപരമായ മുന്നറിയിപ്പ് നല്‍കി അടിച്ചു തെറിപ്പിക്കുന്ന കളി..അവസാനത്തെ രാശിക്കാരനാണ് ഹതഭാഗ്യന്‍..ആദ്യം രാശി നേടിയ ആള്‍ മുതല്‍ താഴോട്ട് അവസാനക്കാരനെ ശിക്ഷിക്കാം..ആദ്യത്തെ കുഴിയുടെ അരികില്‍ കൈ മടക്കി വെച്ച് അവസാനമായ പാവം കണ്ണുമടച്ച് ഇരിക്കും..മൂന്നാമത്തെ കുഴിയുടെ അടുത്ത് നിന്നും ജയിച്ചവര്‍ ചൂണ്ടു വിരലില്‍ ഉണ്ട വെച്ച് അവസാനക്കാരന്റെ മടക്കി വെച്ച കൈയുടെ നേരെ തൊടുത്ത് വിടും..ചിലത് കൊള്ളും, ചിലത് ലക്‌ഷ്യം തെറ്റും..കൊള്ളുമ്പോള്‍ അടിച്ചവന്‍ ചിരിക്കും..അടി കൊണ്ടവന്‍ വേദന കൊണ്ട് പുളയും..

                                                  പിന്നെയും  മുന്നിലേക്ക് പോയാല്‍ പമ്പരം കൊത്താണ്..അതും വേദനയുടെ, കളിയാണ്‌..ആപ്പ് എടുക്കാന്‍ വൈകിയാല്‍ തോല്‍വി..തോറ്റവന്റെ പമ്പരം കളത്തില്‍ വെച്ച് മറ്റുള്ളവര്‍ നൂല് ചുറ്റി ഉന്നം നോക്കി ആഞ്ഞു കൊത്തും..ആ പമ്പരത്തില്‍ വീഴുന്ന കുത്തുകള്‍ അതിന്‍റെ ഉടമസ്ഥന്റെ ഹൃദയത്തിലാണ് പതിക്കാറുള്ളത്..പമ്പരത്തില്‍ വീണ കുത്തുകള്‍ കണ്ട് കണ്ണ്‍ നിറയുന്ന എത്ര പേര്‍..പമ്പരം കളിയില്‍ അന്നത്തെ വിദഗ്ദന്‍ നടുമുറി സിദ്ധാനാണെന്നാണ് ഓര്‍മ്മ...എങ്കിലും പമ്പരം കറക്കി കൈയ്യിലും, കൈ തണ്ടയിലും, കാലിലും വെച്ച് ചില പൊടി കൈകള്‍ കാണിക്കുന്ന "കൊക്കൊത്തി രവി എന്ന കൂനന്‍ രവിയും മനസ്സില്‍ കടന്ന്‍ വരുന്നു..

                                                  അതിനപ്പുറം റോഡിന്‍റെ മറുവശം വരെ നീളുന്ന ലോകം പെണ്‍കുട്ടികളുടെ മാത്രമാണ്...പിന്നെ ഞങ്ങളെ പോലുള്ള കുഞ്ഞന്മാരുടെയും....നീളത്തില്‍ കളം വരച്ച് വട്ടു  കളിക്കുന്നവര്‍...

               "ആമാ റൈറ്റ്.. യെസ്...  ഒടുവില്‍ വരയില്‍ ചവിട്ടുമ്പോള്‍ "നോ" വിളി ഉയരുന്നു..പിന്നെ അടുത്ത ആളുടെ അവസരം..ചിലപ്പോള്‍ തൊങ്ങി തൊട്ട് കളിക്കുന്നതും കാണാം..ഒരു കളതിനകത്ത് തൊങ്ങി നടക്കുന്നായള്‍ പൊട്ടന്‍ എന്നറിയപ്പെടും..ഒറ്റകാലില്‍ തോങ്ങി കൊണ്ട് കളത്തിനകത്ത് കബളിപ്പിച്ച് ഓടുന്നവരെ തോങ്ങി തോടുക..ആരെയാണ് തൊടുന്നത് ആ നിമിഷം മുതല്‍ അയാള്‍ ആയിരിക്കും അടുത്ത പൊട്ടന്‍..കായികമായ ശാരീരികമായ ചലനങ്ങള്‍ വേണ്ടന്ന് വെച്ച് ഇരുന്ന്‍ കളിക്കുന്ന കൂട്ടരുണ്ട്..കല്ല്‌ കളിയും, പുള്ളിക്കളിയും ആണ് പ്രധാനം..രണ്ട്‌ കൂട്ടമായി തിരിഞ്ഞ് രണ്ട്‌ ഭാഗത്ത് പരസ്പരം തമ്മില്‍ കാണിക്കാതെ മണ്ണ്‍ കൊണ്ട് ചെറിയ പുള്ളികള്‍ ഉണ്ടാക്കി വെക്കും..ഉണ്ടാക്കി കഴിഞ്ഞാല്‍ ഉറക്കെ വിളിച്ച് പറയും.."പുള്ളിക്കും പുള്ളിക്കും തീ പിടിച്ചേ..." പിന്നെ ഇരു ഭാഗവും ഇരു വശത്ത് പോയി പുള്ളികള്‍ കണ്ട് പിടിച്ച് മായ്ച്ച് തുടങ്ങും...അവസാനം എല്ലാം കഴിയുമ്പോള്‍ കണ്ട് പിടിച്ച് മായ്ക്കാന്‍ കഴിയാത്ത പുള്ളികള്‍ പരസ്പരം കാണിച്ച് എണ്ണി തുടങ്ങും..ഏറ്റവും കൂടുതല്‍ പുള്ളികള്‍ മായ്ക്കാതെ അവശേഷിച്ച സംഘം വിജയികള്‍..

               മറ്റ് ചിലര്‍ പരസ്പരം തോളില്‍ കൈയ്യിട്ട് രണ്ട്‌ ഗ്രൂപ്പായി തിരിഞ്ഞ് ഉറക്കെ പാട്ട് പാടി കളിക്കും..അതും കണ്ടിരിക്കാന്‍ രസമാണ്..

             "ആതി രാവിലെ പൂ പറിക്കാന്‍ പോരുമോ??
               ആരെ നിങ്ങള്‍ക്കാവശ്യം..."

                                   മറ്റൊരു കൂട്ടര്‍ അഞ്ചു കല്ലുകള്‍ കൊണ്ട് അമ്മാനമാടുന്ന കളി...ഗങ്ങാരന്‍ പാര്‍ക്കില്‍ കളിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഇഷ്ടമാ..സ്വന്തം വീട്ടില്‍ കളിച്ചാല്‍ മാതാപിതാക്കള്‍ ചീത്ത പറയുന്നത് കൊണ്ട് പാര്‍ക്കില്‍ വന്നിരുന്ന്‍ കളിക്കും....

             'കല്ല്‌ കളിച്ചാ കുടുംബത്തെ ദാരിദ്ര്യം മാറില്ലാത്രേ"

                                                      ഇതിനെല്ലാം പുറമേ ഒരു മൂലയില്‍ കുറച്ച് കൂടി മുതിര്‍ന്നവരുടെ സംഘമുണ്ട്..നാട്ടിലെ യുവാക്കള്‍..മുല്ലേഴത്ത് വിജയ ചേട്ടനും, ജഗദീശ ചേട്ടനും, സീതി ബഷീര്‍ക്കാ  അങ്ങിനെ മറ്റ് ചിലര്‍..ഒരു തെങ്ങിന്‍ ചുവട്ടില്‍ പഞ്ചീസ് കളിക്കുന്ന സംഘം..ആവേശവും, ഒച്ചയും നിറഞ്ഞ കളിയില്‍ ചിലപ്പോള്‍ ചില തര്‍ക്കങ്ങള്‍ ഉരി തെരിയും...ഇത്തള്‍ കറക്കി മുകളിലേക്ക് എറിഞ്ഞു "പൊടി, അഞ്ച്, പതിനാറ് എന്നിങ്ങനെ എറിഞ്ഞു വീഴ്ത്തി കല്ലും,വടിയും കരുവാക്കി കളത്തിനു നടുവില്‍ പഴുക്കാന്‍ വിടുന്ന ആവേശം നിറഞ്ഞ കളി..

        "വീഴടീ മോളെ പതിനാറ്..."

        "ഒരു പൊടി വീഴ്ത്ത്  ചക്കരേ.."

                                                       ഈ കളികളില്‍ ഒന്നും ഉള്‍പ്പെടാന്‍ കഴിയാത്ത ഞങ്ങളുടെ കുഞ്ഞന്‍ സംഘത്തിനു ചില കുസൃതികള്‍ ആണ് വിനോദം...തീപ്പെട്ടി പടം കളിയും, ഇടക്ക് ചേട്ടന്മാരെ അനുകരിച്ച് പമ്പരം കൊത്തിയും, (പമ്പരം കറങ്ങില്ല.).പരസ്പരം മണ്ണ്‍ വാരി കളിച്ചും, ഊരാന്‍ കായ പറിച്ച് മുടിയിലും, ട്രൗസറിലും ഇട്ടും, കൂവചെടിയുടെ ഇളം കതിര്‍ എടുത്ത് അതില്‍ ഊതി പീപ്പി വിളിച്ചും എല്ലാം കണ്ട് കളികള്‍ പഠിക്കാന്‍ നടക്കുന്ന സംഘം..ഷിപ്പ് പടമുള്ള തീപ്പെട്ടി പടം വെക്കുമ്പോള്‍ അതിനെ ഷിപ്പ് വെച്ച് തന്നെ വെട്ടുന്ന കളി..ജയിക്കുന്നവന്റെ കയ്യില്‍ ഒരു വലിയ കെട്ട് തീപ്പെട്ടിപടം ഉണ്ടാകും.തോക്കുന്നവന്‍ പിന്നെ  നിരാശയോടെ നടക്കും..ആരെങ്കിലും വലിച്ചെറിഞ്ഞ തീപ്പെട്ടി കൂട് തേടി..തീപ്പെട്ടി പടം കണ്ടെത്തി കയ്യില്‍ നിന്നും  പോയത് തിരിച്ച് പിടിക്കാന്‍ വേണ്ടി..

                                                    വൈകീട്ട് ആ കൊച്ചു പറമ്പില്‍ ഇരുളും വരെ എത്ര പേര് വന്നു പോകുന്നുവെന്ന് കണക്കില്ല...ഒരു നാടിന്‍റെ തലമുറയുടെ വിനോദ ശാല ആയിരുന്നു അവിടം...ഇടക്ക് വലിയ ചേട്ടന്മാര്‍ കബഡി കളിക്കും...പിന്നെ പോല്ല കളിക്കും..ക്രിക്കറ്റിന്റെ ആദിമ രൂപമായ കുട്ടിയും, കോലും കളിക്കും..

              "കാത്താ"

                                                   വടിയുമായി നില്‍ക്കുന്നവന്റെ നേരെ കുട്ടി എറിയാന്‍ ഒരാള്‍.."കാത്തെ " എന്ന് കേട്ടാല്‍ കുട്ടിയെറിയും, കുട്ടിയെ കോല് വെച്ച് അടിച്ച് തെറിപ്പിച്ച്, തെറിച്ച് വീണ ദൂരം എണ്ണി തിട്ടപ്പെടുത്തണം..കൂടുതല്‍ ദൂരം പോയാല്‍ അയാള്‍ വിജയി..അടിച്ച് തെറിപ്പിക്കുമ്പോള്‍ കുട്ടിയെ  ആരെങ്കിലും പിടിച്ചാല്‍ അയാള്‍ പുറത്ത്...അങ്ങിനെ കുറേ വിനോദങ്ങള്‍..കളിയുടെ മൂര്‍ദ്ധന്യത്തില്‍ ദൂരെ നിന്ന് ഒരു ബെല്ല് കേള്‍ക്കും വായില്‍ വെള്ളമൂറി കൊണ്ട്...

         "ഡിലൈറ്റ് പാല്‍ ഐസ്.."

                                                    അതുമല്ലെങ്കില്‍ ഒരു കൂട്ട മണി അടി..എല്ലാ വായിലും കപ്പലോടിക്കുന്ന വെള്ളം നിറക്കുന്ന കൂട്ടമണി...

          "മദാമ്മ പൂട വരണേ.."

                                                    പോക്കറ്റില്‍ അരിയാസുണ്ട മാത്രമുള്ള പലര്‍ക്കും കണ്ട് കൊതിക്കാനാണ് വിധി...ചില്ലറ കയ്യിലുള്ള ആരെങ്കിലും വാങ്ങും..എല്ലാവരേയും നോക്കി ഐസ് തിന്നാന്‍ തുടങ്ങുമ്പോള്‍ കുറേ ജോഡി കണ്ണുകളും, അതിന്‍റെ നേര്‍ പകുതി വായും അത് നോക്കി കൊതിക്കും. കൊതി പിടിപ്പിക്കാന്‍ ഐസ് വില്പനക്കാരന്‍ ഇടക്ക് തന്‍റെ മണി വീണ്ടും വീണ്ടും അടിക്കും..പിന്നിലെ പെട്ടിയില്‍ നിന്നും കോലില്‍ കോര്‍ത്ത ഐസ് എടുത്ത് ഒന്ന്‍ കാണിച്ച് വീണ്ടും പെട്ടിയില്‍ തിരിച്ചിടും...ഐസ് കഴിക്കുന്നവനെ നോക്കി കൊതി പൂണ്ട് നില്ക്കുമ്പോള്‍ ആരെങ്കിലും മുതിര്‍ന്നവര്‍ അവനെ ഗുണ ദോഷിക്കും...

        "ചെക്കാ വെറുതെ കൊതി കിട്ടി തൂറ്റളക്കം പിടിക്കണ്ടാ..പോയി മാറി നിന്ന് തിന്നോ..

                        ഇരുള് വീഴുമ്പോള്‍ തിരിച്ച് ടയര്‍ ഉരുട്ടി വീട്ടിലേക്ക് നടക്കും..നാളെ വീണ്ടും തിരികെ വരാമെന്ന ഉറപ്പില്‍..വീട്ടില്‍ ചെന്ന്‍ ക്ഷീണത്തോടെ പടി കയറാന്‍ തുടങ്ങുമ്പോള്‍ അമ്മ അഴുക്ക് പുരണ്ട മുഴിഞ്ഞ ട്രൗസര്‍ നോക്കി പറയും...

       "നീയെന്താ കല്ല്‌ വെട്ടാന്‍ പോയതാ..പോയി മേല് കഴുകി ട്രൗസര്‍ മാറി നാമം ചൊല്ലിയേ.."

                                                  ഗങ്ങാരന്‍ പാര്‍ക്കിനു മുകളില്‍ ചില സമയം ഏഴ് മണി വരെ സൂര്യന്‍ കത്തി നില്‍ക്കും..ആ മണ്ണിനു കുട്ടികളെ അത്രക്കും ഇഷ്ടമായിരുന്നു..നാട്ടില്‍ ആദ്യമായി സൈക്കിള്‍ യജ്ഞം വന്നത് അവിടെ തന്നെയാണ്..എന്നും വൈകീട്ട് പാട്ടും, കൂത്തുമായി കുറേ ദിനങ്ങള്‍.

                                         ക്രിക്കറ്റ് ഒരു രോഗം പോലെ പടര്‍ന്ന്‍ പന്തലിക്കും വരെ ഗങ്ങാരന്‍ പാര്‍ക്ക് ആയിരുന്നു ഞങ്ങളുടെ നെഹ്‌റു പാര്‍ക്കും, സ്റ്റേഡിയവും..ഒരു നാട്ടിലെ തലമുറക്ക് വേണ്ടി തുറന്ന്‍ വെച്ച പാര്‍ക്ക്..ഒരിക്കല്‍ പോലും അതിന്‍റെ ഉടമയായ ഗംഗാധരന്‍ ചേട്ടന്‍ അവിടെ വന്നു കുട്ടികളുടെ കളികള്‍ തടസ്സപ്പെടുത്തിയിട്ടില്ല...പിന്നീട് ഞാന്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹം ആ സ്ഥലം വിറ്റു...അതിനു ചുറ്റും ഒരു വേലി വന്നതോടെ, അതിനേക്കാള്‍ ഭയാനകമായി ക്രിക്കറ്റ് വന്നതോടെ പഴയ കളികള്‍ അന്യാധീനമായി...ഗങ്ങാരന്‍ പാര്‍ക്ക് ഒരു ഓര്‍മ്മ മാത്രമായി..

                                       ഇന്ന്‍ ഈ വാക്കുകള്‍ എഴുതി മദ്ധ്യ വയസ്സിന്‍റെ പടി വാതിലില്‍ നില്ക്കുമ്പോള്‍ ആ പഴയ ഭൂതക്കാലം തിളങ്ങുന്ന മുത്തായി മുന്നില്‍ മാറുന്നു..എന്‍റെ മക്കള്‍ ഒരു വീടിനകത്ത് ടാബിലും, വീഡിയോ ഗെയിമിലും, കൊച്ചു ടി.വിയിലും, മോണോ പോളിയിലും ബാല്യം തളച്ചിട്ട് കാണുമ്പോള്‍ പഴയ ഗങ്ങാരന്‍ പാര്‍ക്ക് ഇവര്‍ക്ക് അന്യമായതിന്റെ ഭാഗ്യക്കേട് ഓര്‍ത്ത് പോകുന്നു..പ്രകുതിയില്‍ നിന്നും,അതിലെ ചേറില്‍ നിന്നും, പൊടിയില്‍ നിന്നും ജനിച്ച് വളര്‍ന്ന എന്‍റെ പഴയ തലമുറയും..അതെല്ലാം അന്യമായി പോയ ബ്രോയ്ലര്‍ പുതു തലമുറയും തമ്മില്‍ ഒത്തിരി അന്തമുണ്ട്..ടി.വി യില്‍ പഴയ "തൊഴു കൈ നീട്ടി ഉണരും " എന്ന പാട്ട് കേള്‍ക്കുബോള്‍ മുഖം തിരിക്കുന്ന പുതു തലമുറ...പകരം "ഇതെന്തൂട്ടാ ക്ടാവേ..ഇതെന്തൂട്ടായിത്.." എന്ന പാട്ടിനു മുന്നില്‍ തുള്ളുന്ന തലമുറ ..അവര്‍ക്കറിയില്ല അന്നത്തെ ഗങ്ങാരന്‍ പാര്‍ക്കും, കളികളും നല്‍കിയ ഊര്‍ജ്ജം ...അളന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല..ഒപ്പം മറക്കാനും കഴിയില്ല...ഗങ്ങാരന്‍ പാര്‍ക്കിനെ..എന്നും..എന്നെന്നും..


 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..    
       



                                 


















2016, ഫെബ്രുവരി 13, ശനിയാഴ്‌ച

പ്രണയ ദിനത്തിലൊരു പ്രിയ നിമിഷം..

                   


              
                                   "പ്രണയ ദിനമായിട്ടാണോ ബാങ്കില്‍ ഇത്രയും തിരക്ക്..??"

                പണമിടാനും, എടുക്കാനും, പണയം വെക്കാനും, പണയമെടുക്കാനും കുറേ പേര്‍. പ്രകാശന്‍ ചുറ്റും നോക്കി..പണമെടുക്കാന്‍ വരുന്നവരുടെ, പണയം വെക്കാന്‍ വരുന്നവരുടെ മുഖഭാവങ്ങള്‍..സന്തോഷം, സങ്കടം, ആകാംക്ഷ..പല തരം സമ്മിശ്ര ഭാവങ്ങള്‍..അതില്‍ രണ്ടാം ഭാവമാണ് തനിക്ക്..അയാള്‍ ഓര്‍ത്തു..
അറ്റ്‌ നോറ്റ് സമ്പാദിച്ച കഴുത്തിലിട്ട വിയര്‍പ്പ് കുതിര്‍ന്ന നൂല്‍ മാല ഇന്ന്‍ പണയം വെക്കണം...എങ്കിലേ അനുജത്തിയുടെ പ്രസവത്തിന്റെ ചിലവ് നടത്താന്‍ പറ്റൂ...

              മരകസേരയില്‍ ചാരിയിരുന്ന് പ്രകാശന്‍ തന്നെ കുറിച്ച് സ്വയം വിലയിരുത്താന്‍ തുടങ്ങി..അച്ഛന്‍ നഷ്ടമായപ്പോള്‍ തുടങ്ങിയ ഓട്ടമാ..ഒരു കൊച്ചു ഓട്ടോ റിക്ഷയുമായി..രാവും, പകലുമില്ലാതെ..കിട്ടുന്നതെല്ലാം ചിലവാക്കിയത് സ്വന്തം കുടുംബത്തിന്..മൂന്ന്‍ സഹോദരിമാരുടെ വിവാഹം, അവരുടെ വിവാഹത്തിന് ശേഷമുള്ള മറ്റ് ചിലവുകള്‍..എങ്കിലും ഒരു മടിയും കൂടാതെ എല്ലാം നടത്തി..ഇന്നും നടത്തുന്നു..അതിനിടയില്‍ മനപൂര്‍വ്വം ഒഴിവാക്കിയ സ്വന്തം വിവാഹം..പലരും ചോദിച്ചു..പലരും നിര്‍ബന്ധിച്ചു..

                              "സമയമായിട്ടില്ല..ഇപ്പൊ എന്തായാലും വേണ്ടാ..."

                              "പ്രകാശന്‍.."

              ടെല്ലറില്‍ നിന്നും കാഷ്യര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ക്ക് താല്‍കാലികമായി വിട പറഞ്ഞ് കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുമ്പോള്‍ പ്രകാശന്‍ ഇടത് വശത്ത് നില്‍ക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്..മനസ്സിലേക്ക് ഒരു മിന്നല്‍ പിണര്‍..കാഴ്ച മങ്ങിയത് പോലെ...മാല പണയപ്പെടുത്തി വാങ്ങിയ പണം എണ്ണി നോക്കുമ്പോളും പ്രകാശന്‍റെ നോട്ടം അവരില്‍ തന്നെയായിരുന്നു.
ആ മുഖം..കണ്ണുകളില്‍ തളം കെട്ടി നില്‍ക്കുന്ന ആഴത്തിലുള്ള ദുഃഖം,തൂവെള്ള വസ്ത്രം, ആഭരണം പോലുമില്ലാത്ത ശരീരം. അവരും പൈസ വാങ്ങി ബാങ്കിന് പുറത്തേക്ക് നടന്നു..പിന്നാലെ പ്രകാശനും..എന്നെ മനസ്സിലായിട്ടില്ല..പ്രകാശന്‍ സ്വയം പറഞ്ഞു..എങ്ങിനെ മനസ്സിലാക്കാന്‍ ..നര കയറിയ മുടിയും, താടിയും...ഇരുപത്തി മൂന്ന്‍ കൊല്ലം മുന്‍പാണ് അവസാനമായി കണ്ടത്..പരീക്ഷ അവസാനിച്ച ആ ദിവസം..നീണ്ട കാലം തന്നില്‍ വരുത്തിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല..തനിക്ക് മനസ്സിലായി..ഒറ്റ നോട്ടത്തില്‍..ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖം..മനസ്സില്‍ നിന്നും മായാത്ത മുഖം...

                               "ആശ.."

               പ്രകാശന്‍റെ പിന്‍ വിളിയില്‍ അവര്‍ തിരിഞ്ഞു..ഒരു അപരിചിത ഭാവത്തോടെ..പ്രകാശന്‍ ഒന്ന്‍ പരുങ്ങി കൊണ്ട്

                              "ആശ .കെ.വി അല്ലേ??"

               അവള്‍ അതെയെന്ന്‍ തലയാട്ടിയപ്പോള്‍ പ്രകാശന് സമാധാനമായി..തല ചൊറിഞ്ഞു കൊണ്ട് പ്രകാശന്‍ ആ മുഖം വീണ്ടും നോക്കി..പഴയ പ്രകാശം പരത്തുന്ന അതെ പെണ്‍കുട്ടി...സ്കൂള്‍ വരാന്തയില്‍ കൂടി ചിരിച്ചുല്ലസിച്ച്‌ നടന്ന അതേ പെണ്‍കുട്ടി.സാഹിത്യ സമാജത്തില്‍ പാട്ട് പാടുന്ന, ഇന്റര്‍ വെല്‍ സമയത്ത് കൂട്ടുക്കാരികളുമായി കളം വരച്ച് വട്ടു കളിക്കുന്ന, ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന അതേ പെണ്‍കുട്ടി..

                         "ഞാന്‍ പ്രകാശനാണ്...അഞ്ചാം ക്ലാസ്സ് മുതല്‍ ഒമ്പത് വരെ കൂടെ പഠിച്ച പ്രകാശന്‍..എല്ലന്‍ പ്രകാശന്‍"

               അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ കൗതുകം കൊണ്ട് വികസിച്ചു.ഓര്‍മ്മയിലേക്ക് പ്രകാശന്‍ ഒരു തടസ്സവുമില്ലാതെ കടന്ന്‍ വന്നു..ക്ലാസ്സില്‍ ഏറ്റവും പിന്നിലെ ബെഞ്ചില്‍, പഠനത്തില്‍ പിന്നിലായി ആര്‍ക്കും ഒരു ശല്യമില്ലാതെ ഇരുന്നിരുന്ന പ്രകാശന്‍.."എല്ലന്‍ പ്രകാശന്‍" ടീച്ചര്‍മാര്‍ക്ക് പുറത്തെ ചായ പീടികയില്‍ നിന്നും ചായ വാങ്ങി കൊണ്ട് വരിക, സ്റാഫ് റൂമിന് മുന്നില്‍ കുടത്തില്‍ വെള്ളം നിറച്ച് കൊണ്ട് വരിക, എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു...

                        "എനിക്ക് ഓര്‍മ്മ ഉണ്ട്..പ്രകാശന്‍ എന്താ ഇവിടെ??"

           പെട്ടെന്ന്‍ ചോദിച്ച ചോദ്യം മണ്ടത്തരമായി കണ്ടപ്പോള്‍ പഴയ കാലത്തെ പോലെ ആശ നാക്ക് കടിച്ചു..പിന്നെ സ്വയം തിരുത്തി..

                        "എന്‍റെ ഒരു കാര്യം..ബാങ്കില്‍ ആരെങ്കിലും ചായ കുടിക്കാന്‍ വരോ...പ്രകാശന് എന്താ ജോലി??"

                        "ഓട്ടോ ഡ്രൈവര്‍...ആശക്ക്‌ എങ്ങോട്ടോ പോകണ്ടത്..ഞാന്‍ കൊണ്ട് വിടാം.."

           കുറച്ച് നേരം കൂടി ആശയോട്‌ സംസാരിക്കാനും, ആ മുഖം കുറേ നേരം കണ്ടിരിക്കാനും പ്രകാശന് തോന്നി..

                         "അമൃതാനന്ദമയി മഠത്തില്.."

        ഓട്ടോയില്‍ കയറി പ്രകാശന്‍ റിയര്‍വ്യൂ മിറര്‍ അവര്‍ക്ക് നേരെ തിരിച്ച് വെച്ചു.ഒരിക്കല്‍ ജീവിതം അവള്‍ക്ക് നേരെ തിരിച്ചു വെക്കാന്‍ കൊതിച്ചതാണ്. എല്ലാം മനസിലൊതുക്കി..അന്തരങ്ങള്‍..സാമൂഹികമായ, സാമ്പത്തികമായ, സൗന്ദര്യ പരമായ അന്തരങ്ങള്‍...സ്വപ്നം പോലും കാണാന്‍ കഴിയാത്ത അന്തരം..കറവക്കാരന്റെ മകനില്‍ നിന്നും പേര്‍ഷ്യക്കാരന്റെ മകളിലേക്കുള്ള വലിയ ദൂരം..

                      "പ്രകാശന്‍റെ കുടുംബം??"

        പ്രകാശന്‍ കൊതിച്ച ചോദ്യം..കാത്തിരുന്ന നിമിഷം.റിക്ഷയുടെ മുന്നിലെ മൂന്നാം കണ്ണിലൂടെ അയാള്‍ അവളെ വീണ്ടും നോക്കി..പണ്ട് പിന്‍ ബെഞ്ചില്‍ ഇരുന്ന്‍ ആരുമറിയാതെ നോക്കിയ അതേ നോട്ടം..

                    "ഞാനും..മൂന്ന്‍ സഹോദരിമാരും ..പിന്നെ ഓട്ടോയും.."

                    "അതെന്താ കല്യാണം കഴിക്കാഞ്ഞത്"
   
       ആശയുടെ ചോദ്യം അതിനൊരു മറുപടി കൊടുക്കാന്‍ പ്രകാശന് മടി തോന്നി. കുടുംബമായി ജീവിക്കുന്ന ഒരു സ്ത്രീ..എന്നോ ചെറുപ്പത്തില്‍ അവരോട് തോന്നിയ ഒരിഷ്ടം, വേണ്ട അത് മനസ്സില്‍ തന്നെ മൂടി വെക്കുക..ആരും അറിയരുത്..ആരോടും പറയരുത്..

                   "ഏയ്‌..പ്രത്യേകിച്ച്...മൂന്ന്‍ പെങ്ങന്മാര്‍ അവരെ കെട്ടിച്ചയച്ചപ്പോള്‍ സമയം വൈകി..അതോണ്ട് വേണ്ടാന്ന് വെച്ചു..."

       അതിന് ശേഷം ഒരു മൗനം അവര്‍ക്കിടയില്‍ രൂപപ്പെട്ടു..കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ എത്തിയപ്പോള്‍ ഒരു ബേക്കറിയുടെ മുന്നില്‍ നിര്‍ത്താന്‍ ആശ ആവശ്യപ്പെട്ടു..ഇറങ്ങി പോയി എന്തോ വാങ്ങുമ്പോള്‍ പ്രകാശന്‍ അടുത്ത കടയില്‍ കയറി കുറച്ച് മിട്ടായികള്‍ വാങ്ങി..അവള്‍ വന്നപ്പോള്‍ അയാള്‍ ആ പൊതി അവള്‍ക്ക് നേരെ നീട്ടി..

                   "ഇത് കുട്ടികള്‍ക്ക്...എന്‍റെ വക...''

                  "ഏത് കുട്ടികള്‍ക്ക്..പ്രകാശന്‍ വണ്ടിയെടുക്ക്..."

        പൊതി അയാളുടെ കയ്യിലിരുന്നു വിയര്‍ത്തു..അയാള്‍ റിയര്‍വ്യൂ മിററില്‍ കൂടി നോക്കുമ്പോള്‍ ആശ കണ്ണ് നീര്‍ തുടക്കുന്നത് കണ്ടു..എന്തോ ഭൂതക്കാലം വേട്ടയാടുന്ന പോലെ മുഖ ഭാവം..പ്രകാശന്‍റെ ഒളിച്ച് നോട്ടം അവള്‍ തിരിച്ചറിഞ്ഞു..അത് മനസ്സിലായതും പ്രകാശന്‍ കണ്ണാടി  റോഡിലെ കാഴ്ചകളിലേക്ക് തിരിച്ചു വെച്ചു..

                "പ്രകാശാ...എനിക്ക് കുട്ടികളില്ല...വിവാഹം കഴിച്ചു പത്ത് വര്‍ഷം മുന്പ് ..എന്നാല്‍ അതിലും വേഗത്തില്‍ പിരിഞ്ഞു..ഒരു പാട് കള്ളങ്ങള്‍ ഒളിപ്പിച്ച ഒരാളായിരുന്നു എന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നത്..."

       പ്രകാശന്‍ വണ്ടി നിര്‍ത്തി തിരിഞ്ഞ് ആശയെ നോക്കി. അവിശ്വസനീയമായ ഭാവത്തില്‍..ഒരു വലിയ സങ്കട കടല്‍ ആ മുഖത്ത് തെളിയുന്നു..

                          "സ്നേഹം എന്ന് പറയുന്നത് ഒളിച്ച് വെക്കാനുള്ളതല്ലാ...തുറന്ന്‍ പറഞ്ഞ് പ്രകടിപ്പിക്കുമ്പോള്‍ അതിന്‍റെ തിളക്കം കൂടും..ആഴമേറും..

       ആശയുടെ വാക്കുകള്‍ പ്രകാശനെ വല്ലാതെ സ്വാധീനിച്ചു..തിരികെ വാഹനം മുന്നോട്ട് ഓടിക്കുമ്പോള്‍ അയാള്‍ വീണ്ടും കണ്ണാടി അവള്‍ക്ക് നേരെ തിരിച്ചു, പിന്നെ ആ കണ്ണുകളില്‍ നോക്കി പറയാന്‍ തുടങ്ങി..

                      "എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടായിരുന്നു..പക്ഷെ പറയാന്‍ കഴിഞ്ഞില്ല...പറയാതെ ഇന്നും മനസ്സിലൊളിപ്പിച്ച്..തുറന്ന്‍ പറയാനുള്ള യോഗ്യത എനിക്കില്ലെന്ന തോന്നല്‍...അതായിരിക്കാം ഇന്നും ആ പ്രണയം എന്‍റെ മനസ്സില്‍ ഞാന്‍ സൂക്ഷിക്കാന്‍ കാരണം..പക്ഷെ ഒന്നറിയാം..ഞാന്‍ ഇത് വരെ പ്രണയിച്ചതും, മോഹിച്ചതും അവളെ മാത്രമാണ്..ആ മുഖമല്ലാതെ മറ്റൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല..."

                        "ആരാണാ പെണ്‍കുട്ടി??"


       .ആ ചോദ്യത്തിന് മുന്നില്‍ ഒരു മൗനം മാത്രമായിരുന്നു പ്രകാശന്‍റെ മറുപടി..ഓട്ടോ അമൃതാനന്ദമയി ക്ഷേത്രത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ജീവിതത്തിന്‍റെ അറ്റമെത്തിയ പോലെ പ്രകാശന് തോന്നി..തുറന്ന്‍ പറയാന്‍ കഴിയാത്ത സ്നേഹം..അതൊരു നോവാണ്..പ്രകാശന്‍റെ മനസ്സ് അവനോട് പറഞ്ഞു തുടങ്ങി..

                       "വേണ്ടാ പ്രകാശന്‍..നീ വെറുമൊരു ഓട്ടോക്കാരന്‍..ഒരു കൊച്ചു വീട്ടില്‍ പ്രാരാബ്ധം കൊണ്ട് ജീവിക്കുന്ന അധികം സുന്ദരനല്ലാത്ത ഒരുവന്‍..അവള്‍ ഉന്നത വിദ്യഭ്യാസം നേടിയവള്‍, ഇഷ്ടം പോലെ പണവും, ആവശ്യത്തിനു സൗന്ദര്യവുമുള്ളവള്‍...മറന്നേക്കുക..നിന്നെ കാത്ത് ഒരു പാട് യാത്രക്കാര്‍.."

     ഓട്ടോയില്‍ നിന്നും ഇറങ്ങി ആശ അയാള്‍ക്ക് നേരെ പണം നീട്ടി..അയാള്‍ വാങ്ങി ബാക്കി കൊടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു..തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അവള്‍ അയാളുടെ അടുത്തേക്ക് വന്നു...

                    "ആ മിട്ടായി എവിടെ??" അത് തന്നേക്ക്‌..എന്തായലും വാങ്ങിയതല്ലേ?"

   പ്രകാശന്‍ നീട്ടിയ പൊതി തുറന്ന്‍ അതില്‍ നിന്നും ഒരെണ്ണം വായിലിട്ട് മറ്റൊന്ന് പ്രകാശന് നേരെ നീട്ടി വീണ്ടും..


                   "പിന്നെ ഞാന്‍ ഒരു സന്യാസിനിയൊന്നുമല്ല..മനസ്സ് വിഷമിക്കുമ്പോള്‍ ഇവിടെ വരും..പ്രാര്‍ത്ഥിക്കും..അപ്പോള്‍ തോന്നും ഒറ്റക്കല്ലാന്നു.."

       പ്രകാശന്‍ വിഷമത്തോടെ മിട്ടായി തുറന്ന്‍ കഴിക്കാന്‍ തുടങ്ങി.മധുരം കയ്പ് പോലെ കഠിനമായി രുചിയില്‍ നിറയുന്നു...പെയ്യാന്‍ കാത്ത് നില്‍ക്കുന്ന ഒരു ദുഃഖം ആ മുഖത്ത് ...അതവള്‍ തിരിച്ചറിഞ്ഞു..തിരികെ നടന്ന്‍ പോയ ആശയെ കുറച്ചു നേരം അയാള്‍ നോക്കി നിന്നു..പറയാതെ പോയ വാക്കുകള്‍ നെഞ്ചില്‍ കിടന്ന് പിടക്കുകയാണ്..കുറച്ച് നടന്ന്‍ ആശ തിരിഞ്ഞ് നോക്കി..

               "എനിക്ക് വേണ്ടി ഒന്ന്‍ കാത്ത് നില്‍ക്കാമോ..ഞാന്‍തൊഴുത്  തിരിച്ച് വരാം..??"

     അയാള്‍ സന്തോഷത്തോടെ തലയാട്ടി..കുറച്ച് നേരം കൂടി ആ സാമീപ്യം അനുഭവിക്കാന്‍ കഴിയുമെന്ന സന്തോഷം..പ്രണയ ദിനം കൊണ്ട് വന്ന ഭാഗ്യം..തിരികെ അവള്‍ പറയുന്ന സ്ഥലം വരെ കൊണ്ട് പോയി വിടുന്നത് വരെ കൈ വരുന്ന സുവര്‍ണ്ണ നിമിഷം...ഒന്ന്‍ കൂടി ആശയെ നോക്കി. ആ നോട്ടം തിരിച്ചറിഞ്ഞ പോലെ അവള്‍ നിന്നു..പിന്നെ തിരിഞ്ഞ് വീണ്ടും..

             "ഞാന്‍ തിരിച്ച് വരുമ്പോള്‍ പ്രകാശന്‍ ഇപ്പോഴും സ്നേഹിക്കുന്ന  ആ ഭാഗ്യവതിയായ പെണ്‍കുട്ടി ആരാണെന്നു എന്നോട്പറയണം.."

   പ്രകാശന്‍ ആ വാക്കുകള്‍ കേട്ട് അത്ഭുതത്തോടെ ആശയെ നോക്കി...അയാള്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരമില്ലാതെ ഒരവസ്ഥയില്‍..കണ്ണുകള്‍ അടച്ച് വീണ്ടും തുറന്ന്‍ ആശയെ നോക്കി..പ്രണയ ദിനത്തിലെ ഒരു പ്രിയ നിമിഷം..അതി സുന്ദരമായ ആ നിമിഷം അവള്‍ വീണ്ടും അയാളെ നോക്കി പറഞ്ഞു...

           "അത് ഞാന്‍ ആകണമേന്നാണ് എന്‍റെ പ്രാര്‍ത്ഥന.."

 ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.