2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പേര് നഷ്ടമായവര്‍..

       





            ആദ്യമായി ആ ക്ലാസിലേക്ക് ഫാക്കല്‍റ്റിയായി കയറി ചെല്ലുമ്പോള്‍ അന്നെനിക്ക് അത്ര വലിയ പേടിയൊന്നും തോന്നിയില്ല. എന്നെ കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നത് കണ്ടപ്പോള്‍ തന്നെ ആത്മവിശ്വാസം ഇരട്ടിയായി.പലമുഖങ്ങള്‍, മീശയുള്ളത്, താടിയുള്ളത്, മുന്നില്‍ ചില ബാല്യം വിടാത്തത്.അവസാന രക്ഷ പോലെ ഓട്ടോ മൊബൈല്‍  കോഴ്സ് പഠിക്കാന്‍ വന്നത്..അങ്ങിനെ മുപ്പത്തിയൊന്ന് മുഖങ്ങള്‍.

            ക്ലാസ്സിനിടയില്‍ ഉച്ചഭക്ഷണ  ക്ഷീണമോ, എന്‍റെ എഞ്ചിന്‍ സംബദ്ധമായ ക്ലാസ്സിന്റെ ബോറടിപ്പിക്കലോ എന്നറിയില്ല..മുന്നിലോരുവാന്‍ സംഗീതം ആസ്വദിക്കുന്ന പോലെ തലയാട്ടി ബെഞ്ചില്‍ ഇടയ്ക്കിടെ ശക്തിയായി ചുംബിച്ച് ഉറക്കം തൂങ്ങുന്നു.

        "എന്താടോ തന്‍റെ പേര് എന്ന ചോദ്യം പൂര്‍ത്തിയാകും മുന്‍പേ പിന്നില്‍ നിന്നും അവനു വേണ്ടി ആരോ ഉത്തരം തന്നു. "സാറെ കുഞ്ഞിപപ്പടം" ഉറക്കം തൂങ്ങിയവന്‍ എഴുന്നേറ്റ് നിന്ന് പിന്തിരിഞ്ഞ് ആരേയോ  രൂക്ഷമായി നോക്കി വീണ്ടും എനിക്ക് നേരെ നോക്കി പതുക്കെ പറഞ്ഞു.

         "ഷാരോണ്‍ കുമാര്‍."

         "അത് ഹാജര്‍ ബുക്കില് മാത്രോള്ളൂ മാഷേ." വീണ്ടും പ്നിന്നില്‍ നിന്നും ആരോ.അങ്ങിനെ ക്ലാസ്സുകള്‍ മുന്നോട്ട് പോകവേ അക്ഷരം കൂട്ടിയിണക്കാന്‍ അവന്‍ പാട് പെടുന്നത് കണ്ടും, മറ്റുള്ളവരുടെ പരിഹാസം കെട്ടും കുറേ ദിനങ്ങള്‍.ഒരിക്കല്‍ ഒഴിവ് സമയത്ത് സ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ അവന്‍റെ നിഴല്‍.അതിങ്ങനെ മുന്നിലേക്ക് നീങ്ങി വന്ന് എന്‍റെ മുന്നില്‍ നിലച്ചു.

       ''എന്താ ഷാരോണ്‍ " എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവനൊന്നു ഞെട്ടിയത് പോലെ, ആ കണ്ണുകള്‍ നിറഞ്ഞത് പോലെ.തൊണ്ടയില്‍ നിന്നും വേദന കലര്‍ന്നൊരു ചോദ്യമായിരുന്നു പിന്നീട്. സാറെ ..ആട്ടോ മെക്കാനിക്ക് പഠിച്ചോര്‍ക്ക് പെട്ടെന്ന്‍ ജോലി കിട്ടോ?" അത് യോഗം പോലിരിക്കും ഷാരോണ്‍ " വീണ്ടും ആ വിളി കേട്ടപ്പോള്‍ അവന്‍ സന്തോഷത്തോടെ അഭിമാനത്തോടെ ചുറ്റും നോക്കി.ഒരു നിമിഷം കൊണ്ട് ആ സന്തോഷം മായുന്ന വാക്കുകള്‍ സ്റാഫ് റൂമിന് വെളിയിലെ ജനലരികില്‍ നിന്നും കേട്ടു.

     ''പപ്പടം ..നിന്നെ ഓഫീസില്  വിളിക്കണണ്ട്''

     നിരാശയോടെ നടന്ന്‍ നീങ്ങിയവന്‍ വാതിലിന്‍റെ അരികിലെത്തി തിരിഞ്ഞൊന്നു നോക്കി. ഒരു കണ്ണീര്‍ മേഘം നിറഞ്ഞ നോട്ടം. അന്ന്‍ പോയതിനു പിന്നെ അവനെ കുറച്ച് ദിവസത്തേക്ക് കണ്ടതില്ല.ക്ലാസ്സിലെ ഒരുത്തനോട് ചോദിച്ചപ്പോള്‍ അന്ന്‍ ഓഫീസിലേക്ക് വിളിച്ചതിനുള്ള ഉത്തരവും കിട്ടി.

     "അവന്‍റെ പ്പൂപ്പന്‍ വല്യ പപ്പടം ചത്ത് സാറേ.."

          അവന്‍റെ നിരാശയുടെ, വേദനയുടെ അര്‍ത്ഥം പതുക്കെ പതുക്കെ ഞാനും മനസ്സിലാക്കി തുടങ്ങുകയായിരുന്നു."സ്വന്തം പേര്  നഷ്ടമായവരുടെ പ്രതിനിധിയാണവന്‍. തലമുറകളായി പതിച്ചു കിട്ടിയ "പപ്പടം" എന്ന പേര് മായിച്ച് കളയാനുള്ള മോഹമാണ് അവന്‍റെയുള്ളില്‍.

           കുറച്ച് ദിവസം കഴിഞ്ഞ് അവന്‍ വീണ്ടും ക്ലാസ്സിലേക്ക് വന്നു.നേരില്‍ കണ്ടപ്പോള്‍, അവന്‍ എന്നെ നോക്കി നേര്‍ത്ത ചിരി ചിരിച്ചപ്പോള്‍  എനിക്കാണ് ദുഃഖം തോന്നിയത്. മുടങ്ങിയ ദിവസം ഞാന്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ അവന്‍ എഴുതിയെടുക്കാന്‍ കാണിക്കുന്ന ആവേശം, അതിനൊപ്പം പതിവിലും നന്നായി ക്ലാസ് ശ്രദ്ധിക്കുന്നത് എല്ലാം കണ്ടപ്പോള്‍ അവനിലൊരു മാറ്റം വന്നത് പോലെ.

           "സാറെ..ഇത് രണ്ട്‌ കൊല്ലം പഠിച്ചാ ഗള്‍ഫിലെ ഭവാന്‍ കമ്പനില് ജോലി കിട്ടോ? ബോര്‍ഡിലെ വാല്‍വ് ഓവര്‍ ലാപ് ചിത്രം വരക്കുന്ന സമയത്ത് അവന്‍ ചോദിച്ച ചോദ്യത്തിന് ഉറക്കെ ചിരിച്ചുള്ള പരിഹാസമായിരുന്നു മറ്റ് കുട്ടികളുടെ മറുപടി. "ടാ അറബികള് പപ്പടം തിന്നൂല്ലടാ.." ഏതോ ഒരുവന്‍റെ വക കമന്റ്. അത് കൂടി കേട്ടപ്പോള്‍ എന്‍റെ ദേഷ്യം അതിന്‍റെ പരിധി കടക്കാന്‍ തുടങ്ങി. "നിനക്കൊക്കെ ഉള്ളത് പോലെ തന്നെ അതെ സ്പെയര്‍ പാര്‍ട്സാ അവനുമുള്ളത്.." വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. ക്ലാസ്സില്‍ മുഴുവന്‍ നിശബ്ദത. എല്ലാം തല താഴ്ത്തി പടം വരക്കുന്നു. ഇടയില്‍ ഷാരോണ്‍ എന്നെ തലയുയര്‍ത്തി നോക്കി. ഒരു തിളക്കം ആ കണ്ണുകളില്‍.

            രണ്ട്‌ ദിവസം കഴിഞ്ഞോ മറ്റോ വൈകീട്ട് തിരിച്ച് പോകുമ്പോള്‍ ഫീസടക്കാന്‍ നില്ക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നും അവന്‍ മുന്നിലേക്ക് ചാടി വീണു.."സാറെ എന്‍റെ അച്ഛന്‍ വന്നിട്ട് ണ്ട്..സാറിനെ ഒന്ന്‍ കാണാന്‍ പറ്റൊന്ന്‍ ചോയിച്ചു." ജീവിത ത്തിലെ എല്ലാ പ്രതിബന്ധങ്ങളും, തടസ്സങ്ങളും നേരിട്ട് വന്ന പോലെ ഭാവവുമായി വളഞ്ഞു കുത്തിയ മുതുകുമായി അവന്‍റെ അച്ഛന്‍.ആ നരച്ച മുണ്ടും, ഷര്‍ട്ടും പോലും കാല പഴക്കവും, ഇല്ലായ്മ യും തുറന്ന്‍ കാണിക്കുന്നു. "അച്ഛാ ഇതാ ഹരിഷ് സാര്‍.."
അദ്ദേഹം എനിക്ക് നേരെ കൈ കൂപ്പിയപ്പോള്‍ ആ കൈകളില്‍ പിടിക്കാനാണ് എനിക്ക് തോന്നിയത്.മകന്‍റെ ഭാവി എനിക്ക് മുന്നിലെന്ന പോലെയാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയത്. ആ ഓരോ വാക്കിനും  നെഞ്ചില്‍ തറച്ച് കൊള്ളുന്ന തീക്ഷ്ണത.

            "സാറെ ഇല്ലാത്ത കാശുണ്ടാക്കി ചെക്കനെ പഠിപ്പിക്കണത് ഒരു കാര്യത്തിനാ.മടുത്ത് സാറേ കുല തൊഴിലാ.എന്നാലും ..പപ്പടം സദ്യക്ക് വെളമ്പി ചോറിലും, പായസത്തിനും കഴിക്കാന്‍ രസാ..പക്ഷെ ഇണ്ടാക്കാന്‍ ഒഴുക്കണ്ട കണ്ണീര്, പിന്നെ എല്ലാര്‍ക്കുന്താ..പപ്പടക്കാരന്‍, പപ്പടക്കാരന്റെ വീട്, പപ്പടത്തിന്റെ വീടിന്‍റെ പൊറകില്, പപ്പടത്തിന്റെ ഭാര്യ, പപ്പടത്തിന്റെ മക്കള്..ആ സാധനണ്ടാക്കാന്‍ ഞങ്ങള് പെടുന്ന പെടാപ്പാടിന്റെ ഒരു ചെറ്യേ തരി പോലും കരുണ, ഇത് രുചിയോടെ കഴിക്കണ ചുറ്റുമുള്ള ആരില്‍ നിന്നും കിട്ടണില്ല..വയറ്റി പെഴപ്പ് കൊണ്ടാ ഈ പണിക്ക് പോണത്.ഇനി ഈ ചെക്കന്‍ ഒരു കര കാണണം. എന്നിട്ട് വേണം ഒന്ന്‍ ജീവിക്കാന്‍.."

            മേല്‍മുണ്ട് കൊണ്ട് കണ്ണീര്‍ തുടച്ച് എന്‍റെ മൗനത്തിന് മുന്നില്‍ നിന്നും അദ്ദേഹം നടന്ന്‍ പോകുമ്പോള്‍ കാഴ്ച മങ്ങിയത് പോലെ. ഒന്നും തിരികെ പറയാന്‍ കഴിഞ്ഞില്ല. "എന്താ ഷാരോണിന്‍റെ അച്ഛന്റെ പേര്? എനിക്ക് ആ സമയത്ത് ചോദിക്കാന്‍ തോന്നില്ലാ..'' ഇടറിയ സ്വരത്തില്‍ അവന്‍റെ മറുപടി വന്നു. "പങ്കജാക്ഷന്‍ ന്നാ സാറെ..പക്ഷെ ആ പേര് ആര്‍ക്കുമറിയില്ല..നാട്ടില്‍ എല്ലാര്‍ക്കും അച്ഛന്‍ പപ്പടാ.."

            തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും ചിന്തയില്‍ ആ പാവം  മനുഷ്യന്‍റെ മുഖവും,വാക്കുകളുമായിരുന്നു.പേര് നഷ്ടമായവര്‍.ആരെല്ലാമോ ചേര്‍ന്ന്‍ അടിച്ചേല്‍പിച്ച കുലത്തൊഴില്‍ നാമം.അതില്‍ നിന്നും ഷാരോണ്‍ ഒരു മോചനം കൊതിക്കുന്നതില്‍ ഒരു തെറ്റുമില്ല.കാരണം സമൂഹം അവനേയും "പപ്പടം'' എന്ന പേരിലേക്ക് ലേബല്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

           അവിടെ ജോലി അവസാനിപ്പിച്ച് വിദേശത്തെക്ക് പോകാനുള്ള തീരുമാനമായപ്പോള്‍, അത് കുട്ടികളേയും അറിയിച്ചു. മുന്നിലിരിക്കുന്ന അവന്‍റെ കണ്ണുകളില്‍ മാത്രം ഒരു വേള വിഷമം നിറഞ്ഞത് പോലെ എനിക്ക് തോന്നി.മറ്റുള്ളവര്‍ക്കെല്ലാം അവരുടെ രണ്ട്‌ വര്‍ഷത്തെ പഠനക്കാലത്ത് മാറി മാറി അധ്യാപക വേഷം കേട്ടുന്നവരില്‍ ഒരാള്‍ മാത്രം. അവസാന ദിവസം എന്നെ കാണാന്‍ വന്ന അവനു നേരെ കൃപാല്‍ സിങ്ങ് എഴുതിയ ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങ് ബുക്ക് നല്‍കിയപ്പോള്‍ അവന്‍ സന്തോഷത്തോടെ ചിരിച്ചു.

          അതില്‍ എന്‍റെ പേര് വെട്ടി അവന്‍റെ പേര് എഴുതി ചേര്‍ത്തിരുന്നു. "ഷാരോണ്‍ പങ്കജാക്ഷന്‍'' നിനക്ക് എല്ലാ വിധ ആശംസകള്‍..കാലം പതിനേഴ് കൊല്ലം മുന്നിലേക്ക് എന്നെ തള്ളി നീക്കിയ ഈ സമയത്ത് അവനെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പാണ്..ഉഴുന്ന് മാവിന്‍റെ ലോകത്ത് നിന്നും അവന്‍ വാഹനങ്ങളുടെ ലോകത്തേക്ക് തീര്‍ച്ചയായും കടന്നിരിക്കും. എവിടെയെങ്കിലും ഒരു പുതിയ ജീവിതം നയിക്കുന്നുണ്ടാകും.
അതെല്ലാം കണ്ട് അവന്‍റെ പേര് നഷ്‌ടമായ മുന്‍ തലമുറ ഏതോ അറിയാത്ത ലോകത്തിരുന്ന്‍ സന്തോഷിക്കുന്നുണ്ടാകാം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ